യു.പി തെരഞ്ഞെടുപ്പ് വരുന്നു, ദാദ്രി തിളപ്പിക്കുന്നു
ആറുമാസത്തിനകം നടക്കാനിരിക്കുന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ദാദ്രിയെ വീണ്ടും കലാപഭൂമിയാക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ക്കു സംഘ്പരിവാര്‍ തുടക്കംകുറിച്ചിരിക്കുകയാണ്. മഥുര ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതു മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതു പശുവിറച്ചിയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്നും അഖ്‌ലാഖിന്റെ കുടുംബത്തിനു നല്‍കിയ എല്ലാ സൗജന്യങ്ങളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അഖ്‌ലാഖിനെ തല്ലിക്കൊന്ന ഒന്നാംപ്രതി വിശാല്‍ റാണയുടെ അച്ഛനും ബി.ജെ.പി പ്രാദേശികനേതാവുമായ സഞ്ജയ് റാണയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുകയാണ്.
ഗൗതംബുദ്ധ് നഗര്‍ ജില്ലാകലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞലംഘിച്ചു ബി.ജെ.പി ഉള്‍ക്കൊള്ളുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മഹാപഞ്ചായത്ത് എന്നപേരില്‍ യോഗംചേര്‍ന്ന് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ തിരിയുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. യു.പി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആസൂത്രിതമായാണു ബി.ജെ.പിയും ശിവസേനയും പശുവിറച്ചിയുമായി വീണ്ടും വന്നിരിക്കുന്നത്. മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നുവെന്ന് ക്ഷേത്രത്തിലെ പൂജാരി വിളിച്ചുപറയുകയും അതുകേട്ട മാത്രയില്‍ ബി.ജെ.പി പ്രാദേശികനേതാവായ സജ്ഞയ് റാണയുടെ മകന്‍ വിശാല്‍റാണയുടെ നേതൃത്വത്തില്‍ അഞ്ഞൂറിലധികം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വളരെപ്പെട്ടെന്ന് അഖ്‌ലാഖിന്റെ വീടുവളയുകയും ഫ്രിഡ്ജിലെ ആട്ടിറച്ചി പുറത്തേയ്ക്കിട്ടു പശുവിറച്ചിയെന്ന് ആക്രോശിച്ചു മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊല്ലുകയായിരുന്നു.
ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതായിരുന്നില്ല. പിതാവിന്റെ മയ്യത്തിനരികില്‍നിന്ന് അഖ്‌ലാഖിന്റെ മകള്‍ കരള്‍നൊന്തുപറഞ്ഞ വാചകം ഇന്നും മനഃസാക്ഷിയുള്ളവരുടെ നെഞ്ചിനുള്ളില്‍ മുഴുങ്ങുന്നുണ്ടാകണം. 'ഞങ്ങള്‍ സൂക്ഷിച്ചിരുന്ന മാംസം ആട്ടിറച്ചിയാണെന്നു തെളിഞ്ഞാല്‍ എന്റെ പിതാവിനെ തിരിച്ചു നല്‍കാനാകുമോ' എന്ന ആ പെണ്‍കുട്ടിയുടെ ചോദ്യം ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. അപ്പോഴാണു പുതിയ വിവാദവുമായി വീണ്ടും സംഘ്പരിവാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ആട്ടിറച്ചിയാണെന്നു തെളിഞ്ഞിരുന്നതിനാല്‍ പ്രതിരോധത്തിലായ ബി.ജെ.പിയും ശിവസേനയും അന്ന് ഉള്‍വലിയുകയായിരുന്നു.
ആട്ടിറച്ചിയാണെന്നു ലാബ് പരിശോധനയില്‍ തെളിഞ്ഞതു മഥുരയിലെ ലാബില്‍ പശുവിറച്ചിയായി മാറിയതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നുവേണം കരുതാന്‍. മുഖ്യമന്ത്രി സ്ഥാനത്ത് അമ്പേ പരാജയമായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശ് എങ്ങിനെയെങ്കിലും ബി.ജെ.പിയുടെ കൈകളിലെത്തിക്കുകയെന്നതാണു സംഘ്പരിവാറിന്റെ ലക്ഷ്യം. അതിനായി ഹീനവും വര്‍ഗീയവുമായ നടപടികളുമായി ബി.ജെ.പി വീണ്ടും ദാദ്രിയെ കലാപകലുഷിതമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പി നേതാക്കളായ വിനയ് കത്യാറും കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും സംഘര്‍ഷം ആളിക്കത്തിക്കാന്‍ ഉതകുംവിധമുള്ള പ്രകോപനപ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതും ഇതിനുവേണ്ടിയാണ്.
