വ്യാജ സ്വര്‍ണ തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: ബാംഗ്ലൂരില്‍ മെട്രോ റെയില്‍വേക്ക് വേണ്ടി കുഴിയെടുക്കുമ്പോള്‍ നിധി കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗപൂര്‍ സ്വദേശിയാ കിഷന്‍ഠാക്കൂര്‍(28) എന്നയാളെയാണ് ആലുവയില്‍ നിന്നും കൊടുങ്ങല്ലൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും നാല് കിലോയിലധികം വ്യാജ സ്വര്‍ണ്ണം പിടിച്ചെടുത്തിട്ടുണ്ട്.
ചന്തപ്പുരയില്‍ കട നടത്തുന്ന ചാപ്പാറ സ്വദേശിയായ ഒരു യുവാവില്‍ നിന്നും ഒരു കിലോ വ്യാജ സ്വര്‍ണ്ണം നല്‍കി. രണ്ട് ലക്ഷം രൂപ കബളിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ സുഹൃത്തും കൂട്ടു കച്ചവടക്കാരനുമായ ലക്ഷ്മണന്‍ എന്നയാള്‍ക്കു വേണ്ടി പൊലിസ് തിരച്ചില്‍ നടത്തി വരുന്നു. ഒരു മാസം മുമ്പാണ് പ്രതികളായ ഇവര്‍ ചന്തപ്പുരയിലെ കടയിലെത്തി യുവാവുമായി പരിചയപ്പെടുന്നത്.
പിന്നീട് നിരന്തരമായി ഇവര്‍ കടയിലെത്തി യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. സ്വര്‍ണത്തിന്റെ മൂന്ന് മണികള്‍ പരിശോധനക്കായി ആദ്യം യുവാവിന് നല്‍കിയിരുന്നു.ഇത് ഒറിജിനല്‍ സ്വര്‍ണമാണെന്ന് ഉറപ്പായതോടെയാണ് യുവാവ് ഇവരുടെ കെണിയില്‍ വീണത്. മുത്ത് മണികള്‍ പോലെയുള്ള ഒരു കിലോയോളം വ്യാജ സ്വര്‍ണം യുവാവിന് നല്‍കി സ്ഥലം വിട്ട ഇവരെക്കുറിച്ച് ഒരു വിവരവും പിന്നീടുണ്ടായിട്ടില്ല.
പിറ്റേ ദിവസം തന്നെ ഇവര്‍ നല്‍കിയ സ്വര്‍ണാഭരണത്തിന്റെ നിറം മങ്ങി തുടങ്ങിയതോടെ കബളിക്കപ്പെട്ടതായി യുവാവിന് മനസിലായി പിന്നീട് നിരവധി തവണ ഇവരുമായി ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.
ഇതേതുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്. നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സംശയമുണ്ടെന്ന് പൊലിസ് പറഞ്ഞു. നിധി കിട്ടിയ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഇവര്‍ കൊടുങ്ങല്ലൂരില്‍ തന്നെ പലരെയും സമീപിച്ചതായി വിവരമുണ്ട്. കൊച്ചി മെട്രോയിലെ ജോലിക്കാരെന്ന് പറഞ്ഞാണ് ഇവര്‍ ആലുവയില്‍ താമസിച്ചിരുന്നത്. അറസ്റ്റിലായ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അന്വേഷണ ഉദ്യോഗസ്ഥരായ എസ്.ഐ ബി.രാജഗോപാല്‍, എസ്.ഐ. ഗണേശന്‍, മഹേഷ്, സീനിയര്‍ സി.പി.ഒ.മാരായ സി.കെ.ഷാജു, സിദ്ധാര്‍ത്ഥന്‍, ചഞ്ചല്‍, ജിജിന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."