നവോത്ഥാനത്തെപ്പറ്റി പറയാന്‍ പിണറായിക്കെന്ത് അര്‍ഹത ?
വി.എം സുധീരന്‍
94471 03999#
നവോത്ഥാന നായകരുടെ ആശയങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും വിരുദ്ധമായി നയങ്ങളും നടപടികളും സ്വീകരിച്ചുവരുന്ന മുഖ്യമന്ത്രിക്ക് നവോത്ഥാനത്തെക്കുറിച്ചോ നവോത്ഥാന നായകരെ സംബന്ധിച്ചോ പറയാന്‍ യാതൊരു അര്‍ഹതയുമില്ല.
കോണ്‍ഗ്രസ് തീരുമാനപ്രകാരം 1924 മാര്‍ച്ച് 30ന് ആരംഭിച്ച വൈക്കം സത്യഗ്രഹത്തിനും 1931 നവംബര്‍ ഒന്നിന് ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിനും ശേഷം വര്‍ഷങ്ങള്‍ പിന്നിട്ട് 1939ല്‍ മാത്രം രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്‍ഗാമികള്‍ നവോത്ഥാന പ്രസ്ഥാനത്തെക്കുറിച്ചു പറയുന്നത് തികഞ്ഞ രാഷ്ട്രീയ കാപട്യമാണ്.
നവോത്ഥാന നായകനായ ശ്രീനാരായണഗുരു സമൂഹത്തിനു നല്‍കിയ മുഖ്യ സന്ദേശമാണ് 'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.' എന്നത്. മനുഷ്യരെ സര്‍വനാശത്തിലേക്കു തള്ളിവിടുന്ന മദ്യത്തിന്റെ സര്‍വ ദോഷങ്ങളെയും കുറിച്ച് മനുഷ്യര്‍ക്കു മുന്നറിയിപ്പു നല്‍കിയ ശ്രീനാരായണ ഗുരുസ്വാമികളുടെ ആശയത്തിനു തികച്ചും വിരുദ്ധമായി സംസ്ഥാനമൊട്ടാകെ മദ്യശാലകള്‍ വ്യാപിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയും അതിലൂടെ നഗ്നമായ ഗുരുനിന്ദ നടത്തുകയും ചെയ്തുവരുന്ന മുഖ്യമന്ത്രിക്ക് ശ്രീനാരായണ ഗുരുവിനെയും നവോത്ഥാനത്തെയും കുറിച്ച് പറയുന്നതിന് എന്ത് അര്‍ഹതയാണുള്ളത്
നേരത്തെ അടച്ചുപൂട്ടിയ മദ്യശാലകളൊക്കെ തുറക്കുകയും പുതിയതു തുറന്ന് മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കുകയും ചെയ്യുക വഴി സര്‍ക്കാര്‍ സ്ത്രീസമൂഹത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കുടുംബസമാധാനം തകരുകയും സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയും സ്വന്തം വീടിനുള്ളില്‍ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന ദുരവസ്ഥ ഒരുക്കിക്കൊടുക്കുകയും ചെയ്ത മുഖ്യമന്ത്രി സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നത് വിരോധാഭാസമാണ്.
മദ്യം പോലെ തന്നെ മയക്കുമരുന്നും കേരളത്തില്‍ വ്യാപകമായിരിക്കുകയാണ്. മദ്യശാലകള്‍ അടച്ചുപൂട്ടിയതുകൊണ്ടാണ് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതെന്ന സര്‍ക്കാരിന്റെ വാദം തീര്‍ത്തും പൊളിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ മദ്യത്തോടൊപ്പം മയക്കുമരുന്നും സര്‍വവ്യാപിയായി. സര്‍ക്കാരിന്റെ തെറ്റായ നിലപാടാണ് ഇതിനൊക്കെ കളമൊരുക്കിയത്. ഇതിലൂടെ ക്രിമിനല്‍ കുറ്റവാളികളും ഗുണ്ട, മാഫിയാ സംഘങ്ങളും പെരുകിവരുന്നതിനും സൈ്വരവിഹാരം നടത്തുന്നതിനും സര്‍വ പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
സ്ത്രീകളും കുട്ടികളുമുള്‍പെടെയുള്ള സാധാരണ ജനങ്ങളുടെ സൈ്വരജീവിതം തകര്‍ത്ത് കേരളത്തെ അരാജകാവസ്ഥയിലേക്കു തള്ളിവിട്ട മുഖ്യമന്ത്രി നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നു പറയുന്നത് പരിഹാസ്യമാണ്.
