താമര വിരിഞ്ഞെങ്കിലും തണ്ടൊടിഞ്ഞ് ബി.ജെ.പി
കൊല്ലം: നിയമസഭയില്‍ താമര വിരിഞ്ഞെങ്കിലും സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ വോട്ടുവിവാദം ബി.ജെ.പിയില്‍ കെട്ടടങ്ങുന്നില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ വോട്ട് ചെയ്തതാണ് കൂടുതല്‍ കത്തിപ്പടരുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന് ജൂണ്‍ രണ്ടിനു ചേര്‍ന്ന ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം എടുത്ത തീരുമാനത്തിനു വിരുദ്ധമായാണ് രാജഗോപാല്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചനകള്‍. എം.എല്‍.എ പാര്‍ട്ടി തീരുമാനം ലംഘിച്ചത് പുറത്തുപറയാനുള്ള നാണക്കേടിലാണ് നേതൃത്വം.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശവും ഇക്കാര്യത്തിലുണ്ട്. കേരളത്തില്‍ ആദ്യമായി എം.എല്‍.എ ഉണ്ടായ സാഹചര്യത്തില്‍ അനുഭവക്കുറവുകൊണ്ട് പാര്‍ട്ടി രാജഗോപാലിനു നിര്‍ദേശം നല്‍കിയില്ലെന്നും ഇനി വിപ്പ് നല്‍കുമെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന വിശദീകരണം. എന്നാല്‍ വിപ്പ് നല്‍കിയെന്നും രാജഗോപാല്‍ അത് ലംഘിച്ചുവെന്നുമുള്ള വിവരമാണ് പാര്‍ട്ടി മറച്ചുവയ്ക്കുന്നത്.
കാലങ്ങളായി ബി.ജെ.പി കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു. അത് യാഥാര്‍ഥ്യമായ ശേഷം ആദ്യം ലഭിച്ച അവസരത്തില്‍ രണ്ടുമുന്നണികളോടുമുള്ള രാഷ്ട്രീയവിയോജിപ്പ് പ്രകടിപ്പിച്ച് വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാനായിരുന്നു തീരുമാനം.
പാര്‍ട്ടിക്ക് ലഭിച്ച ആദ്യ അവസരത്തില്‍ത്തന്നെ ശക്തമായ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച് ചരിത്രത്തില്‍ ഇടംനേടാന്‍ ലഭിച്ച അവസരം പാഴാക്കി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് രാജഗോപാലിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളിലുള്ളത്. സ്വതന്ത്ര എം.എല്‍.എ പി.സി ജോര്‍ജ് വോട്ട് അസാധുവാക്കിയപ്പോള്‍ ബി.ജെ.പി എം.എല്‍.എ സി.പി.എം നേതൃത്വത്തിലുള്ള മുന്നണിക്ക് വോട്ടുചെയ്തത് ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."