ഒരുമിച്ചു നീങ്ങാം, പുതിയ പ്രത്യാശയിലേക്ക്
ശുഭവാര്‍ത്തകള്‍ അധികമൊന്നും കേള്‍ക്കാത്തൊരു വര്‍ഷമാണ് കടന്നുപോയത്. ലോകത്തിന്റെ മൊത്തം സ്ഥിതി അതായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമല്ലാത്ത രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷവും തുടര്‍ന്നു. ഒപ്പം പ്രകൃതിദുരന്തങ്ങളും പലതരം അനീതികളുമൊക്കെ ചേര്‍ന്ന് നന്മ അധികമായൊന്നും കണ്ടത്താനാവാത്തൊരു ലോക കലണ്ടറാണ് മറിഞ്ഞുപോയത്.
നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല. ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ കീര്‍ത്തിക്കു കളങ്കം വരുത്തുന്ന തരത്തിലുള്ള സംഭവങ്ങളുടെ വലിയൊരു പരമ്പരയ്ക്കു തന്നെ 2018 സാക്ഷ്യം വഹിക്കുകയുണ്ടായി. അതില്‍ തന്നെ വലിയ ദുരിതങ്ങളിലൂടെയും അനഭിലഷണീയമായ ഒട്ടേറെ സംഭവങ്ങളിലൂടെയുമാണ് നമ്മുടെ കൊച്ചു കേരളത്തിനു കടന്നുപോകേണ്ടി വന്നത്. പോയവര്‍ഷം നമ്മുടെ സംസ്ഥാനത്തിനു സമ്മാനിച്ചത് കനത്ത ആഘാതങ്ങള്‍ തന്നെയാണ്.
കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും കനത്ത പ്രളയമുണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. കേരളത്തെ ഏറെക്കുറെ തകര്‍ത്തുകളഞ്ഞ മഹാദുരന്തം. നടുക്കുന്ന ഒരുപാട് ഓര്‍മകളാണ് ഈ ദുരന്തം കേരളത്തിനു സമ്മാനിച്ചത്. പ്രളയത്തെ നേരിടാന്‍ കേരള ജനത എല്ലാം മറന്ന് ഒറ്റക്കെട്ടായി. നന്മയുടെ ഒരുപാടു കാഴ്ചകള്‍ ഈ ഐക്യത്തില്‍ ദൃശ്യമായി. എന്നിട്ടും ഈ പ്രകൃതിദുരന്തം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് പൂര്‍ണമായി കരകയറാന്‍ ഇന്നും സംസ്ഥാനത്തിനായിട്ടില്ല. അതിനുള്ള പരിശ്രമം കേരള ജനത തുടരുകയാണ്.
എന്നാല്‍ ദുരന്തമുഖത്തുണ്ടായ ഈ ഐക്യം ആപല്‍ഘട്ടത്തിലെ ഗത്യന്തരമില്ലായ്മയില്‍ നിന്ന് ഉണ്ടായതാണെന്നും അതു ശാശ്വതമായി നിലനിര്‍ത്താന്‍ പ്രയാസമുള്ളതാണെന്നും ഈ കാലയളവില്‍ തന്നെ ബോധ്യപ്പെടുകയുമുണ്ടായി. മുമ്പൊന്നുമില്ലാത്ത വിധം സാമൂഹ്യ അസ്വാസ്ഥ്യങ്ങള്‍ക്കു കേരളം സാക്ഷ്യം വഹിച്ച കാലം കൂടിയായിരുന്നു ഇത്. അസഹിഷ്ണുത വലിയ തോതില്‍ കേരളീയ സമൂഹത്തിനെ ഗ്രസിച്ചുകഴിഞ്ഞെന്നു വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ് ഉണ്ടായത്. വളരെ ചെറുതും നിസ്സാരവുമായ വിഷയങ്ങള്‍ പോലും വര്‍ഗീയമായും വംശീയമായുമൊക്കെ വിലയിരുത്തപ്പെടുകയും അതിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുകയും അത് അസ്വസ്ഥതകള്‍ക്കു വഴിവയ്ക്കുകയും ചെയ്യുന്ന തീര്‍ത്തും ആശങ്കാജനകമായൊരു സ്ഥിതിവിശേഷം സംസ്ഥാനത്തു രൂപപ്പട്ടു വരികയുണ്ടായി. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കേട്ടിരുന്ന തരം വാര്‍ത്തകളുടെ ഉറവിടമായി കേരളവും മാറി.
