പനിക്കിടക്കയില്‍ ജില്ല; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു
ആലപ്പുഴ: മഴകനത്തതോടെ ജില്ലയില്‍ വിവിധതരം പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികളില്‍ പകര്‍ച്ച വ്യാധികളുമായെത്തുന്നത് നൂറുകണക്കിന് ആളുകളാണ്.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് സ്ഥിതിഗുരുതരമാക്കിയത്. കാലവര്‍ഷം കനത്തിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പോലും കാര്യമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന കണക്കനുസരിച്ച് ഓരോ ദിവസവും പകര്‍ച്ചപ്പനി പിടിപെട്ടെത്തുന്നവരുടെ എണ്ണം ഏറിവരുകയാണ്. ഇന്നലെ ഒ.പി വിഭാഗത്തില്‍ 427 പേരും ഐ.പിയില്‍ 18 പേരും ചികിത്സതേടി.
ചിക്കന്‍പോക്‌സ് ബാധിച്ച് നാലുപേര്‍ ചികിത്സ തേടിയിട്ടുണ്ട്. ആറാട്ടുപുഴ, കരുവാറ്റ, ചെമ്പുംപുറം, ആലപ്പുഴ മുനിസിപ്പല്‍ ഏരിയാ പ്രദേശങ്ങളില്‍ എലിപ്പനിയെന്ന് സംശയിക്കുന്ന ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതകുളം, ചേര്‍ത്തല സൗത്ത്, അരൂര്‍, പണാവള്ളി, കഞ്ഞിക്കുഴി, പള്ളിപ്പുറം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ ജില്ലയില്‍ വയറിളക്ക രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. ഇന്നലെ 116 പേരാണ് വയറിളക്ക രോഗം പിടിപെട്ട് ചികിത്സയ്‌ക്കെത്തിയത്.
ചിക്കന്‍പോക്‌സ് പിടിപെട്ട് നാലുപേരും എലിപ്പനി പിടിപെട്ട് ആറാട്ടുപുഴ, കരുവാറ്റ, ചെമ്പുംപുറം, ആലപ്പുഴ മുനിസിപ്പല്‍ ഏരിയാ പ്രദേശങ്ങളില്‍ നിന്നായി നാലുപേരും ചികിത്സയ്‌ക്കെത്തി. മുതകുളം, ചേര്‍ത്തല സൗത്ത്, അരൂര്‍, പണാവള്ളി, കഞ്ഞിക്കുഴി, പള്ളിപ്പുറം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി ഓരോ കേസ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയ കണക്കുമാത്രമാണിത്.
പകര്‍ച്ചവ്യാധികളുടെ ബാഹുല്യം കണക്കിലെടുത്ത് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ചേര്‍ത്തല നഗരസഭയിലെ ചക്കരക്കുളം വാര്‍ഡില്‍ ഫോഗിങ്, സ്‌പ്രേയിങ്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നീ മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ചു നടത്തിയ കൊതുകിന്റെ ഉറവിട നശീകരണത്തിന്റെ ഭാഗമായി 3179 ഉറവിടങ്ങള്‍ നശിപ്പിച്ചു. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത 17ാം വാര്‍ഡില്‍ ഫോഗിങ് നടത്തി.
വയറിളക്ക രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കുക
മണ്‍സൂണ്‍ തുടങ്ങിയതിനാല്‍ വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണാന്‍ ഇടയുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാവാനുപയോഗിക്കണം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് പ്രധാനമാണ്. ആഹാരത്തിനുമുമ്പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. ആഹാര സാധനങ്ങള്‍ മൂടി വയ്ക്കുന്ന ശീലം പുലര്‍ത്തണം.
ജല സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തുക, റോഡരികിലും വഴിയോരത്തും വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍,പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക, പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലവിസര്‍ജ്ജനം കക്കൂസില്‍ മാത്രം ചെയ്യുക തുടങ്ങിയവ കൃത്യമായി പാലിക്കണം.
വയറിളക്കരോഗങ്ങള്‍ക്ക് ഓ.ആര്‍.എസ് ലായനി, വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം ഇവ ധാരാളമായി നല്‍കുന്നത് ഉത്തമമായിരിക്കും. വയറിളക്കരോഗങ്ങള്‍ മാരമാകുന്നത് ഒഴിവാക്കുന്നതിന് ആരംഭത്തിലെ ചികില്‍സ തേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."