ബുള്ളറ്റില്‍ കറങ്ങി നടന്നു മോഷണം; യുവാവ് പിടിയില്‍
ഏറ്റുമാനൂര്‍: ബുള്ളറ്റില്‍ കറങ്ങി നടന്നു മോഷണം നടത്തുന്ന യുവാവിനെ ഇതരസംസ്ഥാന തൊഴിലാളികള്‍ പിടികൂടി പൊലിസിനു കൈമാറി.
ഈരാറ്റുപേട്ട തെക്കേക്കര ചേന്നാട് കരോട്ട്പറമ്പില് മാഹിന്‍ ബിജിലി(19)യെ ഏറ്റുമാനൂര്‍ സിഐ സി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പാറോലിക്കല്‍ കൈതമല ജുമാ മസ്ജിദിനു സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുന്നില്‍ അര്‍ധരാത്രിയില്‍ ബുള്ളറ്റ് നിര്‍ത്തുകയായിരുന്നു.
ഈ കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ക്കായി എത്തിയ 20ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്.
പുലര്‍ച്ചെ കെട്ടിടത്തിനു സമീപം ബൈക്കിന്റെ ശബ്ദം കേട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണര്‍ന്നു പരിശോധന നടത്തിയപ്പോഴാണ് താമസ സ്ഥലത്തു നില്ക്കുന്ന അപരിചിതരായ രണ്ടു പേരെ കണ്ടത്. മോഷ്ടാക്കളാണെന്നു കരുതി ഇവരെ പിടികൂടാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപെട്ടു.
പിടിയിലായ യുവാവിനെ കെട്ടിടത്തിനുള്ളിലെ തൂണില്‍ ഇവര്‍ കെട്ടിയിട്ടു. തുടര്‍ന്നു കെട്ടിടത്തിന്റെ ഉടമയെ ഇവര്‍ വിവരം അറിയിച്ചു. ഇവരാണ് സംഭവം ഏറ്റുമാനൂര്‍ പോലിസ് സ്റ്റേഷനില്‍ അറിയിച്ചത്.
പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഈരാറ്റുപേട്ടയില്‍ നിരവധിക്കേസുകളില്‍ പ്രതിയാണ് ബിജിലിയെന്നു പോലിസ് പറഞ്ഞു. ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു. പാലായിലെ മൊബൈല്‍ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."