പട്ടിക്കാട് സ്‌കൂളിലെ സുഹൃത്തുക്കളും ആദ്യ നോമ്പുതുറയും
റമദാന്‍ മാസത്തെ കുറിച്ചു പറയുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നത് പട്ടിക്കാട് എല്‍.പി സ്‌കൂളിലെ പഠനകാലമാണ്. സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും മുസ്‌ലിംകളായിരുന്നു. സുലൈമാന്‍, ആസിഫ്, അലി.. ഇങ്ങനെ നീണ്ടു പോകുന്നു ആ പേരുകള്‍. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പലദിവസങ്ങളിലും ഉച്ചഭക്ഷണം ഉപേക്ഷിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നു തൂക്കുപാത്രത്തില്‍ ഭക്ഷണം കൊണ്ടുവരുമെങ്കിലും ഭക്ഷണം കഴിക്കില്ല. അസഹനീയമായ വിശപ്പ് അനുഭവപ്പെടുമെങ്കിലും കൂട്ടുകാര്‍ ദിവസം മുഴുവനും ഒന്നും കഴിക്കുന്നില്ലല്ലോ എന്നാലോചിക്കുമ്പോള്‍ കഴിക്കാന്‍ തോന്നില്ല.
കൂട്ടുകാരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഹൈസ്‌കൂള്‍ പഠനകാലത്ത് ഏഴു നോമ്പു വരെ നോറ്റിട്ടുണ്ട്. കൂട്ടുകാരുടെ വീട്ടില്‍ നോമ്പുതുറക്ക് പോയതും മറക്കാനാവാത്ത അനുഭവമാണ്. അലി എന്ന സുഹൃത്തിന്റെ വീട്ടിലാണ് ജീവിതത്തില്‍ ആദ്യമായി നോമ്പുതുറക്ക് പോയത്. പിന്നീട് പൊതുപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും സജീവമായപ്പോള്‍ ധാരാളം ഇഫ്താറുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യത്തെ നോമ്പുതുറ ഇന്നും ഓര്‍മയിലുണ്ട്. ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു അലി. കൂട്ടുകാര്‍ക്കായി വിഭവസമൃദ്ധമായ നോമ്പുതുറയാണ് അലി ഒരുക്കിയത്. ഇങ്ങനെയൊരു നോമ്പുതുറ ഒരുക്കാനുള്ള പണമൊന്നും അലിക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അയല്‍ വീടുകളില്‍ നിന്നും സംഘടിപ്പിച്ചതായിരുന്നു തീന്‍മേശയിലെ വിഭവങ്ങളെല്ലാം. ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോള്‍ സ്വന്തമായി നോമ്പുതുറ ഒരുക്കുവാന്‍ കഴിയാത്തതിലുള്ള സങ്കടം അലി ഞങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.
പിന്നീട് പല ഉന്നതരും സംഘടിപ്പിച്ച ഇഫ്താറുകളില്‍ പങ്കെടുത്തപ്പോഴെല്ലാം അലിയുടെ വീട്ടിലെ നോമ്പുതുറ മനസില്‍ ഓടിയെത്തും. നോമ്പുകാലമായാല്‍ മുസ്‌ലിം സുഹൃത്തുക്കളും അയല്‍വാസികളും വിഭവങ്ങളുമായി വീട്ടില്‍ വരും. കാലം മാറിയതിനനുസരിച്ച് നോമ്പുതുറയും വിഭവങ്ങളും മാറിയിട്ടുണ്ട്. വീട്ടില്‍ നിന്നും നോമ്പുതുറക്കുന്ന പതിവാണ് ആദ്യമുണ്ടായിരുന്നതെങ്കില്‍ ഇന്നതിലെല്ലാം മാറ്റം വന്നു. ഇന്ന് സമൃദ്ധമായ ഇഫ്താര്‍ വിരുന്നുകളാണ് എല്ലായിടത്തും. പലപ്പോഴും ക്ഷണിക്കപ്പെട്ട എല്ലാ ഇഫ്താറുകളിലും പങ്കെടുക്കാന്‍ പോലും സമയം കിട്ടാറില്ല. തിരുവനന്തപുരത്ത് കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും മന്ത്രിയായിരുന്ന കാലത്തു സംഘടിപ്പിച്ച ഇഫ്താറുകളിലും മുസ്‌ലിം സംഘടനകളുടെ ഇഫ്താര്‍ വിരുന്നുകളിലും പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."