ചൂലിശ്ശേരിയില്‍ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ വനിതകളുടെ പ്രതിഷേധം
വടക്കാഞ്ചേരി: അവണൂര്‍ പഞ്ചായത്തിലെ ചൂലിശ്ശേരി തിരുവെങ്കിടം ക്ഷേത്രത്തിന് സമീപം ജനവാസ മേഖലയില്‍ നടക്കുന്ന സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ടവര്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ മേഖലയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും,തീവ്രതയേറിയ സിഗ്‌നല്‍ കടത്തിവിടുന്നത് മൂലം ജനങ്ങള്‍ മാരക രോഗത്തിന് അടിമകളാകുമെന്നും ആരോപിച്ചാണ് വനിതകളടക്കമുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോടതി ഉത്തരവിന്റെ ബലത്തില്‍ ഇന്നലെ രാവിലെ വീണ്ടും പുനരാരംഭിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജനപ്രതിനിധികളടക്കമുള്ള വനിതകള്‍ 12 അടിയോളം താഴ്ചയുള്ള കുഴിയിലറങ്ങി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അവണൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ധന്യ അനില്‍ ,സംഗീത സുനീഷ്, നീന ദേവദാസ് ,രാജി എന്നിവരാണ് കുഴിയില്‍ കുത്തിയിരിപ്പ് നടത്തിയത്. പൊലിസെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. കുഴിയ്ക്ക് മുകളില്‍ വന്‍ ജനാവലി തടിച്ച് കൂടി പൊലിസിനും,ടവര്‍ നിര്‍മാണ കമ്പനിക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. വനിതകള്‍ക്ക് പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്,സ്ഥിരം സമിതി അധ്യക്ഷന്മാര്‍,ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത്,സുരേഷ് അവണൂര്‍,തോമസ് വടക്കന്‍, വി.കെ സനില്‍,എ. സേതുമാധവന്‍,സന്തോഷ് കളപ്പുര,രവി കുഴിക്കാട്ട്,ശ്രീരാമന്‍ നായര്‍ ,പി. ബി ബാലചന്ദ്രന്‍ ,കെ. ശ്യാമപ്രസാദ് എന്നിവരും സമരത്തിന് നേതൃത്വം നല്‍കി. പൊലിസ് സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. വനിതകളടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലിസും മടിച്ചു. ഒടുവില്‍ പൊലിസ്് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലിസ് മടങ്ങിയതോടെയാണ് സമരവും അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."