സാമൂഹ്യ അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ചില രാഷ്ട്രീയ നീക്കങ്ങളും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇത് ഏറ്റവും ഉച്ചസ്ഥായിയിലെത്തിയത് ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി വന്നതോടെയാണ്. കോടതിവിധിയെ പല തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ചില രാഷ്ട്രീയ കക്ഷികള്‍ കാര്യങ്ങളാകെ വഷളാക്കി. ഇതിന്റെ ഫലമായി ശബരിമലയും പരിസരപ്രദേശങ്ങളും സംഘര്‍ഷഭരിതമായി. ഇതു ലോകത്തിനു മുന്നില്‍ കേരളത്തിനുണ്ടാക്കിയ അപഖ്യാതി ചെറുതല്ല. ഇതിനൊക്കെ പുറമെയുണ്ടായ പൊലിസ് അതിക്രമങ്ങളും കൂനിന്‍മേല്‍ കുരുവന്ന പോലെ ഒരിക്കല്‍ നിര്‍മാര്‍ജനം ചെയ്ത ചില രോഗങ്ങളുടെ തിരിച്ചുവരവുമൊക്കെ ചേര്‍ന്നപ്പോള്‍ ഒട്ടും സുഖകരമല്ലാത്തൊരു അന്തരീക്ഷമാണ് സംസ്ഥാനത്തുണ്ടായത്. കൂട്ടത്തില്‍ നോട്ടു നിരോധനവും ജി.എസ്.ടി നടപ്പാക്കിയതുമൊക്കെ രാജ്യത്താകമാനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കേരളത്തിനും അനുഭവിക്കേണ്ടി വന്നു.
ഈ അവശതകള്‍ക്കിടയിലും തികച്ചും നിരുത്തരവാദപരമായ സമീപനമാണ് പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ നിന്ന് ഉണ്ടായത്. പ്രത്യേകിച്ച് ഹര്‍ത്താലിന്റെ കാര്യത്തില്‍. പ്രളയവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ ഏറെ ക്ഷീണിപ്പിച്ച കേരളത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തിലും പ്രാദേശിക തലങ്ങളിലുമൊക്കെയായി 97 ഹര്‍ത്താലുകളാണ് നടന്നത്. നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലുകള്‍ സംസ്ഥാനത്തിന് ഏല്‍പിച്ച ആഘാതം വലുതാണ്. ഈ സമരമുറയെ വലിയൊരു വിഭാഗം ജനങ്ങള്‍ തീര്‍ത്തും വെറുക്കുന്ന സ്ഥിതിവിശേഷവും അതിന്റെ ഫലമായി ഹര്‍ത്താലിനെതിരേ ബഹുജന കൂട്ടായ്മയും രൂപപ്പെടുകയുമുണ്ടായി.
മൊത്തത്തില്‍ നോക്കുമ്പോള്‍ കുറച്ചു നേട്ടങ്ങളും വലിയ തോതിലുള്ള നഷ്ടങ്ങളുമാണ് പോയ വര്‍ഷം കേരളത്തിനു സമ്മാനിച്ചത്. ഇതിനെ അതിജീവിക്കുക എന്ന വലിയൊരു വെല്ലുവിളി നമുക്കു മുന്നിലുണ്ടിപ്പോള്‍. അതില്‍ പ്രകൃതിദുരന്തങ്ങള്‍ മനുഷ്യരുടെ പിടിയിലൊതുങ്ങുന്നതല്ല. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്കു മുന്നിലില്ല. എന്നാല്‍ മനുഷ്യര്‍ തന്നെ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെയും അത്യാഹിതങ്ങളുടെയും കാര്യം അങ്ങനെയല്ല. മനസ്സുവച്ചാല്‍ നമുക്കു തന്നെ ഒഴിവാക്കാനാവുന്നതാണവ.
നിരവധി മഹാദുരന്തങ്ങളെ അതിജീവിച്ച ചരിത്രമാണ് മനുഷ്യരാശിക്കുള്ളത്. ജനതയുടെ ഒത്തൊരുമയും കൂട്ടായ ഇച്ഛാശക്തിയുമാണ് ഈ അതിജീവനത്തിന്റെ കാതല്‍. ഏതു പ്രതിസന്ധിയിലും തീര്‍ത്തും അണഞ്ഞുപോകാത്ത പ്രത്യാശയാണ് അതിജിവനത്തിലേക്കുള്ള ഓരോ ചുവടുവയ്പ്പിനും ഊര്‍ജം പകരുന്നത്. അതുകൊണ്ടു തന്നെ ആ പ്രത്യാശ നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് പരമപ്രധാനമാണ്. ജനതയുടെ ഐക്യത്തില്‍ നിന്ന് രൂപപ്പെട്ടു വരുന്ന സമൂഹത്തിന്റെ മൊത്തം പ്രത്യാശയ്ക്ക് അത്ഭുതകരമായ ഫലങ്ങളുണ്ടാക്കാനാവുമെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതിലേക്ക് ഒറ്റക്കെട്ടായി നീങ്ങാനാണ് ഈ നവവത്സര ദിനത്തില്‍ കേരള ജനത തീരുമാനമെടുക്കേണ്ടത്. നമ്മളെ ഭിന്നിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ച് നാടിനെ പിറകോട്ടടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നാടിന്റെ നന്മയ്ക്കായി ഏതു പ്രതിസന്ധി ഘട്ടത്തിലും ഒരുമിച്ചു തന്നെ നില്‍ക്കുമെന്നുമുള്ള പ്രതിജ്ഞയോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."