നദിയൊഴുകും
ഹുദാ ഹാനിയ#
ഇന്ത്യന്‍ നദികളെ അവയുടെ ഉദ്ഭവത്തിനനുസരിച്ച് ഹിമാലയന്‍ നദികള്‍, ഉപദ്വിപീയ നദികള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുഖ്യ ജലസ്രോതസാണ് നദികള്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏതാനും നദികളെക്കുറിച്ച് വായിക്കാം.
ഹിമാലയന്‍ നദിയും
ഉപദ്വിപീയ നദിയും
സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് പ്രധാനപ്പെട്ട ഹിമാലയന്‍ നദികള്‍. കാശ്മീരില്‍നിന്ന് ഉദ്ഭവിക്കുന്ന ത്സലം, സിന്ധുനദിയുടെ ഏറ്റവും വലിയ പോഷകനദിയായ സത്‌ലജ്, ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയായ യമുന, ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന ദാമോദര്‍ നദി, ബന്‍സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സോണ്‍ നദി, എന്നിവ ഇന്ത്യയുടെ മുഖ്യ ജലസ്രോതസുകളാണ്.
ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് നിര്‍മിച്ച കാവേരി നദി, തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന കൃഷ്ണ നദി, ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന മഹാനദി, വടക്കേ ഇന്ത്യയേയും തെക്കേ ഇന്ത്യയേയും വേര്‍തിരിക്കുന്ന നര്‍മദ നദി തുടങ്ങിയ നദികള്‍ ഉപദ്വിപീയ നദികളില്‍പ്പെടുന്നവയാണ്.
കാവേരി
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്നു. കര്‍ണാടകത്തിലെ ബ്രഹ്മഗിരിക്കുന്നുകളില്‍ നിന്നാണ് ഈ നദിയുടെ ഉദ്ഭവം. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദിയുമായി ബന്ധപ്പെട്ട് ജലതര്‍ക്കങ്ങള്‍ പതിവാണ്. ബംഗാള്‍ ഉള്‍ക്കടലിലാണ് പതിക്കുന്നത്.
ബ്രഹ്മപുത്ര
ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. കൈലാസ പര്‍വതത്തിലെ ചെമയൂങ്ദൂങ് എന്ന ഹിമാനിയില്‍നിന്നാണ് ഉത്ഭവം. അരുണാചലിലൂടെ ഒഴുകുമ്പോള്‍ ബ്രഹ്മപുത്രയായി അറിയപ്പെടുന്ന നദി ബംഗ്ലാദേശില്‍ ജമുന എന്ന് അറിയപ്പെടുന്നു.
പമ്പ
പീരുമേട് പീഠഭൂമി മേഖലയില്‍ നിന്നാണ് പമ്പയുടെ ഉദ്ഭവം. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പമ്പ ബാരിസ് എന്ന് പ്രാചീന കാലത്ത് അറിയപ്പെടുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിയും പമ്പയും തമ്മിലുള്ള ബന്ധത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ശബരിമല പമ്പാ നദീ തീരത്താണ്.
യമുന
മഹാഭാരതത്തിലെ കാളിന്ദി നദിയാണ് യമുന. ഗംഗ നദിയുടെ പ്രധാന പോഷക നദി. 1370 കിലോമീറ്റര്‍ നീളം. താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഉത്തര്‍പ്രദേശിലെ നരേന്ദ്രനഗറിലെ യമുനോത്രിയാണ് ഉത്ഭവകേന്ദ്രം. ടോണ്‍സ്, ചമ്പല്‍, ബെത്വ, കെന്‍ എന്നിവയാണ് യമുനയുടെ പോഷക നദികള്‍.
ഭാരതപ്പുഴ
തമിഴ്‌നാട്ടിലെ ആനമലയില്‍നിന്നാണ് ഭാരതപ്പുഴയുടെ ഉദ്ഭവം. അറബിക്കടലില്‍ പതിക്കുന്ന ഈ നദി നിള എന്ന പേരില്‍ പ്രസിദ്ധമാണ്. കല്‍പ്പാത്തിപ്പുഴ ഭാരതപ്പുഴയുടെ പോഷക നദിയാണ്. കേരള കലാമണ്ഡലം ഈ പുഴയുടെ തീരത്താണ്. പ്രസിദ്ധമായ മാമാങ്കം ഭാരതപ്പുഴയുടെ തീരത്തായിരുന്നു നടന്നിരുന്നത്. മലമ്പുഴ അണക്കെട്ട് ഭാരതപ്പുഴയിലാണ്.
