'ഇഷ്ടദാനം' 306.47 കോടി
ബാസിത് ഹസന്‍#
തൊടുപുഴ: പ്രളയ ദുരിതത്തില്‍നിന്ന് കരകയറാന്‍ കേരളം കേഴുന്നതിനിടെ കേരളാ ബാങ്കിന് വഴിമുടക്കാതിരിക്കാന്‍ മൂന്ന് അപെക്‌സ് സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ഇഷ്ടദാനമായി നല്‍കിയത് 306.47 കോടി രൂപ. വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അപെക്‌സ് സംഘങ്ങളായ റബ്‌കോ, റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഇന്നലെ പുറത്തിറക്കി.
റബ്‌കോ 238.35 കോടി, റബര്‍ മാര്‍ക്ക് 41.39 കോടി, മാര്‍ക്കറ്റ്‌ഫെഡ് 27.01 കോടി എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. റബ്‌കോയ്ക്ക് അനുവദിച്ചിരിക്കുന്ന 238.35 കോടിയില്‍ 118.95 കോടി ജില്ലാ സഹകരണ ബാങ്കുകള്‍ക്കുള്ളതും 76.75 കോടി സംസ്ഥാന സഹകരണ ബാങ്കിനുമുള്ളതാണ്. ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് അപെക്‌സ് സംഘങ്ങള്‍ എടുത്ത വായ്പ തിരിച്ചടവിനായാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. കെടുകാര്യസ്ഥതയും നോണ്‍ പെര്‍ഫോമിങ് അസറ്റ്‌സും (കിട്ടാക്കടം) മൂലമാണ് റബ്‌കോ, റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
സ്‌പെഷല്‍ വണ്‍ ടൈം സെറ്റില്‍മെന്റ് (ഒറ്റത്തവണ തീര്‍പ്പാക്കല്‍) നിര്‍വചനം നല്‍കി റബ്‌കോ, റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയുടെ 279.72 കോടി രൂപ പലിശ എഴുതിത്തള്ളിയിരുന്നു. ഈ ഇടപാടില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കാണ് ഇത്രയും നഷ്ടമുണ്ടാകുന്നത്.
കേരള ബാങ്ക് രൂപീകരണത്തെ എതിര്‍ക്കുന്ന ജില്ലാ ബാങ്കുകളെ ഒഴിവാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്. തത്വത്തില്‍ അംഗീകാരം നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച 19 ഉപാധികളില്‍ പ്രധാനപ്പെട്ട തായിരുന്ന ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണമെന്നത്. സര്‍ക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്.യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മലപ്പുറം, വയനാട്, കാസര്‍കോട്, കോട്ടയം, ഇടുക്കി ജില്ലാ ബാങ്കുകളില്‍ നിബന്ധന പാലിക്കാന്‍ സാധിക്കില്ല. സഹകരണ മന്ത്രി യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് 14 ജില്ലാ ബാങ്കുകളില്‍ അഞ്ചെണ്ണത്തെ ഒഴിവാക്കി മറ്റു ഒന്‍പത് ബാങ്കുകളെ ലയിപ്പിച്ച് മുന്നോട്ടുപോകാന്‍ ആലോചിക്കുന്നത്.കേരളബാങ്കിന്റെ ഉദ്ഘാടനം ഈ മാസം അവസാനം നടത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നതിനാലാണിത്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സെക്രട്ടറിതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."