കേരളത്തിലെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത് സംഘപരിവാർ നിലപാടുകൾ: പ്രവാസി സാംസ്‌കാരിക വേദി
ജിദ്ദ: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ഹെഡ് പോസ്‌റ്റോഫീസ് ഉപരോധിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡണ്ട് റസാഖ് പാലേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് മുനീബ് കാരക്കുന്ന്, ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ധീൻ കരിവെള്ളൂർ എന്നവർക്കു പുറമെ നിരവധി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റു ചെയ്‌ത നടപടിയിൽ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നേതാക്കളെ അറസ്റ് ചെയ്‌തു ജയിലിലടച്ചതുകൊണ്ട് ഭരണഘടനാ വിരുദ്ധമായ ഭീകര വിവേചന നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളെ ഇല്ലായ്‌മ ചെയ്യാനാവില്ല. കേന്ദ്രത്തിലെ സംഘ് പരിവാർ ഭരണകൂടത്തിന്റെ നിലപാടുകൾ തന്നെയാണ് ഒരു പരിധിവരെ പ്രതിഷേധക്കാർക്കെതിരെ കേരളത്തിൽ ആഭ്യന്തര വകുപ്പും സ്വീകരിക്കുന്നത്. നേരത്തെ ഹർത്താലുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തകർ അന്യായമായി ഇനിയും ജയിലിലാണ്. ഇവരെ ഉടൻ വിട്ടയക്കണം. സംഘ് പരിവാർ അജണ്ടകൾക്കെതിരെ യോജിച്ചുള്ള പ്രതിഷേധ പ്രക്ഷോഭ പരിപാടികൾക്ക് ഭരണ പ്രതിപക്ഷ കക്ഷികളടക്കം മതേതര ജനാധിപത്യ കൂട്ടായ്മകൾ തയാറാവണമെന്നും സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, സെക്രട്ടറി എം പി അഷ്‌റഫ് എന്നിവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."