ഗംഗ
ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗ്ലേസിയറില്‍നിന്ന് ഉദ്ഭവം. ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടേയും നദി ഒഴുകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ഗംഗയ്ക്ക് നിരവധി പേരുകളുണ്ട്. മാന്ദാകിനി, ജാഹ്നവി എന്നിവ അവയില്‍ ചിലതാണ്. തെഹ്‌രി അണക്കെട്ട് ഈ നദിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റാ പ്രദേശങ്ങളിലൊന്നായ സുന്ദരവന പ്രദേശം ഗംഗയുടെ സംഭാവനയാണ്. ഗംഗയുടെ കൈവഴിയായ ഹുഗ്ലിനദിയിലാണ് ഹൂഗ്ലി പാലം.
കോസി
ടിബറ്റ്, നേപ്പാള്‍ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന കോസി നദിക്ക് ബീഹാറിന്റെ ദുഃഖം എന്ന അപരനാമമുണ്ട്. ഗംഗ നദിയുടെ ഹിമാലയന്‍ പോഷക നദിയായ കോസി ബീഹാറിന്റെ ഉത്തര പൂര്‍വഭാഗങ്ങളില്‍ വളരേയേറെ നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്.
സിന്ധു
ചൈനീസ് ടിബറ്റില്‍നിന്ന് ഉത്ഭവിച്ച് ഇന്ത്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഹിമാലയന്‍ നദിയാണ് സിന്ധു നദി. നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള പ്രാചീനമായ പരാമര്‍ശം ലഭിക്കുന്നത് സിന്ധു നദീചരിത്രത്തില്‍നിന്നാണ്. സിന്ധു നദിയാണ് ഹിന്ദുസ്ഥാന്‍ എന്ന പേരിന്റെ ഉത്ഭവത്തിനു കാരണം.
മഹാനദി
വടക്കേ ഇന്ത്യയിലെ വന്‍ നദികളില്‍ ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കാത്ത ഒരേ ഒരു നദിയാണിത്. മധ്യപ്രദേശ്, ഒറീസ, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ നദി ബംഗാള്‍ ഉള്‍ക്കടലിലാണ് പതിക്കുന്നത്. ഛത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയില്‍നിന്നാണ് നദിയുടെ ഉദ്ഭവം. ഹിരാക്കുഡ് അണക്കട്ട് മഹാനദിയിലാണ്.
ഝലം
പഞ്ചനദികളില്‍ ഏറ്റവും വലിയ നദി. ഗ്രീക്ക് പുരാണത്തില്‍ ഝലം ഒരു ദേവനാണ്. ഹൈഡാസ്‌പേസ് എന്നാണ് ഈ നദിയുടെ പേര്. ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന സപ്തസിന്ധു നദികളില്‍ ഒന്നാണ് ഝലം നദിയെന്നു കരുതുന്നു. 772 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ നാനൂറ് കിലോമീറ്ററോളം ഇന്ത്യയിലൂടെയും അവശേഷിക്കുന്ന ഭാഗം പാക്കിസ്താനിലൂടെയും ഒഴുകുന്നു. കാശ്മീരിലെ വെരിനാഗില്‍നിന്നാണ് നദിയുടെ ഉത്ഭവം.
ഗോദാവരി
വൃദ്ധഗംഗ, പഴയ ഗംഗ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ നാസികില്‍നിന്നാണ് നദിയുടെ ഉദ്ഭവം. മണ്‍സൂണ്‍ കാലത്ത് നിറഞ്ഞൊഴുകുന്ന ഈ നദിക്ക് ചുവന്ന നിറമായിരിക്കും.
കൃഷ്ണ
കൃഷ്ണവേണി എന്ന അപരനാമമുള്ള ഈ നദി ഉത്ഭവ സ്ഥാനത്തുനിന്ന് അറബിക്കടലിലേക്ക് 64 കിലോമീറ്റര്‍ ദൂരത്തോളം മാത്രമേ ഉള്ളൂവെങ്കിലും ആയിരത്തി മുന്നൂറോളം കിലോമീറ്റര്‍ കൃഷ്ണ നദി സഞ്ചരിക്കുന്നുണ്ട്.
തുംഗഭദ്ര
പുണ്യനദിയായ തുംഗഭദ്രയാണ് രാമായണത്തില്‍ പരാമര്‍ശിക്കുന്ന പമ്പയെന്ന് വിശ്വസിക്കപ്പെടുന്നു. കര്‍ണാടകത്തില്‍നിന്ന് ഉത്ഭവിക്കുന്ന ഈ നദി ആന്ധ്രാപ്രദേശില്‍വച്ച് കൃഷ്ണാനദിയില്‍ ലയിക്കുന്നു.
