അന്താരാഷ്ട്ര ലഹരി മാഫിയ സംഘം കൊച്ചിയില്‍ പിടിയില്‍
നാലുകോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
കൊച്ചി: വിമാനത്താവളങ്ങള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന അന്താരാഷ്ട്ര മാഫിയ സംഘം കൊച്ചി സിറ്റി ഷാഡോ പൊലിസിന്റെ പിടിയിലായി. ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴി തായ്‌ലന്റ്, സിങ്കപ്പൂര്‍, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന സംഘമാണ് പിടിയിലായത്. മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ് (33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ് (35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് പിടിയിലായത്. മാലിദ്വീപ് സ്വദേശികളായ മൂന്നുപേരും ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'കോനാ ഗോള്‍ഡ്' എന്ന മയക്കുമരുന്ന് മാഫിയ സംഘത്തില്‍പ്പെട്ടവരാണ്. ഇവരില്‍ നിന്ന് ഒന്നര ലിറ്ററോളം ഹൈഗ്രേഡ് ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. ഇതിന് ഇന്ത്യയില്‍ നാല് കോടി രൂപയിലധികം വിലവരും.
സിറ്റി പൊലിസ് കമ്മിഷനര്‍ എം.പി ദിനേശിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. വിദേശ ടൂറിസ്റ്റുകള്‍ എന്ന നിലയില്‍ നഗരത്തിലെത്തിയ സംഘം ഹോട്ടലുകളില്‍ മാറി താമസിച്ച് വരുന്നതിനിടെയാണ് മേനകയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്ന് കൊച്ചി സിറ്റി ഷാഡോ പൊലിസും സെന്‍ട്രല്‍ പൊലിസും ചേര്‍ന്ന് പ്രതികളെ സാഹസികമായി പിടികൂടിയത്.
തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് എത്തിച്ച ഹാഷിഷ് ഓയില്‍ നെടുമ്പാശേരി വിമാനത്താവളം വഴി മാലിദ്വീപിലേക്ക് കടത്തുവാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. പിടിയിലായവരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും വിശദമായി പരിശോധിച്ചപ്പോള്‍ ഇവര്‍ ഡിസംബറില്‍ തന്നെ നിരവധി തവണ മാലിദ്വീപ്, തായ്‌ലന്റ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തിലധികമായി ഷാഡോ സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി.ഐ അനന്തലാല്‍, ഷാഡോ എസ്.ഐ എ.ബി വിബിന്‍, സി.പി.ഒമാരായ അഫ്‌സല്‍, ഹരിമോന്‍, സാനു, വിനോദ്, സനോജ്, സാനുമോന്‍, വിശാല്‍, സുനില്‍, അനില്‍, യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."