യു.ഡി.എഫ് ചെയര്‍മാനായി തുടരാന്‍ സമ്മര്‍ദം; വഴങ്ങാതെ ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടിക്കുമേല്‍ കനത്ത സമ്മര്‍ദം. ഉമ്മന്‍ചാണ്ടി തന്നെ ചെയര്‍മാന്‍സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഘടകകക്ഷി നേതാക്കളും ഏകകണ്ഠമായി ആവശ്യപ്പെട്ടു. യു.ഡി.എഫ് യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഉമ്മന്‍ചാണ്ടി ചെയര്‍മാനായി തുടരണമെന്നു നിര്‍ദേശിച്ചത്. മറ്റു കക്ഷിനേതാക്കളും ഇതിനെ പിന്തുണച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കാനില്ലെന്നു തീരുമാനമെടുത്തിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ നേതൃപദവികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. മാത്രമല്ല പ്രതിപക്ഷനേതാവ് തന്നെ മുന്നണി ചെയര്‍മാനാകുന്നതാണ് യു.ഡി.എഫിലെ കീഴ്‌വഴക്കം. അതനുസരിച്ചു രമേശ് ചെന്നിത്തല തന്നെ ചെയര്‍മാനാകട്ടെ എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് യോഗത്തില്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ നേതൃപദവികളില്‍ നിന്നും ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുനിന്നാല്‍ സുധീരനും സമ്മര്‍ദത്തിലാകുമെന്നു എ വിഭാഗം കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ സര്‍ക്കാരിനു നേതൃത്വംനല്‍കുന്ന ഉമ്മന്‍ചാണ്ടിക്കെന്നപോലെ പാര്‍ട്ടിക്കു നേതൃത്വം നല്‍കിയ സുധീരനും പങ്കുണ്ടെന്നു കെ.പി.സി.സി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതൃപദവി ഐ ഗ്രൂപ്പിലേക്കു പോയതോടെ ഗ്രൂപ്പ് സമവാക്യം പാലിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിന് ആവശ്യമുന്നയിക്കാന്‍ കൂടി വേണ്ടിയാണ് ഉമ്മന്‍ചാണ്ടി പദവിയില്‍ നിന്നൊഴിഞ്ഞുനില്‍ക്കുന്നതെന്ന വിലയിരുത്തലുണ്ട്.
ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്നാണ് യു.ഡി.എഫ് യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തല അറിയിച്ചു. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിക്കുകയായിരുന്നു. എ.ഐ.സി.സിയുടെ നിര്‍ദ്ദേശം വന്നശേഷമാകും ഇനി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയുടെ കര്‍ശന നിര്‍ദ്ദേശം വന്നാല്‍ ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."