തൊടുപുഴ നഗരത്തിലെ ഗതാഗത പരിഷ്‌കാരം വിവാദത്തില്‍
തൊടുപുഴ: ഇന്നലെ നിലവില്‍ വന്ന തൊടുപുഴ നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരത്തെച്ചൊല്ലി വിവാദം. അശാസ്ത്രീയ പരിഷ്‌ക്കാരമെന്നാരോപിച്ച് മൂവാറ്റുപുഴ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. തീരുമാനം മാറ്റിയില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരിപ്പാത വഴി മങ്ങാട്ടുകവല ബസ് സ്റ്റാന്റില്‍ കയറി മാര്‍ക്കറ്റ് റോഡ് വഴി പുളിമൂട് ജംഗ്ഷനില്‍ എത്തി കാഞ്ഞിരമറ്റം ബൈപ്പാസ് വഴി മൂപ്പില്‍ക്കടവ് പാലം കടന്ന് കോതായിക്കുന്ന് ബസ് സ്റ്റാന്റില്‍ എത്തണമെന്ന പരിഷ്‌ക്കാരമാണ് യൂണിയനുകള്‍ എതിര്‍ക്കുന്നത്. ഇത് ബസുകളുടെ സമയക്രമം താളം തെറ്റിക്കുമെന്നാണ് വാദം. ഇന്നലെ മൂവാറ്റുപുഴ റൂട്ടിലെ 20 ഓളം സര്‍വീസുകള്‍ സമയക്രമം തെറ്റിയതിനാല്‍ മുടങ്ങിയെന്ന് അവര്‍ പറയുന്നു.
തിരക്കേറിയ മാര്‍ക്കറ്റ് റോഡിലൂടെ ബസ് ഓടിക്കുന്നത് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കും. എറണാകുളം, തൃശൂര്‍ ഭാഗത്തു നിന്നും വരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ തൊടുപുഴ നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഷാപ്പുംപടി കവലയില്‍ ഇറങ്ങേണ്ടിയും വരുന്നു.
മങ്ങാട്ടുകവല ബസ് സറ്റാന്റു വഴി ബസ് പോകുന്നതിന് എതിരല്ലെന്ന യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിമലാലയം സ്‌കൂള്‍ ബൈപാസ്, മൂപ്പില്‍കടവ് പാലം, കോതായിക്കുന്ന ബൈപാസ് വഴി സ്വകാര്യ ബസ് സ്റ്റാന്റിലേക്ക് ബസുകള്‍ ഓടിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. നഗരത്തിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം സിറ്റി സര്‍വീസുകള്‍ ആരംഭിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നതാണ്. ഇത് നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യൂനിയനുകള്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് റോഡ്, അമ്പലം ബൈപാസ് തുടങ്ങിയ ഭാഗങ്ങളിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി വേണം. റവന്യു ടവറിനായി കണ്ടുവെച്ചിരുന്ന ഗാന്ധി സ്‌ക്വയറിന് സമീപത്തെ സ്ഥലം പാര്‍ക്കിംഗ് ഗ്രൗണ്ടാക്കി മാറ്റണമെന്ന കഴിഞ്ഞ വര്‍ഷത്തെ ഗതാഗത ഉപദേശക സമിതി തീരുമാനം അട്ടിമറിച്ചതായും യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു.
സി.ഐ.ടി.യു, ബി.എം.എസ്. കെ.ടി.യു.സി ട്രേഡ് യൂനിയനുകളും സ്വകാര്യ ബസ് ഉടമാ സംഘവുമാണ് ഇന്നത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സി ഐ ടി യു നേതാക്കളായ കെ.എം ബാബു, റോയ് സെബാസറ്റിയന്‍, കെ ടി യു സി നേതാവ് എ.എസ്.ജയന്‍, ബി എം എസ് നേതാക്കളായ എ.പി സഞ്ജു, കെ.ആര്‍ വിജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ട്രാഫിക് പരിഷ്‌കരണം അട്ടിമറിക്കാന്‍ ഗൂഢ നീക്കം
തൊടുപുഴ: തൊടുപുഴ നഗരത്തിന്റെ ശാപമായി മാറിയ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കരണം അട്ടിമറിക്കുന്നതിന് ചില ബസ് തൊഴിലാളി യൂണിയനുകളും ബസ് ഉടമകളും ആസൂത്രിത നീക്കം നടത്തുന്നതായി ആരോപണം.
തിങ്കളാഴ്ച പി.ജെ ജോസഫ് എം.എല്‍,എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ഡി.വൈ.എസ്.പി, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും വ്യാപാരികളുടെയും സാന്നിധ്യത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അട്ടിമറിക്കാനാണ് ഇന്നത്തെ ബസ് പണിമുടക്ക്.
ട്രാഫിക് പരിഷ്‌കരണം അനുസരിച്ച് മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വെങ്ങല്ലൂര്‍ ബൈപ്പാസ് വഴി മങ്ങാട്ടുകവല സ്റ്റാന്റില്‍ എത്തി, തുടര്‍ന്ന് പുളിമൂട് ജംഗ്ഷന്‍ വഴി സ്വകാര്യ ബസ് സ്റ്റാന്റില്‍ എത്തിച്ചേര്‍ന്നത് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകരമായിരുന്നു.
വൈക്കം, പാല തുടങ്ങിയ പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ മങ്ങാട്ടുകവല ബസ് സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ചതും ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന പിടിവാശിയില്‍ ചില ബസ്സുടമകളും ചില തൊഴിലാളി സംഘടനകളും രംഗത്തിറങ്ങിയത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.
അവഗണിക്കപ്പെട്ടുകിടക്കുന്ന മങ്ങാട്ടുകവല ബസ് സ്റ്റാന്റും പരിസരവും ഒരിക്കലും വികസിക്കരുത് എന്ന ചില ഗൂഢ ശക്തികളുടെ നീക്കമാണ് ബസ് പണിമുടക്കിന് പിന്നിലുള്ളതെന്നും ബസ് പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."