സാമൂഹ്യ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനല്ല; മറിച്ച് വലിയൊരു സാമൂഹ്യദുരന്തത്തിലേക്കാണ് മുഖ്യമന്ത്രി കേരളത്തെ നയിക്കുന്നത്. ഇപ്രകാരം കേരളത്തിലെ ജനങ്ങളോട്, പ്രത്യേകിച്ച് സ്ത്രീസമൂഹത്തോട് കൊടുംപാതകം ചെയ്തുവരുന്ന മുഖ്യമന്ത്രി സ്ത്രീസുരക്ഷയെക്കുറിച്ച് വിലപിക്കുന്നത് കേവലം മുതലക്കണ്ണീരൊഴുക്കലാണ്. മദ്യവും മയക്കുമരുന്നുമൊഴുക്കി സ്ത്രീസമൂഹത്തെ വേട്ടയാടുന്നതിനു കളമൊരുക്കിയ മുഖ്യമന്ത്രി സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ പേരില്‍ മതില്‍ തീര്‍ക്കാന്‍ സര്‍വസന്നാഹങ്ങളും ചെയ്തുകൊടുക്കുന്നത് ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കുന്ന നടപടിയാണ്.
നവോത്ഥാനം എന്ന വിശുദ്ധപദം ഉച്ചരിക്കാനുള്ള അര്‍ഹത പോലും ഇത്തരം തെറ്റായ നടപടികളിലൂടെ മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നു.
ശ്രീനാരായണ ഗുരുസ്വാമികളും ചട്ടമ്പിസ്വാമികളും ഉള്‍പെടെയുള്ള നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ചത് അഹിംസയുടെ സന്ദേശമാണ്. എന്നാല്‍, അവരെക്കുറിച്ചെല്ലാം ഇപ്പോള്‍ വാചാലനാകുന്ന മുഖ്യമന്ത്രിയുടെ തണലില്‍ കേരളം കൊലക്കളമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും അതിക്രമങ്ങളുമടക്കമുള്ള ചോരക്കളി നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സി.പി.എം നേതൃത്വവും 'രാഷ്ട്രീയ മനുഷ്യക്കുരുതി' ഇല്ലാതാക്കി സമാധാനപരമായ ജീവിതം ജനങ്ങള്‍ക്കു നല്‍കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയും നവോത്ഥാന നായകരെക്കുറിച്ചു പറയുന്നത് അവരോടുള്ള അനാദരവാണ്.
ജനജീവിതത്തിനു സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലിസ് തന്നെ കൊലയാളികളും അക്രമകാരികളുമായി മാറുന്ന സ്ഥിതിയിലെത്തിച്ച് ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിട്ട മുഖ്യമന്ത്രി കേരളത്തെ ഇരുണ്ട കാലത്തിലേക്കാണ് കൊണ്ടുപോകുന്നത്.
തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി ഇടപെട്ട് സാഹചര്യമൊരുക്കണമെന്ന അഭ്യര്‍ഥനയുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തുന്ന നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്കും കുട്ടികള്‍ക്കും അമ്മയ്ക്കും നീതി നല്‍കാന്‍ തയാറാകാത്ത ഭരണക്കാരുടെ ക്രൂരമായ തനിനിറം ആര്‍ക്കും തിരിച്ചറിയാനാകും. വിജിയോടും കുടുംബത്തോടും കരുണ കാണിക്കാത്ത വാഗ്ദാന ലംഘകരുടെ സ്ത്രീപക്ഷവാദം വെറുംവാക്ക് മാത്രമാണ്.
ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയ്ക്കു നിയമപരമായ നീതി നല്‍കാനാവാത്ത ഭരണകൂടത്തിന്റെ തലവന്‍ സ്ത്രീനീതിക്കു വേണ്ടിയെന്ന പേരില്‍ മതില്‍ തീര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നത് തികഞ്ഞ വഞ്ചനയാണ്.
ആദിവാസി അമ്മമാരെ സംരക്ഷിക്കുന്നതിലും നവജാതശിശു മരണങ്ങള്‍ തടയുന്നതിലും ദയനീയമായി പരാജയപ്പെട്ട ഭരണാധികാരികളുടെ സ്ത്രീശാക്തീകരണ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാക്കുകള്‍ മാത്രമാണ്.
