ഭരണമികവിന്റെ പ്രകാശം പരത്തിയ ഖലീഫ
പ്രവാചകപുത്രി ഉമ്മുകുല്‍സു(റ)യുടെ വിവാഹം കഴിഞ്ഞപ്പോള്‍ ബീവി ആഇശ(റ) മഹതിയോട് പറഞ്ഞ ഒരു വാക്ക് താരീഖുല്‍ ഖുലഫാഇല്‍ ഇമാം സുയൂത്വി ഉദ്ധരിച്ചിട്ടുണ്ട്. ആ വാക്ക് ഇതായിരുന്നു: ''ജനങ്ങള്‍ക്കിടയില്‍വച്ച് നിന്റെ പിതാവ് മുഹമ്മദ് നബിയോടും പിതാമഹന്‍ ഇബ്‌റാഹീം നബിയോടും ഏറ്റവും സദൃശ്യനായ ആളാണല്ലോ നിന്റെ ഭര്‍ത്താവ്..'' ലൂത്വ് നബിക്കുശേഷം കുടുംബസമേതം അല്ലാഹുവിലേക്കു ഹിജ്‌റ ചെയ്ത പ്രഥമ വ്യക്തി ആ ഭര്‍ത്താവാണത്രേ. ആദം നബി(അ) മുതല്‍ അന്ത്യനാള്‍വരെ ലോകത്തൊരു നബിയും തന്റെ രണ്ടു പുത്രിമാരെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്ത മറ്റൊരു ചരിത്രമില്ല.
അങ്ങനെയൊരു ചരിത്രം ഇരട്ടപ്രകാശത്തിനുടമ(ദുന്നൂറൈന്‍)യായ ഉസ്മാന്‍ ബിന്‍ അഫാന്‍(റ) എന്നവര്‍ക്കു മാത്രം സ്വന്തമാണ്. എനിക്ക് മൂന്നാമതൊരു പുത്രികൂടിയുണ്ടായിരുന്നെങ്കില്‍ അതും ഞാന്‍ ഉസ്മാനിന് വിവാഹം ചെയ്തുകൊടുക്കുമായിരുന്നുവെന്നാണ് പുണ്യപ്രവാചകന്റെ പ്രസ്താവന. രണ്ടു പുത്രിമാരെയും(ആദ്യം റുഖിയ്യയെയും പിന്നെ ഉമ്മു കുല്‍സുമിനെയും) അവിടുന്ന് വിവാഹം ചെയ്തുകൊടുത്തത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്റെ നിര്‍ദേശാനുസരണമായിരുന്നുവെന്ന കാര്യം കൂടി ഇതിനോടു കൂട്ടിവായിക്കേണ്ടതുണ്ട്.
തിരുനബി(സ്വ)യെ പ്രതിനിധീകരിച്ചുകൊണ്ട് ഇസ്‌ലാമികലോകത്തെ നിയന്ത്രിച്ച മൂന്നാമത്തെ ഉന്നതാധികാരിയാണ് ഹസ്‌റത്ത് ഉസ്മാന്‍(റ). തിരുനബിയുടെ ജനനം കഴിഞ്ഞ് ആറുവര്‍ഷം പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് അഫാന്‍ ബിന്‍ അബില്‍ ആസ്വ്. മാതാവ് അര്‍വ ബിന്‍ത് കുറൈസ്. ജനിക്കുന്നത് ത്വാഇഫില്‍. അബൂ അംറ് എന്നായിരുന്നു ആദ്യകാല ഓമനപ്പേരെങ്കിലും പത്‌നി റുഖിയ്യയില്‍ അബ്ദുല്ല എന്ന പുത്രനുണ്ടായപ്പോള്‍ അബൂഅബ്ദില്ലാഹ് എന്നായി മാറി.
ഇസ്‌ലാം ആശ്ലേഷകരിലെ നാലാമനെന്ന സ്ഥാനം അലങ്കരിക്കുന്നത് ഉസ്മാന്‍ തങ്ങളാണ്. സിദ്ദീഖുല്‍ അക്ബര്‍(റ)ന്റെ ക്ഷണപ്രകാരമായിരുന്നു ഇസ്‌ലാമിലേക്കുള്ള വരവ്. മുസ്‌ലിമായപ്പോള്‍ പിതൃസഹോദരന്‍ ഹകം ബിന്‍ അബീ ആസ്വ് ശക്തമായി എതിര്‍ക്കുകയും ബന്ധനസ്ഥനാക്കുകയും ചെയ്തു. പക്ഷേ, മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ അദ്ദേഹം നിലകൊണ്ടപ്പോള്‍ ഹകമിന് പിടി അഴിക്കേണ്ടി വന്നു. ബന്ധനത്തില്‍നിന്ന് അദ്ദേഹത്തെ മോചിതനാക്കി പാട്ടിനുവിട്ടു.
ഇസ്‌ലാമിനുവേണ്ടി രണ്ടുതവണ ഹിജ്‌റ ചെയ്തിട്ടുണ്ട് ഉസ്മാന്‍(റ). ആദ്യം അബ്‌സീനിയയിലേക്കും പിന്നെ മദീനയിലേക്കും. ബദ്ര്‍ ഒഴിച്ചുള്ള മുഴുവന്‍ യുദ്ധങ്ങളിലും തിരുനബി(സ്വ)യ്‌ക്കൊപ്പം പങ്കുകൊള്ളാനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. ബദ്ര്‍ നടക്കുന്ന സമയത്ത് പത്‌നി റുഖിയ്യ രോഗശയ്യയിലായിരുന്നു. അവരെ പരിചരിക്കേണ്ട ചുമതലയുണ്ടായിരുന്നതിനാല്‍ ബദ്‌റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ബദ്‌റില്‍ പങ്കെടുത്ത ഫലത്തിലാണ് അദ്ദേഹമുള്ളത്. യുദ്ധമുതലില്‍നിന്ന് ഒരു വിഹിതം അദ്ദേഹത്തിനും നബി(സ്വ) നല്‍കിയിട്ടുണ്ട്.
