നൈതികതയുടെ പ്രതീകമായ ഉമറുല്‍ ഫാറൂഖ്
എനിക്കുശേഷം വല്ല പ്രവാചകനും വരുമായിരുന്നുവെങ്കില്‍ അത് ഉമറുല്‍ ഫാറൂഖാകുമായിരുന്നുവെന്ന പരാമര്‍ശം ലോകൈകഗുരുവിന്റെ വായ്തുമ്പില്‍നിന്നുതിരണമെങ്കില്‍ ഉമര്‍(റ) ആരായിരിക്കണം? 'ഖത്വാബിന്റെ പുത്രാ, എന്റെ ശരീരം ആരുടെ കരങ്ങളിലാണോ അവന്‍ തന്നെയാണേ, താങ്കള്‍ ഒരു വഴിയില്‍ പ്രവേശിക്കുന്നതു കണ്ടാല്‍ പിശാച് മറ്റൊരു വഴി തേടിപ്പിടിക്കുമെന്ന തിരുവായ്‌മൊഴിയില്‍ സത്യമുണ്ടെങ്കില്‍ 'ഉമരീപാത' പൈശാചികതയുടെ ലവലേശമംശംപോലും ഏല്‍ക്കാത്തതാണെന്നല്ലേ വിധിക്കേണ്ടത്?
ഉമര്‍(റ) ഫാറൂഖ് (സത്യാസത്യവ്യവച്ഛേദകന്‍) തന്നെയായിരുന്നുവെന്ന് ചരിത്രം ഇന്നും ആണയിട്ടു പറയുന്നു. അസത്യത്തിന്റെ തരിപോലും വച്ചുപൊറുപ്പിക്കാന്‍ കൂട്ടാക്കാത്ത ധീരശൂരന്‍. നുഫൈലിന്റെ മകന്‍ ഖത്വാബിന്റെയും ഹാശിമിന്റെ മകള്‍ ഹന്‍തമയുടെയും ദാമ്പത്യവല്ലരിയില്‍ ക്രി. 583 ലാണ് ചരിത്രം കാത്തിരുന്ന ആ താരോദയം സംഭവിക്കുന്നത്.
ബാല്യംമുതലേ ശ്രദ്ധേയനായിരുന്നു. സാഹസികാഭ്യാസങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം എല്ലാ കലകളിലും മുന്നിട്ടുനിന്നു. അമ്പെയ്ത്ത്, കുതിര സവാരി, മല്‍പിടുത്തം...അങ്ങനെ എല്ലാം. ബാല്യം പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രശസ്തി നാട്ടതിരുകളും ഭേദിച്ചു. 'ഉക്കാദ്'ചന്തയിലെ മത്സരവേദികളിലും ഉമര്‍ ചര്‍ച്ചാവിഷയമായി. അവിടെ ആണ്ടുതോറും നടന്നുവരാറുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ കവച്ചുവയ്ക്കാന്‍ ആരുമുണ്ടായില്ല. അക്ഷരാഭ്യാസമുള്ള അക്കാലത്തെ അംഗുലീപരിമിതര്‍ക്കിടയിലും ഉമറിന്റെ നാമം പ്രസിദ്ധമായിരുന്നു.
ഒരുകാലത്ത് ഇസ്‌ലാമിന്റെ കഠിനവിരോധിയായിരുന്ന ഉമര്‍(റ) പുണ്യപ്രവാചകന്റെ കഴുത്തറുക്കാനായി അശ്വസഞ്ചാരം നടത്തുന്ന സമയത്താണ് വിശുദ്ധ ഖുര്‍ആനിന്റെ മധുരമനോഹരമായ ഏതാനും വചനങ്ങള്‍ കേള്‍ക്കാനിട വരുന്നത്. അതോടെ അദ്ദേഹത്തിന്റെ മനസാകെ മാറിമറിഞ്ഞു. അദ്ദേഹത്തിലെ മുഴുവന്‍ കോപാഗ്നിയെയും ആ ഖുര്‍ആനികവചനങ്ങള്‍ നിശേഷം കെടുത്തിയില്ലാതാക്കി. പിന്നീട് ഇസ്‌ലാമിന്റെ ഏറ്റവും കരുത്തനായ കാവല്‍ഭടനും തിരുമേനിയുടെ ഉറ്റമിത്രവുമായി പരിവര്‍ത്തിതമായ കാഴ്ചയാണ് ലോകത്തിനു കാണാന്‍ കഴിഞ്ഞത്.
