നിര്‍ണായക ദിവസത്തില്‍ സമരം
ശക്തമാക്കി സംരക്ഷണ സമിതി
കോഴിക്കോട്: സ്കൂള്‍ അടച്ചുപൂട്ടി ഇന്ന് റിപ്പോര്‍ട്ട് നല്കാന് കോടതി പറഞ്ഞ ദിവസമായതിനാല്‍ ഇന്നലെ സമരസമിതിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. സ്കൂള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളെ ഏതുവിധേനയായാലും ചെറുക്കുക എന്ന ലക്ഷ്യവുമായാണ് ഓരോ പ്രവര്‍ത്തകരും രക്ഷിതാക്കളും രാവിലെ മുതല്‍ സ്കൂള്‍ മുറ്റത്തെത്തിയത്. ഇതിനിടെ ക്ലാസുകളിലേക്ക് വിദ്യാര്‍ഥികളും എത്തി.
സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി വിധിയുടെ സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കൂടുതല്‍ പേര് എത്തിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ എത്തുന്ന എ.ഇ.ഒക്ക് സംരക്ഷണം നല്‍കാനായി വന്‍ പൊലിസ് സംഘവും രാവിലെ മുതല്‍ സ്കൂള്‍ പരിസരത്ത് ക്യാംപ് ചെയ്തിരുന്നു. സ്കൂളിന്റെ പിന്‍വശത്തെ വഴിയിലേക്ക് പൊലിസ് ആരെയും കടത്തിവിടാതെ തടഞ്ഞു.
എ.ഇ.ഒയും സംഘവും രാവിലെ പത്തോടെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. അതുകൊണ്ടുതന്നെ രാവിലെ മുതല്‍ ഉപരോധസമരം കൂടുതല്‍ ശക്തമാക്കിയിരുന്നു. വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി സമരത്തില്‍ പങ്കുചേര്‍ന്നു. ഉച്ചയ്ക്കു ശേഷം എ.ഇ.ഒ എത്തുമെന്ന് അഭ്യൂഹം പരന്നതോടെ കൂടുതല്‍ നാട്ടുകാര്‍ സ്കൂള്‍ പരിസരത്തെത്തി. എന്നാല്‍ വൈകിട്ടും എ.ഇ.ഒയും സംഘവും എത്താത്തതിനാല്‍ ഉപരോധസമരം നടത്തിയ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുകയായിരുന്നു. സമരം ഇന്നും തുടരുമെന്ന് സ്കൂള്‍ സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."