ശാന്തനും സുമുഖനും കുലീനനും സുധീരനും സമ്പന്നനുമായ വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു ഉസ്മാന്‍(റ). അദ്ദേഹത്തിന്റെ ലജ്ജാശീലം സുപ്രസിദ്ധമാണ്. ആ ലജ്ജ കണ്ട് മലക്കുകള്‍ പോലും നാണിക്കുന്നുവെന്ന് ഒരിക്കല്‍ പ്രവാചകതിരുമേനി(റ) അരുള്‍ ചെയ്തിട്ടുണ്ട്. ഹജ്ജ്-ഉംറ സംബന്ധിയായ അറിവില്‍ അഗ്രഗണ്യന്‍കൂടിയായിരുന്നു അദ്ദേഹം.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പലഘട്ടങ്ങളിലും മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തിന്റെ സാമ്പത്തിക സഹായങ്ങള്‍ നിര്‍ണായകമായി വര്‍ത്തിച്ചിട്ടുണ്ട്. തബൂക് യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ നടക്കുന്ന സന്ദര്‍ഭം. നബി(സ്വ) മിമ്പറില്‍ കയറി യുദ്ധഫണ്ടിലേക്ക് സഹായങ്ങളാവശ്യപ്പെട്ടപ്പോള്‍ ഉസ്മാന്‍(റ) എഴുന്നേറ്റുനിന്ന് നൂറു ഒട്ടകങ്ങള്‍ വാഗ്ദാനം ചെയ്തു. രണ്ടാമതും ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതും നൂറ് ഒട്ടകങ്ങള്‍ വാഗ്ദാനം ചെയ്തു. മൂന്നാമതും ആവശ്യപ്പെട്ടപ്പോള്‍ മൂന്നാമതും നൂറ് ഒട്ടകങ്ങള്‍ നല്‍കാമെന്നു പറഞ്ഞു. അങ്ങനെ തബൂക്കിലേക്കു മാത്രം അദ്ദേഹത്തിന്റെ വകയായി മുന്നൂറ് ഒട്ടകങ്ങളും അതിനോടനുബന്ധമായ സാധനസാമഗ്രികളും! ഹസ്‌റത്ത് ഉമര്‍(റ)നു ശേഷം ഭരണച്ചെങ്കോലേന്തിയ ഉസ്മാന്‍(റ) പല നേട്ടങ്ങളും ഇസ്‌ലാമിക ലോകത്തിനുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പേര്‍ഷ്യ, സൈപ്രസ്, അര്‍മീനിയ, ഖുറാസാന്‍, കര്‍മാന്‍, സിജിസ്ഥാന്‍, ട്രിപ്പോളിയില്‍ നിന്നുതുടങ്ങി ഡാഞ്ചര്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമിന്റെ വരുതിയില്‍ വരുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. നാവികസേനയുടെ രൂപീകരണവും അക്കാലത്താണു നടന്നത്. അറുന്നൂറ് യുദ്ധക്കപ്പലുമായി വന്ന റോമന്‍ സേനയെ ഇരുന്നൂറ് കപ്പലുകള്‍ മാത്രമുണ്ടായിരുന്ന മുസ്‌ലിംപട ധീരധീരം നേരിട്ട് പരാജയപ്പെടുത്തിയായിരുന്നു അതിനു തുടക്കം കുറിച്ചിരുന്നത്.
അബൂബക്കര്‍(റ) സമാഹരിച്ച വിശുദ്ധ ഖുര്‍ആന്‍ കോപ്പിക്കളാക്കി ലോകത്തിന്റെ പല ഭാഗത്തേക്കയച്ചതും അതുവരെയില്ലാതിരുന്ന ജുമുഅയുടെ രണ്ടാം ബാങ്കിന് തുടക്കംകുറിച്ചതും ശമ്പളം നല്‍കി മുഅദ്ദിനുകളെ നിശ്ചയിച്ചതും ഉസ്മാന്‍(റ)ആണ്. മസ്ജിദുന്നബവി പുനര്‍നിര്‍മിച്ചതും റോഡുകളും പാലങ്ങളുമുണ്ടാക്കി ഗതാഗതസൗകര്യങ്ങളേര്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ ഭരണകാലത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രം.
പന്ത്രണ്ടു വര്‍ഷക്കാലം ഉസ്മാന്‍(റ) ഭരണരംഗത്ത് ലങ്കിത്തിളങ്ങി. പക്ഷേ, ഭരണത്തിന്റെ അവസാനകാലങ്ങള്‍ കലാപകലുഷിതമായിരുന്നു. അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്റെ വിധ്വംസകപ്രവര്‍ത്തനങ്ങളുടെ ഫലമായി മഹാനവര്‍കള്‍ വീട്ടുതടങ്കലില്‍പ്പെട്ടു. ഹിജ്‌റ 35 ദുല്‍ഹിജ്ജ 18ന് വെള്ളിയാഴ്ച നോമ്പുനോറ്റ് ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെ കാപാലികരായ കലാപകാരികള്‍ അദ്ദേഹത്തിന്റെ വസതിയിലേക്കിരച്ചുകയറുകയും ക്രൂരമായി വധിക്കുകയും ചെയ്തു. വധിക്കപ്പെടുമ്പോള്‍ 82 വയസുണ്ടായിരുന്നു അദ്ദേഹത്തിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."