കൊല്ലം ബൈപാസ്; പിതൃത്വം ഏറ്റെടുക്കാന്‍ തമ്മിലടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
എ. മുഹമ്മദ് നൗഫല്‍
കൊല്ലം: നാലരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്ക് ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ഇനിയും വൈകും. ബൈപ്പാസിന്റെ പിതൃത്വം ഏറ്റെടുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൊല്ലത്തെ ആയുധമാക്കാനുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തമ്മിലടിയാണ് ഇതിന്റെ പ്രധാന കാരണം. കാവനാട് മുതല്‍ മേവറം വരെ 13 കിലോമീറ്റര്‍ നീളത്തിലാണ് കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം.
കൊല്ലം നഗരത്തില്‍ പ്രവേശിക്കാതെ തിരുവനന്തപുരം ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്യാം. നഗരത്തിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ് ശാശ്വത പരിഹാരവുമാണ്. നാല് പതിറ്റാണ്ടിന് മുമ്പ് ആരംഭിച്ച ബൈപ്പാസിന്റെ നിര്‍മ്മാണം ഇപ്പോള്‍ 98 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ പൂര്‍ണമായും ഗതാഗതത്തിന് ഇതുവരെയും തുറന്നുനല്‍കിയിട്ടില്ല.
കഴിഞ്ഞ ഓണത്തിന് ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോയി. ഇപ്പോള്‍ ജോലികള്‍ എല്ലാംതന്നെ ഏറെക്കുറേ പൂര്‍ത്തിയായി. റോഡിലം മാര്‍ക്കിങും പൂര്‍ത്തിയാക്കി. എന്നാല്‍ തെരുവു വിളക്കുകള്‍ കൂടി സ്ഥാപിച്ചിട്ടുമതി ഉദ്ഘാടനം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതും കൂടി പൂര്‍ത്തിയാക്കി ഫെബ്രുവരി 2ന് മുഖ്യമന്ത്രി ബൈപ്പാസ് ഉദ്ഘാനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാരകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. ഉദ്ഘാടനം വേഗത്തിലാകണമെന്നാവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിലെ എം.പി എന്‍.കെ പ്രേമചന്ദ്രന്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. പുതുവത്സര സമ്മാനമായി ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ്് ലക്ഷ്യം വച്ച് ബൈപ്പാസിന്റെ ഉദ്ഘാടനം അനന്തമായി നീട്ടിയാല്‍ ജനകീയ ഉദ്ഘാടനം നടത്താനാണഅ യു.ഡി.എഫിന്റെ തീരുമാനം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെയും അക്ഷീണ പരിശ്രമമാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയതെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം.
ആറിന് പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നുണ്ട്. അന്ന് തന്നെ പ്രധാന മന്ത്രിയെക്കൊണ്ട് ബൈപ്പാസ് ഉദ്ഘാടനം ചെയ്യിക്കണമെന്നാണ് ബി.ജെ.പി കൊല്ലം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബൈപ്പാസിന്റെ ഉദ്ഘാടന സാധ്യതകളെക്കുറിച്ച് നേരിട്ട് അന്വേഷണവും നടത്തുന്നുണ്ട്. മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയെക്കൊണ്ട് ചെയ്യിക്കാതെ പ്രഖ്യാപിച്ചപ്പോഴും ബിജെപി അതിനെതിരെ രംഗത്ത് വന്നിരുന്നു.ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ ബൈപ്പാസിന്റെ എല്ലാ ജോലികളും പൂര്‍ത്തിയാക്കണമെന്ന് ദേശീയപാത അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ തന്നെ ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാരും ദേശീയപാതാ അതോറിറ്റി അധികൃതരും മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നതാണ്. നാലര പതിറ്റാണ്ടായുള്ള ജനങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോള്‍ ഉദ്ഘാടനത്തില്‍ തട്ടി വീണ്ടും നീണ്ടുപോകുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ ജോലികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ഏത് നിമിഷവും തുറന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടുള്ള രാഷ്ട്രീയക്കാരുടെ ഈ തമ്മിലടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."