പാക് നുഴഞ്ഞുകയറ്റം സൈന്യം തകര്‍ത്തു; രണ്ടുപേരെ വധിച്ചു
ശ്രീനഗര്‍: നുഴഞ്ഞുകയറി ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ പാക് അതിര്‍ത്തി രക്ഷാ സേനക്കെതിരേ ശക്തമായ തിരിച്ചടി. അതിര്‍ത്തിയില്‍ നൗഗാം സെക്ടറിലാണ് പാക് അതിര്‍ത്തി രക്ഷാ സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. രണ്ട് നുഴഞ്ഞുകയറ്റക്കാരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി കടത്തിവിടുന്നതിനായി മോര്‍ട്ടാറുകളും റോക്കറ്റ് ലോഞ്ചറുകളുമായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് അതിര്‍ത്തി രക്ഷാസേന ആക്രമണം നടത്തുകയായിരുന്നു. വനമേഖലയിലൂടെ നുഴഞ്ഞുകയറാനാണ് പദ്ധതിയിട്ടിരുന്നത്.
പാക് സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാനായി ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ പാക് സൈനികരാണെന്ന് സംശയമുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച മറ്റുള്ളവര്‍ രക്ഷപ്പെട്ടതായി സംശയിക്കുന്നുണ്ട്. കനത്ത മൂടല്‍മഞ്ഞുകാരണം അതിര്‍ത്തിയിലെ കാഴ്ച വ്യക്തമല്ല. ഇക്കാരണത്താല്‍ സൈനിക നടപടിയും സുഗമമല്ല.
അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ വലിയ ആക്രമണത്തിന് പാകിസ്താന് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമത്തിന് നീക്കം നടന്നതെന്നും സൈനിക വക്താവ് പറഞ്ഞു. മേഖലയില്‍ പാക് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. പാക് സൈനികര്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് നുഴഞ്ഞുകയറ്റക്കാരും ധരിച്ചിരുന്നത്. വന്‍ആയുധ ശേഖരങ്ങളുമായാണ് ഇവര്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."