ഉമറിന്റെ ഇസ്‌ലാമാശ്ലേഷണം വരെ ഇസ്‌ലാമിക പ്രബോധനം രഹസ്യമായിട്ടായിരുന്നു നടന്നിരുന്നത്. ഉമര്‍ അതിനു മാറ്റം വരുത്തി. ബഹുദൈവവിശ്വസം പരസ്യമാക്കിയിരുന്ന പോലെ സത്യവിശ്വാസവും ഞാന്‍ പരസ്യമാക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു അതിനു തുടക്കമിട്ടത്. അതുമുതല്‍ ഇസ്‌ലാമിക പ്രബോധനം പരസ്യമായിത്തുടങ്ങി. മദീനയിലേക്ക് പലായനം ചെയ്യേണ്ട ഘട്ടം വന്നപ്പോള്‍ പലരും ശത്രുക്കളുടെ കണ്ണുവെട്ടിച്ചു യാത്ര ചെയ്തു. കാരണം, അവര്‍ കണ്ടാല്‍ പ്രശ്‌നമായിരുന്നു. എന്നാല്‍ ഉമര്‍(റ) അവരില്‍നിന്നും വ്യത്യസ്ഥനായി.
അദ്ദേഹം ഹിജ്‌റ പോകുന്ന വേളയില്‍ ശത്രുക്കള്‍ കേള്‍ക്കെ ഇങ്ങനെ പ്രഖ്യാപിച്ചു: ''ഞാനിതാ, മദീനയിലേക്ക് പലായനം ചെയ്യുകയാണ്. മാതാവിന് പുത്രനും ഭാര്യയ്ക്ക് ഭര്‍ത്താവും നഷ്ടപ്പെടുന്നതില്‍ ഭയമില്ലാത്തവനുണ്ടെങ്കില്‍ എന്നെ ഈ താഴ്‌വരയുടെ പിറകില്‍വന്ന് തടഞ്ഞുകൊള്ളട്ടെ.'' ഈ വെല്ലുവിളി സ്വീകരിക്കാന്‍ മാത്രം ത്രാണിയുള്ള ഒറ്റ ആണ്‍കുട്ടിയും അവര്‍ക്കിടയിലുണ്ടായില്ല. ഉമറിനുമുന്‍പില്‍ അവര്‍ എലികളായിരുന്നു; പേടിച്ചരളുന്ന ചുണ്ടെലികള്‍.
മദീനയിലെത്തിയ ഉമര്‍(റ) തിരുനബി(സ്വ)യുടെ ഉറ്റ തോഴനായി നിലകൊണ്ടു. അവിടത്തോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ബദ്‌റില്‍ ശത്രുപക്ഷത്തായിരുന്ന സ്വന്തം ബന്ധുവിനെ പോലും വകവരുത്താന്‍ അദ്ദേഹം ധൃഷ്ടനായി. സത്യത്തിനു മുന്‍പില്‍ രക്തബന്ധവും ഉറ്റബന്ധവുമെല്ലാം അദ്ദേഹത്തിനു പുല്ലായിരുന്നു. പലപ്പോഴും ഉമര്‍(റ)ന്റെ തീരുമാനങ്ങളും അഭിപ്രായങ്ങളും ഇസ്‌ലാമില്‍ നിര്‍ണായകമായി വര്‍ത്തിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ശരിവച്ചുകൊണ്ടു ഖുര്‍ആനില്‍ പല സൂക്തങ്ങളും അവതരിക്കുക വരെ ചെയ്തിട്ടുണ്ട്. ഖുര്‍ആനിലെ 2: 125, 23: 14, 9: 84, 2: 219, 63: 6, 8: 5, 2: 97 തുടങ്ങിയ സൂക്തങ്ങള്‍ അതിനുദാഹരണങ്ങളാണ്.
