കരുതക്കാട് ഓവ് ചാലിലേക്ക് കാര്‍ തലകീഴായി മറിഞ്ഞു: മൂന്നംഗ കുടുംബം രക്ഷപ്പെട്ടു
വടക്കാഞ്ചേരി: ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ നിന്ന് ദുരന്തങ്ങള്‍ വിട്ടൊഴിയുന്നില്ല. നിരന്തര അപകട മേഖലയായ സംസ്ഥാന പാതയില്‍ ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയും ശക്തമായി. അപകട തുരുത്തായി മാറിയ കരുതക്കാട് ഇന്നലെ പുലര്‍ച്ചെ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാര്‍ ഓവ് ചാലിലേക്ക് തല കീഴായി മറിഞ്ഞ് കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒന്നര വയസുകാരനടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
കണ്ണൂര്‍ പേരാവൂര്‍ സ്വദേശി നാറാണത്ത് വീട്ടില്‍ കുരിയച്ചന്റെ മകന് ബിജു ജോസഫ് (47), ഭാര്യ ഖദീജ (35), മകന് ആമ്പല്‍ (ഒന്നര) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഒരു മണിക്കൂറോളം കുടുംബം കാറിനുള്ളില്‍ കുടുങ്ങി കിടന്നു. ഖദീജയുടെ കരച്ചില് കേട്ട് ഓടികൂടിയെത്തിയ നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. കട്ടപ്പനയിലേക്ക് പോവുകയായിരുന്നു കുടുംബം. ഓവുചാലിന്റെ സംരക്ഷണ ഭിത്തി ഇടിച്ച് തകര്‍ത്താണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. മഴ പെയ്യാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മഴയത്ത് വെള്ളം വന്‍ തോതില്‍ ഒഴുകുന്ന ചാലിലായിരുന്നു കാര്‍ തകര്‍ന്ന് കിടന്നിരുന്നത്.
കഴിഞ്ഞ ഏപ്രില്‍ 29ന് ഓട്ടോറിക്ഷയും ബൊലേറോ കാറും കൂട്ടിയിടിച്ച് 3 പേര് മരിച്ച സ്ഥലത്തിന് തൊട്ട് സമീപമാണ് ഇന്നലെ പുലര്‍ച്ചെ അപകടം നടന്നത്.
ഏപ്രിലില്‍ അപകടം നടന്നപ്പോള്‍ ഉന്നത പൊലിസ് അധികൃതര്‍ സ്ഥലത്തെത്തുകയും, മേഖല അപകട രഹിതമാക്കാന്‍ നടപടി കൈകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം സംസ്ഥാനപാതയില്‍ മുള്ളൂര്‍ക്കര കമ്പനിപടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മലബാര്‍ എഞ്ചിനീയറിങ് കോളജ് നാലാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥി മുഹമ്മദ് നിയാസ് (22) മരിച്ചിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കുന്നുംകുളം ഡി.വൈ.എസ്.പി
വടക്കാഞ്ചേരി: കരുതക്കാട് കാര്‍ ഓവ് ചാലിലേക്ക് മറിഞ്ഞ് കാറിനുള്ളില്‍ കുടുങ്ങി കിടന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് കുന്നുംകുളം ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ അവസരോചിതമായ ഇടപെടല്‍.
ആവശ്യമായ വെളിച്ചം പോലുമില്ലാതെ ഏറെ സാഹസികമായിട്ടായിരുന്നു രക്ഷാ പ്രവര്‍ത്തനം. നൈറ്റ് പെട്രോളിങ് പൂര്‍ത്തിയാക്കി മടങ്ങവെയാണ് കരുതക്കാട് ഓവ് പാലത്തിന് സമീപം കല്ലുകള്‍ റോഡിലേക്ക് തെറിച്ച് വീണ് കിടക്കുന്നത് കുന്നുംകുളം ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെയും, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അബീഷിന്റെയും, അര്‍ജുനന്റെയും ശ്രദ്ധയില്‍പെടുന്നത്.
വാഹനം നിര്‍ത്തി പരിശോധന നടത്തിയപ്പോള്‍ ഏഴടി താഴ്ചയുള്ള ഓവു ചാലിലേക്ക് കാര്‍ തലകീഴായി മറിഞ്ഞ് കിടക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത് വാഹനങ്ങളുടെ ബോഡി ബില്‍ഡിങ് വര്‍ക്ക് ഷോപ്പ് ആണെന്നതിനാല്‍ കാര്‍ മറിഞ്ഞ് കിടക്കുന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടതുമില്ല.
പൊലിസ് സംഘം എത്തുമ്പോള്‍ കാറില്‍ നിന്ന് ജീവന് വേണ്ടി കേണപേക്ഷിക്കുന്നവരുടെ വേദനയോടു കൂടിയുള്ള ഞെരങ്ങലും, കരിച്ചിലും കേട്ടു. ഇതോടെയാണ് വാഹനത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് പൊലിസിന് മനസിലായത്. ഇതോടെ സ്വന്തം ജീവന് പണയംവെച്ചും കാര്‍ കിടക്കുന്ന ഓവുചാലിലേക്ക് ഉദ്യോഗസ്ഥര്‍ എടുത്ത് ചാടി ലോക്ക് ചെയ്തിരുന്ന ഡോര്‍ കല്ല് ഉപയോഗിച്ച് കുത്തി പൊളിക്കുകയായിരുന്നു. ഒന്നര വയസുള്ള ആമ്പലിനേയും, പിതാവ് ബിജു ജോസഫിനേയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്. ബിജു ജോസഫിന്റെ ഭാര്യ ഖദീജ മുന്‍ വശത്തെ സീറ്റില്‍ ശരീരം ഞെരുങ്ങിയമര്‍ന്ന് കാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു.
അതുകൊണ്ടു തന്നെ ഇവരെ പുറത്തെടുക്കാന്‍ ഏറെ പാടുപെടേണ്ടിയും വന്നു. സീറ്റു പൊളിച്ച് കമ്പികള്‍ വളച്ചാണ് ഖദീജയെ പുറത്തെടുത്തത്. തുടര്‍ന്ന് വടക്കാഞ്ചേരി എസ്.ഐ കൃഷ്ണന് പോറ്റിയുടെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരുടെ സഹായം ശരിയായ രീതിയില്‍ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."