കബിനി
കാവേരി നദിയുടെ പോഷക നദിയായ കബിനി നദിക്ക് കപില എന്നും പേരുണ്ട്. കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
ചെനാബ്
സിന്ധു നദീ ജലഉടമ്പടി പ്രകാരം ചെനാബിലെ ജലം പാക്കിസ്താന്‍ കൈയടക്കുന്നു. 960 കിലോമീറ്റര്‍ നീളമുണ്ട് ഈ നദിക്ക്. പുരാതന ഗ്രീക്കില്‍ അസെസൈന്‍സ് എന്നും വേദകാലഘട്ടത്തില്‍ അശ്കിനി എന്നും അറിയപ്പെട്ടിരുന്നു. ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സ്പിറ്റി ജില്ലയില്‍നിന്നാണ് നദിയുടെ ഉത്ഭവം.
ഭവാനി
കേരളത്തിലെ സൈലന്റ്‌വാലിയില്‍നിന്ന് ഉത്ഭവിക്കുന്ന ഭവാനി തമിഴ്‌നാട്ടിലേക്കാണ് ഒഴുകുന്നത്. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നദിയാണ് ഭവാനി.
വൈഗ
തമിഴ്‌നാട്ടിലെ വൈഗ നദി പശ്ചിമഘട്ടത്തിലെ പെരിയാര്‍ സമതലത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. പാക് കടലിടുക്കു വഴി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ഈ നദിയുടെ തീരത്താണ് മധുര നഗരം.
സത്‌ലജ്
ഇന്ത്യയില്‍ ചുവന്ന നദിയെന്ന പേരില്‍ അറിയപ്പെടുന്നു. ഗ്രീക്ക് പുരാണത്തില്‍ ഹെസിഡ്രോസ് എന്നു പേര്. മാനസസരോവരത്തിലെ പടിഞ്ഞാറു ഭാഗത്തുനിന്നാണ് ഉത്ഭവം. ബിയാസ് നദിയുമായി ലയിച്ച് പാക്കിസ്താനിലേക്കൊഴുകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗല്‍ സത്‌ലജ് നദിയിലാണ്.
സബര്‍മതി
രാജസ്ഥാനിലെ ആരവല്ലി പര്‍വത നിരകളില്‍നിന്നാണ് സബര്‍മതിയുടെ ഉദ്ഭവം. ഗുജറാത്തിലൂടെയാണ് സബര്‍മതി കൂടുതലായും ഒഴുകുന്നത്. പ്രസിദ്ധമായ സബര്‍മതി ആശ്രമം ഈ നദീ തീരത്താണ്. ഗള്‍ഫ് ഒഫ് കാംബെയിലൂടെ അറബിക്കടലില്‍ പതിക്കുന്നു.
ലൂണി
രാജസ്ഥാനിലാണ് ലൂണി നദിയുടെ ഉദ്ഭവം. ഥാര്‍ മരൂഭൂമിയിലൂടെ ഒഴുകുന്ന ഈ നദി റാന്‍ ഓഫ് കച്ചില്‍വച്ച് അറബിക്കടലില്‍ പതിക്കുന്നു.
രാവി
ഇന്ത്യ, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 720കിലോമീറ്ററാണ് ആകെ നീളം. ഹിമാചല്‍ പ്രദേശിലെ മണാലി എന്ന സ്ഥലത്തുനിന്നാണ് ഉത്ഭവം. പഞ്ചാബ് സമതലം, ഇന്ത്യാപാക് അതിര്‍ത്തി എന്നീ ഭാഗങ്ങളിലൂടെ ഒഴുകി ഈ നദി പാക്കിസ്താനില്‍വച്ച് ചെനാബ് നദിയുമായി ചേരുന്നു. സിന്ധു നദീജല ഉടമ്പടി പ്രകാരം ഈ നദീജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
നര്‍മദ
മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നര്‍മ്മദ നദി മധ്യപ്രദേശില്‍നിന്ന് ഉദ്ഭവിക്കുന്നു. ഗുജറാത്തിലെ ഭാറുച്ചില്‍വച്ച് അറബിക്കടലില്‍ പതിക്കുന്നു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടും നര്‍മ്മദാ ബചാവോ ആന്ദോളന്‍ സമരവും നര്‍മ്മദ നദിയുമായി ബന്ധപ്പെട്ടവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."