വിശുദ്ധ ഇസ്‌ലാമില്‍ പലതിനും തുടക്കം കുറച്ച ചരിത്രം കൂടി ഉമര്‍(റ) സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായി കഅ്ബാലയത്തില്‍ വച്ച് പരസ്യനിസ്‌കാരം നിര്‍വഹിച്ചത്, പരസ്യമായി ഹിജ്‌റ പോയത്, അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യമായി ലഭിച്ചത്, ഹിജ്‌റ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്‌ലാമിക കലണ്ടറിന് തുടക്കം കുറിച്ചത്, ഭരണസൗകര്യത്തിനായി സൈനികവകുപ്പ്, നീതിന്യായ വകുപ്പ് തുടങ്ങിയവ നടപ്പാക്കിയത്, തപാല്‍, ഗതാഗത, ജലസേചന സംവിധാനങ്ങളാരംഭിച്ചത് തുടങ്ങി പലതിനും ഉമര്‍(റ) ചുക്കാന്‍ പിടിച്ചിട്ടുണ്ട്.
ചരിത്രത്തില്‍ തുല്യത കാണാത്ത ഭരണമികവാണ് ഉമര്‍(റ) കാഴ്ചവച്ചത്. ഭരണരംഗത്ത് നീതിയുടെ എക്കാലത്തെയും ഉത്തമോദാഹരണമായി ലങ്കിത്തിളങ്ങി ആ മഹാന്‍. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട് വിശന്നുചത്താല്‍ അതിന്റെ പേരില്‍ ഞാന്‍ അല്ലാഹുവിനോട് അന്ത്യനാളില്‍ സമാധാനം പറയേണ്ടി വരുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഭുവനപ്രശസ്തമാണ്. 'രാത്രിയില്‍ ഞാനുറങ്ങിയാല്‍ ഞാനെന്റെ ശരീരത്തെ നഷ്ടപ്പെടുത്തി. പകലുറങ്ങിയാല്‍ ഞാനെന്റെ പ്രജകളെയും നഷ്ടപ്പെടുത്തി. ഇവ രണ്ടിനുമിടയില്‍ എനിക്കെങ്ങനെ ഉറങ്ങാനാകുമെന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്.
''ജനങ്ങളേ ഇന്നെനിക്ക് രോഗം ബാധിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് അല്‍പം തേനിന്റെ ആവശ്യമുണ്ട്. അത് പൊതുഖജനാവിലുണ്ടുതാനും. അതില്‍നിന്നും അല്‍പം ഉപയോഗിക്കുന്നതിനു നിങ്ങളെനിക്ക് സമ്മതം തരികയാണെങ്കില്‍ എനിക്ക് ചികിത്സയ്ക്കുപയോഗിക്കാമായിരുന്നു'' എന്ന് ഒരിക്കല്‍ അദ്ദേഹം തന്റെ പ്രജകളെ വിളിച്ചുവരുത്തി ചോദിച്ചത് ചരിത്രത്തില്‍ ഇന്നും മായാതെ കിടക്കുന്ന ആയിരക്കണക്കിന് നഖചിത്രങ്ങളിലൊന്നുമാത്രം.
പാതിരാനേരത്ത് പ്രസവവേദനകൊണ്ട് പുളയുകയായിരുന്ന പാവം പെണ്ണിന് ആവശ്യമായ പരിചരണങ്ങള്‍ക്കായി തന്റെ പത്‌നിയേയും കൂട്ടി ഓടിച്ചെന്നതും പൊതുഖജനാവിലെ ഒരൊട്ടകം കയറ് പൊട്ടിച്ചോടിയപ്പോള്‍ അതിനെ അന്വേഷിച്ചോടിയതും ഇരവിന്റെ മറവില്‍ വേശപ്രച്ഛന്നനായി പ്രജകളുടെ ക്ഷേമൈശ്വര്യങ്ങളന്വേഷിച്ച് നടന്നതും ലോകം ഇന്നും സാവേശം അനുസ്മരിക്കുകയാണ്.
പത്തുവര്‍ഷവും അഞ്ചുമാസവും ഇരുപത്തിയൊന്നു ദിവസവും ഭരണരംഗത്ത് തിളങ്ങിയ അദ്ദേഹം അബൂലുഅ്‌ലുഅ എന്ന കാപാലികന്റെ ക്രൂരമായ ആയുധപ്രയോഗത്താലാണ് അന്ത്യശ്വാസം വലിച്ചത്. 63 വയസായിരുന്നു അദ്ദേഹത്തിനപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."