വഴയില - പഴകുറ്റി റോഡ്: സാമൂഹിക പ്രത്യാഘാത പഠനത്തില്‍ പരാതിക്കാരെ കേള്‍ക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: വഴയില-നെടുമങ്ങാട്-പഴകുറ്റി റോഡ് നാലുവരി പാതയാക്കി വീതികൂട്ടുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് മുന്‍പ് സാമൂഹിക പ്രത്യാഘാത പഠനം നടത്തണമെന്നും പഠനത്തിന് നിയോഗിക്കുന്ന ഏജന്‍സി സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ച് പരാതിയുള്ളവരെ കേട്ട ശേഷം തീരുമാനമെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
നിലവിലുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. സബീസാ ഉമ്മാള്‍, അബ്ദുല്‍ സലാം, എം. മുഹമ്മദ് കാസിം നല്‍കിയ പരാതിയിലാണ് ഉത്തരവ്. പൊതുമരാമത്ത് തയാറാക്കിയ അലൈന്‍മെന്റ് യുക്തിക്ക് നിരക്കാത്തതാണെന്ന് പരാതിക്കാര്‍ പറഞ്ഞു. കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് ധാരാളം പ്രയാസങ്ങള്‍ ഇടവരുത്തുന്നതാണ് ഇത്. അലൈന്‍മെന്റ് തയാറാക്കുന്നതിന് മുന്‍പ് ജനങ്ങളെ കേട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ജില്ലാ കലക്ടറും പൊതുമരാമത്തും വിശദീകരണം ഹാജരാക്കി. 11.8652 ഹെക്ടര്‍ ഭൂമിയാണ് വഴയില-നെടുമങ്ങാട് റോഡിന്റെ വികസനത്തിന് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശാസ്ത്രീയമായി തയാറാക്കിയ അലൈന്‍മെന്റില്‍ മാറ്റം വരുത്താനാവില്ല. നിലവിലുള്ള റോഡ് അപകടകരമായ വളവുകളും തിരിവുകളും നിറഞ്ഞതാണ്. അപകടരഹിതമായ രീതിയില്‍ നാലുവരി പാതയാക്കുന്നതിന് ഐ.ആര്‍.സി മാനദണ്ഡങ്ങള്‍ പ്രകാരമാണ് പുതിയ അലൈന്‍മെന്റ് തയാറാക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അലൈന്‍മെന്റ് മാറ്റിയാല്‍ അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമായിരിക്കും. ലാന്റ് അക്വിസിഷന്‍ നിയമ പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം നഷ്ടമാകുന്നവര്‍ക്ക് പാക്കേജ് പ്രകാരം വില നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 340 കോടിയുടെ പദ്ധതി സമര്‍പ്പിച്ചെങ്കിലും കിഫ്ബി അംഗീകാരം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അലൈന്‍മെന്റ് മാറ്റിയില്ലെങ്കില്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകുമെന്ന് പരാതിക്കാര്‍ കമ്മിഷനെ അറിയിച്ചു.
സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്ന് ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു. അതിനുമുന്‍പ് പരാതിക്കാരെ കേള്‍ക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പരാതിക്കാര്‍ക്ക് ഏജന്‍സിയുടെ മുന്നില്‍ വാദങ്ങള്‍ അവതരിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."