കെ.എസ്.ആര്.ടി.സി അഡീഷണല്‍ സ്റ്റേഷന് മാസ്റ്റര്‍ക്ക് മര്‍ദനം; പൊലിസ് കേസൊതുക്കിയെന്ന് ആക്ഷേപം
ആലുവ : കെ.എസ്.ആര്.ടി.സി അഡീഷണല്‍ സ്റ്റേഷന് മാസ്റ്ററെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആലുവ പൊലിസ് കേസ് ഒതുക്കിത്തീര്‍ത്തതായി ആക്ഷേപം.
കെ.എസ്.ആര്.ടി.സി ആലുവ ഡിപ്പോയിലെ അഡീഷണല്‍ സ്റ്റേഷന് മാസ്റ്ററായ കടുങ്ങല്ലൂര്‍ കാര്‍ത്തിക വീട്ടില്‍ കെ ഷിബു(46)വിനാണ് ഏതാനും ദിവസം മുന്‍പ് മര്‍ദനമേറ്റിരുന്നത്.
കെ.എസ്.ആര്.ടി.സി യൂനിയനുകളുടെ അംഗീകാരത്തിനായുള്ള മത്സര പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു ഷിബുവിന് മര്‍ദനമേറ്റത്. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ഐ.എന്‍.ടി.യു.സി) യൂനിറ്റ് പ്രസിഡന്റ് കൂടിയായ ഷിബുവിനെ ആലുവ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നടന്ന കൊട്ടിക്കലാശത്തിനിടയില്‍ സി.ഐ.ടി.യു.സി നേതാക്കളായ ഡ്രൈവര്‍ പി.സി രാജന്, പി.എ സത്യന്, എം.കെ കാര്ത്തികേയന്, കണ്ടക്ടര്‍ എം.പി അബ്ബാസ്, മെക്കാനിക് കെ.സി സിജു എന്നിവര്‍ ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രചാരണത്തിന്റെ സമയം അവസാനിച്ചുവെന്നാരോപിച്ചാണ് ഷിബുവിനെ മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് ദിവസങ്ങളോളം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിബുവിന്റെ മൊഴി ആലുവ പൊലിസ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കേസെടുക്കുവാന്‍ കഴിയില്ലെന്നും, പ്രശ്നം പറഞ്ഞുതീര്‍ക്കണമെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ മര്‍ദനത്തില്‍ കേസെടുക്കണമെന്ന ആവശ്യം പൊലിസ് തള്ളുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പൊലിസ് കേസ് അട്ടിമറിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
കേസിലെ ഒന്നാം പ്രതിയായ സി.ഐ.ടി.യു.സി നേതാവായ രാജനെതിരെ ഇതിന് മുന്‍പും നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു.
സഹപ്രവര്‍ത്തകരായ ചിലരെ കൈയേറ്റം ചെയ്ത കേസും, കെ.എസ്.ആര്.ടി.സി ജീവനക്കാരായ പി.സി മുരളി, തങ്കപ്പന് എന്നിവരെ ആക്രമിച്ച കേസും, യാത്രക്കാരാനായ ഒരാളെ മര്‍ദിച്ച കേസിലും പ്രതിയാണ്.
അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്ററെ മര്‍ദിച്ച കേസില്‍, കേസെടുക്കാന്‍ തയ്യാറാകാത്ത പൊലിസ് നടപടിയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്, റൂറല്‍ എസ്.പി എന്നിവര്‍ക്ക് ഐ.എന്‍.ടി.യു.സി യൂനിറ്റ് പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആര്.ടി.സി, ഐ.എന്‍.ടി.യു.സി യൂനിയന്‍ ഭാരവാഹികളായ പി.എസ് അബ്ദുല്‍ഖാദര്‍, സെക്രട്ടറി എം.എം ഷാജഹാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."