നിലവിലുള്ള സംവരണ വ്യവസ്ഥയെ അട്ടിമറിച്ചുകൊണ്ട് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് നടപ്പിലാക്കുക വഴി പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന മുഖ്യമന്ത്രി നവോത്ഥാനത്തെക്കുറിച്ച് പറയുന്നതുതന്നെ പരിഹാസ്യമാണ്.
നവോത്ഥാന നായകരുടെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് പില്‍ക്കാലത്ത് സാമൂഹ്യ, സാമ്പത്തിക നീതിക്കായി നിരവധി നിയമനിര്‍മാണങ്ങളുണ്ടായത്. ഇന്ത്യയ്‌ക്കൊട്ടാകെ മാതൃകയായ ഭൂപരിഷ്‌കരണ നിയമം അതിന്റെ ഭാഗമാണ്. ഒരുകാലത്ത് ജന്മിത്വത്തിനും മാടമ്പിമാര്‍ക്കുമെതിരേ സമരം ചെയ്ത പാരമ്പര്യം അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ന് പുത്തന്‍ ചൂഷക വര്‍ഗത്തിന്റെ പ്രതീകമായ ഭൂമാഫിയയുടെയും വന്‍കിട കുത്തകകളായ കൈയേറ്റക്കാരുടെയും സംരക്ഷകരായി മാറിയിരിക്കുകയാണ്.
നമ്മുടെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറി. ഹാരിസണ്‍, ടാറ്റ, എ.വി.ടി, ടി.ആര്‍. ആന്റ് ടി. തുടങ്ങിയ വന്‍കിടക്കാരുടെ അനധികൃത ഭൂമി ഏറ്റെടുക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഹാരിസണ്‍ കേസില്‍ മനപ്പൂര്‍വം തോറ്റുകൊടുത്ത് അവരുടെ സംരക്ഷകരായി. വന്‍കിട കൈയേറ്റക്കാരുടെ കൈപ്പിടിയിലായ ലക്ഷക്കണക്കിനേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായ നടപടിയും നിയമനിര്‍മാണവും നടത്താതെ ഭൂമാഫിയയുടെ സംരക്ഷകരായി മാറിയ കമ്യൂണിസ്റ്റ് നേതാക്കള്‍ അവരുടെ തന്നെ ആദ്യകാല നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളും ആശയങ്ങളും കാറ്റില്‍ പറത്തിയിരിക്കുകയാണ്.
നരേന്ദ്രമോദിയുടെ പാതയിലൂടെ തന്നെ മുന്നോട്ടുപോയി കുത്തക മുതലാളിമാര്‍ക്കു സംരക്ഷണ വലയമൊരുക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും കമ്യൂണിസ്റ്റ് ആശയങ്ങളെ തന്നെ മുതലാളിത്തത്തിനു പണയപ്പെടുത്തുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
വര്‍ഗീയവാദിയായി നേരത്തെ വിശേഷിക്കപ്പെട്ട വെള്ളാപ്പള്ളിയെയും കര്‍സേവകനായ സുഗതനെപ്പോലുള്ളവരെയും കൂട്ടിക്കെട്ടി കെട്ടിപ്പൊക്കുന്ന മതിലുകൊണ്ട് കേരളത്തിന് എന്തു പ്രയോജനമാണുണ്ടാകുന്നത്
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്നും വന്‍ വീഴ്ചകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാവുമെന്ന കണക്കുകൂട്ടലിലുള്ള ഒരു പാഴ്‌വേല മാത്രമാണ് ഈ മതില്‍.
സമ്പന്നശക്തികള്‍ക്കും വന്‍കിട കൈയേറ്റക്കാരായ കുത്തക മുതലാളിമാര്‍ക്കും പരിരക്ഷ നല്‍കുകയും പാവങ്ങള്‍ക്കു ഭൂമി നല്‍കുമെന്ന വാഗ്ദാനം ലംഘിക്കുകയും നവോത്ഥാന നായകര്‍ വിഭാവനം ചെയ്ത സാമൂഹ്യ, സാമ്പത്തിക നീതി നിഷേധിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി അഭിനവ നവോത്ഥാന നായക വേഷമണിയുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി കേരളത്തെ നയിക്കുന്നത് മുന്നോട്ടല്ല; പിന്നോട്ടാണ്. അതാണു സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."