വാഹന കുടിശ്ശിക ഒന്നരക്കോടി; ഗോത്ര സാരഥി പദ്ധതി അനിശ്ചിതത്വത്തില്‍
മാനന്തവാടി: പൊതുവെ വാഹന സൗകര്യ കുറവുള്ളതും വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നതുമായി സ്ഥലങ്ങളിലെ ആദിവാസി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുന്നതിനായി പട്ടിക വര്‍ഗ വകുപ്പ് നടപ്പിലാക്കിയ ഗോത്ര സാരഥി പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം വാഹന വാടക ഇനത്തില്‍ ജില്ലയില്‍ നല്‍കാനുള്ളത് 1 കോടി 59 ലക്ഷം രൂപ. വാടക നല്‍കാന്‍ നടപടികളില്ലാത്തതിനാല്‍ തന്നെ പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
2013-14 വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. വാഹന സൗകര്യമില്ലാത്തതിനാല്‍ സ്‌കൂളിലെത്താതെ പോകുന്ന ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുക എന്നതായിരുന്നു പദ്ധതികൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിരുന്നത്. സ്‌കൂളിലെ പി.ടി.എ, അധ്യാപകര്‍ എന്നിവരങ്ങിയ കമ്മിറ്റി ഗവ. നിശ്ചയിച്ച പ്രകാരം വാടക കണക്കാക്കി ക്വട്ടേഷന്‍ ക്ഷണിച്ചാണ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാനന്തവാടി താലൂക്കാണ് ഏറ്റവും കൂടുതല്‍ തുക കുടിശ്ശികയായിരിക്കുന്നത്. 48 സ്‌കൂളിലായി താലൂക്കില്‍ 70 ലക്ഷത്തോളം രൂപയാണ് വാടക ഇനത്തില്‍ നല്‍കാനുള്ളത്. ബത്തേരി താലൂക്കില്‍ 50 സ്‌കൂളുകള്‍ക്കായി 40 ലക്ഷം രൂപയും വൈത്തിരി താലൂക്കില്‍ 42 സ്‌കൂളുകള്‍ക്കായി 49 ലക്ഷം രൂപയുമാണ് വാഹന വാടക കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. വ്യക്തമായ മാനദ്ണ്ഡങ്ങളില്ലാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പിലാക്കിയതോടെ വാടക ഇനത്തില്‍ വന്‍ തുക വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും പറയപ്പെടുന്നു.
വിദ്യാര്‍ഥികളുടെ പഠനം നഷ്ടമാകാതിരിക്കാനായി അധ്യാപകരും പി.ടി.എയും സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ് ഇപ്പോള്‍ വാഹന വാടക നല്‍കുന്നത്. പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറേറ്റിന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഈ അധ്യായന വര്‍ഷത്തേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കാട്ടുനായ്ക്ക വിഭാഗങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍, വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ കോളനികളിലെ വിദ്യാര്‍ഥികള്‍, പൊതുവായി വാഹന സൗകര്യം ഇല്ലാത്ത സ്ഥലങ്ങള്‍, ട്രൈബല്‍ സ്‌കൂള്‍, ഗവ. സ്‌കൂള്‍ എന്നിവക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ അധ്യായന വര്‍ഷത്തെ കുടിശ്ശിക തുക അടിയന്തിരമായി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. പട്ടിക വര്‍ഗ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംഭവം ശ്രദ്ധയില്‍പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."