രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ബാങ്ക് തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. 2017-18 വര്‍ഷത്തില്‍ 41,167 കോടിയുടെ ബാങ്ക് തട്ടിപ്പ് നടന്നുവെന്ന ആര്‍.ബി.ഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. കാവല്‍ക്കാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കായി രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വന്‍വ്യവസായികളുമായുള്ള ബി.ജെ.പി നേതാക്കള്‍ക്കുള്ള ബന്ധത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
രാജ്യത്തിന്റെ സംരക്ഷകനെന്നാണ് പ്രധാനമന്ത്രി മോദി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ തന്റെ ഏറ്റവും അടുപ്പക്കാരായ വ്യവസായികള്‍ വിവിധ ബാങ്കുകളില്‍നിന്ന് 41,167 കോടി രൂപയാണ് വായ്പയെടുത്ത് മുങ്ങിയത്. ഇവര്‍ക്ക് രാജ്യം വിടാന്‍ സഹായം നല്‍കിയത് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ തന്നെയാണ്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍പോലും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രാഹുല്‍ ആരോപിച്ചു.
ആര്‍.ബി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ബാങ്ക് തട്ടിപ്പ് 72 ശതമാനം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷം കേസുകളുടെ എണ്ണം 5,076 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."