വീടില്ലാതെ മഴയില്‍ ദുരിതം പേറുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും
കല്‍പ്പറ്റ: മഴക്കാലത്ത് വീടില്ലാത്തതിനാല്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന ആദിവാസി കോളനികളിലെ കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി പട്ടിക തയറാക്കി സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരോട് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറും ആവശ്യപ്പെട്ടു.
വിവിധ പദ്ധതികള്‍ക്ക് കീഴില്‍ നിര്‍മിക്കുന്ന ആദിവാസി വീടുകളുടെ നിര്‍മാണ പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ആദിവാസി വീടുകളുടെ ചോര്‍ച്ച തടയാന്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി തേടും. ഓരോ പഞ്ചായത്തിലും വിവിധ പദ്ധതികള്‍ക്ക് കീഴില്‍ പണി തുടങ്ങി പൂര്‍ത്തിയാവാതെ കിടക്കുന്ന വീടുകളുടെ കണക്കെടുത്ത് ജൂണ്‍ 15നകം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. ഇവ പൂര്‍ത്തിയാക്കി ജില്ലയിലെ എല്ലാ ആദിവാസികള്‍ക്കും വീട് നിര്‍മിക്കാനുള്ള പ്രത്യേക പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ജില്ലയിലെ നാലായിരത്തോളം ആദിവാസി വീടുകള്‍ പണി പൂര്‍ത്തിയാവാതെ കിടക്കുന്നുവെന്നാണ് കണക്ക്. പണി പൂര്‍ത്തിയാവാത്ത ആദിവാസി വീടുകളുടെ ബിനാമി കരാറുകാര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്ത് നിയമനടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോര്‍പസ് ഫണ്ട് ലഭ്യമാക്കി പൂര്‍ത്തിയാവാത്ത വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കു കീഴില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്ക് എങ്ങനെയാണ് പഠിക്കാന്‍ കഴിയുക.
ആദിവാസി വീടുകളുടെ നിര്‍മാണം സര്‍ക്കാര്‍ പദ്ധതിയെന്നതിലുപരി സാമൂഹിക പ്രതിബദ്ധത എന്ന രീതിയില്‍ കാണണം. കോളനികളില്‍ തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനം തടയാന്‍ ശുചിത്വമിഷനും ജലനിധിയും ചേര്‍ന്നുള്ള പദ്ധതി നടപ്പിലാക്കും. ആദിവാസി വീടുകളുടെ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ ജില്ലയ്ക്ക് കഴിയൂ എന്നും കളക്ടര്‍ പറഞ്ഞു. വിവിധ കേന്ദ്ര ഭവന നിര്‍മാണ പദ്ധതികളും എ.ടി.എസ്.പി പോലുള്ള ജില്ലാ തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പോലും നടപ്പിലാക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകള്‍ അറിയുന്നേയില്ലെന്ന് ഒ.ആര്‍ കേളു എം.എല്‍.എ ചൂണ്ടിക്കാട്ടി. എ.ടി.എസ്.പി പദ്ധതി നടപ്പിലാക്കുമ്പോള്‍ പഞ്ചായത്ത് തലത്തില്‍ അവലോകനം ചെയ്യണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ആദിവാസി ഭവന നിര്‍മാണ മേഖലയില്‍ ത്രിതല പഞ്ചായത്തുകളുടെയും ജില്ലാ കളക്ടറുടെയും പട്ടികവര്‍ഗ വകുപ്പിന്റെയും കൂട്ടായ പ്രവര്‍ത്തനം വേണം-അദ്ദേഹം പറഞ്ഞു.
ഈ മാസം തന്നെ എ.ടി.എസ്.പി പദ്ധതി സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ അവലോകന യോഗം നടത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദേശിച്ചു. പുതിയ വീടുകളുടെ നിര്‍മാണം നന്നായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ സൊസൈറ്റികളെ കണ്ടെത്തി ഏല്‍പ്പിക്കണം. അതിലൂടെ അവര്‍ക്ക് കെട്ടിടിനിര്‍മാണ ജോലിയില്‍ പരിശീലനം നേടാനും തൊഴില്‍ ലഭ്യമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വീട് നിര്‍മിക്കാന്‍ ആദിവാസികളെ സ്വയംപര്യാപ്തമാക്കാന്‍ കഴിയണം. ആദിവാസി ഭവന നിര്‍മാണത്തിന് ശാസ്ത്രീയവും ശാശ്വതവുമായ നിലപാട് സ്വീകരിക്കണം.
ഓരോരുത്തര്‍ക്കും ആവശ്യമുള്ള വീടിന്റെ ഘടനയിലേക്ക് ഭവന നിര്‍മാണം മാറണം. ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നം വീടുമായി ബന്ധപ്പെട്ടുകിടക്കുന്നു-അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."