എന്‍.എസ്.എസ് നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ: കോടിയേരി
തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ടുള്ള എന്‍.എസ്.എസിന്റെ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നത്ത് പദ്മനാഭന്‍ നവോത്ഥാന നേതാവാണ്. അദ്ദേഹത്തിന് ശേഷം എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വന്ന പലരും മന്നത്തിന്റെ നവോത്ഥാന നിലപാടുകള്‍ പിന്തുടര്‍ന്നില്ല. വനിതാ മതിലില്‍ പങ്കെടുക്കുന്ന എന്‍.എസ്.എസുകാരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാട് ശരിയല്ല.
അതു സമദൂരത്തിന് എതിരാണ്. സാമുദായിക സംഘടന എന്ന നിലയില്‍ എന്‍.എസ്.എസിനോട് ശത്രുതയില്ല. ശബരിമല വിഷയമൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും അവര്‍ സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ട്. വനിതാ മതില്‍ സര്‍ക്കാരിന്റെ പരിപാടിയല്ല. വിവിധ സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന പരിപാടിയെന്ന നിലയില്‍ സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുന്നുവെന്ന് മാത്രം. സര്‍ക്കാരിന്റെ പണമില്ലാതെ തന്നെ പരിപാടി നടത്താന്‍ കഴിയുന്ന സംഘടനകളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായിരുന്ന സമയത്താണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നത്. താന്‍ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു വിഷയത്തിലും ഇടപെട്ടിരുന്നില്ല. ആഭ്യന്തര സെക്രട്ടറിയാണ് ഇതുപോലുള്ള കാര്യങ്ങളില്‍ ഇടപെടുന്നത്. ഇപ്പോള്‍ ബി.ജെ.പിക്കാരനായിട്ടുള്ള സെന്‍കുമാര്‍ അമിത്ഷായെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."