2015 നവംബറിലാണു ദാദ്രിയില്‍ നിഷ്ഠൂരസംഭവം അരങ്ങേറിയത്. ബീഹാറിലെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു പശുവിറച്ചിയുടെപേരില്‍ മുഹമ്മദ് അഖ്‌ലാഖിനെ ആര്‍.എസ്.എസുകാരും ബി.ജെ.പിയും തല്ലിക്കൊന്നത്. പക്ഷേ, ആര്‍.എസ്.എസ് കണക്കുകൂട്ടിയതിനപ്പുറമുള്ള മാനമാണു ദാദ്രി രാഷ്ട്രാന്തരീയതലത്തില്‍ ഉണ്ടാക്കിയത്. ഡിജിറ്റല്‍ ഇന്ത്യയല്ല പശുക്കളുടെ പേരില്‍ മനുഷ്യരെക്കൊല്ലുന്ന രാജ്യമാണ് ഇന്ത്യയെന്ന അപ്രഖ്യാതിയാണ് ഇതുവഴി ഉണ്ടായത്.
തുടര്‍ന്നാണ് അന്നു റാഞ്ചിയില്‍ നടന്ന ആര്‍.എസ്.എസ് ദേശീയപ്രവര്‍ത്തകസമിതി ദാദ്രി സംഭവത്തില്‍നിന്നു കൈകഴുകിയത്. 2002 ല്‍ ഗുജറാത്ത് കലാപത്തില്‍നിന്നും അസം കലാപത്തില്‍നിന്നും ഇഷ്ടംപോലെ വോട്ടുകള്‍ സമ്പാദിച്ചു രുചിയറിഞ്ഞ ആര്‍.എസ്.എസ് അതേ തന്ത്രം ദാദ്രിയിലും പ്രയോഗിക്കുകയായിരുന്നു. പക്ഷേ, ആഗോളതലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് ദാദ്രി സംഭവത്തിന്റെ പിതൃത്വത്തില്‍നിന്നു തലയൂരി.
ഇരുണ്ടകാലഘട്ടത്തിലെ ആഫ്രിക്കയിലെ നരഭോജികളോടുപമിച്ചാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ദാദ്രി കൊലപാതകത്തെ വിശേഷിപ്പിച്ചത്. ആര്‍.എസ്.എസിനെ ഇകഴ്ത്താനായി സംഭവത്തിലേയ്ക്കു മനഃപൂര്‍വ്വം വലിച്ചിഴക്കുകയായിരുന്നുവെന്നാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി അന്നു പറഞ്ഞത്. അത് ആത്മാര്‍ത്ഥമായിരുന്നുവെങ്കില്‍ എന്തുകൊണ്ടു ദാദ്രിയുടെ പേരില്‍ രണ്ടാംകലാപത്തിനൊരുങ്ങുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് നേതാവ് തള്ളിപ്പറയുന്നില്ല. ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരേ പ്രത്യയശാസ്ത്ര അസഹിഷ്ണുത കാണിക്കുകയാണു പ്രതിപക്ഷവും ഇടതുപക്ഷവുമെന്നായിരുന്നു അരുണ്‍ ജയ്റ്റലി പറഞ്ഞത്.
ദാദ്രിസംഭവത്തെ അപലപിച്ച് എഴുത്തുകാരും കലാകാരന്മാരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും അവരവരുടെ പുരസ്‌കാരങ്ങള്‍ തിരികെ ഏല്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് അങ്കലാപ്പിലായ കേന്ദ്ര ഭരണകൂടം ഉപായങ്ങളുമായി വന്നത്. ദാദ്രി സംഭവത്തെ തുടര്‍ന്ന് ഇന്ത്യ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അധികകാലം സാമ്പത്തികമായി നിലനില്‍ക്കുകയില്ലെന്ന് അന്താരാഷ്ട്ര സാമ്പത്തികനയ അപഗ്രഥന ഏജന്‍സിയായ മൂഡീസ്, സമാധാന നോബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍(ഈ രാജനെയാണ് പുറത്താക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി പറഞ്ഞുകൊണ്ടിരിക്കുന്നത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയത് മറന്നുപോയിട്ടില്ലെങ്കില്‍ ദാദ്രിയെ വീണ്ടും സംഘര്‍ഷഭരിതമാക്കി വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയുവാന്‍ വിനയ് കത്യാറെപ്പോലുള്ള കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനെ പോലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരോടു പറയുവാന്‍ ബി.ജെ.പി തയ്യാറാകണം. നിസ്സംഗതയിലൂടെ പ്രോത്സാഹിപ്പിക്കാനാണു ഭാവമെങ്കില്‍ ബീഹാറില്‍ പരാജയപ്പെട്ട തന്ത്രം യു.പി തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നതിനു സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."