മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍: മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സംരക്ഷണസമിതി
കെ.ഇ.ആര്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്‌കൂളിന്റെ ഭാവി സംബന്ധിച്ച് ഇന്നുചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന കോടതി ഉത്തരവിനെ മറികടക്കാന്‍ മന്ത്രിസഭായോഗം ബദല്‍മാര്‍ഗം ആലോചിക്കും. അടച്ചുപൂട്ടാന്‍ ഹൈക്കോടതിയും ഇതു ശരിവച്ച സുപ്രീംകോടതിയും നല്‍കിയ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സ്‌കൂള്‍ ഏറ്റെടുക്കുക മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പോംവഴി. സ്‌കൂള്‍ സംരക്ഷണസമിതി ഉന്നയിക്കുന്നതും ഇതുതന്നെ.
അതേസമയം, മലാപ്പറമ്പ് സ്‌കൂള്‍ മാത്രം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ മതിയോയെന്ന ചോദ്യവും സര്‍ക്കാരിനെ അലട്ടുന്നുണ്ട്. നിലവില്‍ നാല് സ്‌കൂളുകള്‍ പൂട്ടാന്‍ ഹൈക്കോടതി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം കോഴിക്കോട്ടും ഓരോന്നുവീതം മലപ്പുറം, തൃശൂര്‍ ജില്ലകളിലുമാണ്. ഇതില്‍ തൃശൂര്‍ കിരാലൂരിലെ സ്‌കൂളും കൊണ്ടോട്ടി പുളിക്കല്‍ മങ്ങാട്ട്മുറി സ്‌കൂളും കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. തിരുവണ്ണൂര്‍ പാലാട്ട് സ്‌കൂള്‍ അടച്ചുപൂട്ടാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുട്ടിയ രണ്ട് സ്‌കൂളുകളും വീണ്ടും തുറക്കാനും പൂട്ടാന്‍ അനുമതി നല്‍കിയ രണ്ട് സ്‌കൂളുകളും നിലനിര്‍ത്താനും സര്‍ക്കാരിന് നയപരമായ തീരുമാനം എടുക്കേണ്ടിവരും. നിലവില്‍ കൂടുതല്‍ സ്‌കൂളുകള്‍ പൂട്ടാന്‍ സാധ്യതയുള്ളതിനാല്‍ അതുതടയാനായി നിലവിലെ വിദ്യാഭ്യാസ നിയമത്തില്‍ കാതലായ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കാനും ഇടയുണ്ട്. നിലവിലെ കെ.ഇ.ആര്‍ പ്രകാരം സ്‌കൂള്‍ മാനേജര്‍മാര്‍ക്കുള്ള അമിതാധികാരമാണ് സ്‌കൂള്‍ അടച്ചുപൂട്ടലിന് ഇടയാക്കുന്നതെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഇത് നിയന്ത്രിക്കാന്‍ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദമുണ്ട്. ഇത് മുഖവിലക്കെടുത്ത് ഭേദഗതിക്ക് സര്‍ക്കാരില്‍ തീരുമാനിക്കുകയാണെങ്കില്‍ കെ.ഇ.ആര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്.ശക്തമായ എതിര്‍പ്പുയരാന്‍ സാധ്യതയുള്ള വിഷയമാണ് കെ.ഇ.ആര്‍ പരിഷ്‌കരണം. 14 വയസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകാശ നിയമം ഇന്ത്യയില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസവകാശ നിയമത്തിന് അനുസൃതമായി കെ.ഇ.ആര്‍ പരിഷ്‌കരിക്കുന്ന കാര്യത്തില്‍ കേരളത്തില്‍ വേണ്ടത്ര നടപടികളുണ്ടായിട്ടില്ല. വിദ്യാഭ്യാസ നിയമത്തില്‍ ഇളവ് ആവശ്യപ്പെടാനാണ് മുന്‍സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ലിഡ ജേക്കബ് കമ്മിഷനെ നിയോഗിച്ച് പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു.
എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ കേരളത്തിലെ വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറക്കണമെന്ന ശുപാര്‍ശയെതുടര്‍ന്നാണ് അധ്യാപക പാക്കേജുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നിലവിലെ തസ്തിക നഷ്ടമായ അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ അധ്യാപക വിദ്യാര്‍ഥി അനുപാതത്തിന്റെ പഴുതുകളുപയോഗിച്ച് കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നേടാന്‍ ശ്രമിച്ച മനേജ്‌മെന്റുകള്‍ പാക്കേജിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് കെ.ഇ.ആര്‍ പരിഷ്‌കരണം വേണമെന്ന് ആവശ്യം ശക്തമാകുന്നത്. ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനത്തിനുശേഷം ഭാവി പരിപാടികള്‍ ആലോചിക്കാനാണ് സംരക്ഷണസമിതിയുടെ തീരുമാനം. കോടതി വിധി നടപ്പാക്കാന്‍ എ.ഇ.ഒ സ്‌കൂളിലെത്തിയാല്‍ തടയാനായി ഇന്നലെയും സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സ്‌കൂള്‍ മുറ്റത്ത് തമ്പടിച്ചിരുന്നു. എന്നാല്‍ രാത്രി വൈകുംവരെ എ.ഇ.ഒ സ്ഥലത്തെത്തിയില്ല. കോടതി നിര്‍ദേശിച്ച അവസാന തിയതിയായ ഇന്ന് എ.ഇ.ഒ എത്തിയാല്‍ പ്രതിഷേധിക്കാനാണ് സംരക്ഷണ സമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."