ഏറ്റവും പ്രായമേറിയ ചെടിയുടെ വേരിന്റെ ഫോസില്‍
മൂന്നു മാസം മുമ്പാണ് ലോകത്തേറ്റവും പ്രായമേറിയ പൂവിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഇതേ മേഖലയില്‍ പുതിയൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും പഴക്കമേറിയ ചെടിയുടെ വേരിലെ കോശങ്ങളാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
320 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്. ഫോസില്‍ ഗവേഷണത്തിനുമപ്പുറം ലോകത്ത് വേരുകള്‍ ജന്മ മെടുത്തത് എങ്ങനെയെന്ന അന്വേഷണത്തിലേക്കുള്ള ഒരു വാതില്‍ കൂടിയാണ് ഇതു വഴി തുറന്നിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായ അലക്‌സാണ്ടര്‍ ഹെതറിങ്ടണാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍.
'എന്റെ ഗവേഷണചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രായമേറിയ ഒരു സസ്യഫോസില്‍ കണ്ടെത്താനായതെന്ന്' ഹെതറിങ്ടണ്‍ പറയുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെ വേരുകള്‍ ജന്മമെടുത്തു എന്നതിന് ഉത്തരം നല്‍കാന്‍ ഇതിനൊരുപക്ഷേ സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കണ്ടുപിടിത്തത്തിന്റെ മറ്റൊരു സവിശേഷതയെന്നത് ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന സസ്യങ്ങളുടെ കോശങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് പുതുതായി കണ്ടെത്തിയ പൗരാണിക കോശം എന്നതാണ്.
ഇതിലെ കോശവിഭജനവും മറ്റു സസ്യങ്ങളുടേതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഭൂമിയില്‍ സസ്യങ്ങള്‍ ജന്മമെടുത്തത് എങ്ങനെയെന്നും അതിന്റെ വളര്‍ച്ച എങ്ങനെയായിരുന്നുവെന്നും അറിയാനുള്ള ഒരു വഴി ഇതുവഴി തുറന്നു കിട്ടുമെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ പ്രതീക്ഷയെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രൊഫസറായ ലിയാം ഡോളന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."