മാനന്തവാടി പോളിയില്‍ ഇത്തവണ പ്രവേശനം നല്‍കും
മാനന്തവാടി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് മാനന്തവാടി പോളിടെക്‌നിക്കിലേക്ക് ഈ വര്‍ഷം തന്നെ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ജില്ലയില്‍ പോളിടെക്‌നിക് ഇല്ലാത്ത നിയോജക മണ്ഡലം എന്ന പരിഗണനയില്‍ 2013-14 വര്‍ഷം പോളിടെക്‌നിക് അനുവദിക്കുകയും 2016 ഏപ്രില്‍ 30ന് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ ആറിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രവേശന പ്രോസ്‌പെക്ടസില്‍ മാനന്തവാടി പോളിടെക്‌നികിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിഞ്ഞില്ലങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകാരം നഷ്ടപെടുമെന്നത് ആശങ്കക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളുവും പോളിടെക്‌നിക് ജനകീയ വികസന സമിതിയും നടത്തിയ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചയോടെ വിദ്യാഭ്യാസ വകുപ്പ് നോട്ടിഫിക്കേഷന്‍ ലിസ്റ്റില്‍ മാനന്തവാടിയെ കൂടി ഉള്‍പ്പെടുത്തി ലിസ്റ്റ് പുറത്തിറക്കിയത്. മഞ്ചേരിയെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എന്നീ മൂന്ന് ഡിപ്ലോമാ കോഴ്‌സുകളിലേക്കായി 180 വിദ്യാര്‍ഥികള്‍ക്ക് ഇതോടെ പ്രവേശനം ലഭിക്കും.
ഓരോ കോഴ്‌സുകളിലേക്കും 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ദ്വാരകയിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് ചേര്‍ന്ന കെട്ടിടത്തിലായിരിക്കും താല്‍ക്കാലികമായി കോളജ് പ്രവര്‍ത്തനം ആരംഭിക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ പോളിടെക്‌നിക്കിനായി സ്വന്തം കെട്ടിടം നിര്‍മ്മിക്കും. ആവശ്യമായ അധ്യാപകരെ താല്‍ക്കാലികമായും മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വര്‍ക്കിങ് അറേജ്‌മെന്റിലും നിയമിക്കും. മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് പ്രിന്‍സിപ്പാളിനെയാണ് താല്‍ക്കാലിക ചുമതല നല്‍കി സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചിട്ടുള്ളത്. ഈ മാസം 15നാണ് സംസ്ഥാനത്തെ പോളിടെക്‌നിക്കുകളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയുള്ള പ്രവേശനത്തിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."