HOME
DETAILS
MAL
ആടുജീവിതത്തിന്റെ മറ്റൊരു ഇര; മരുഭൂമിയിൽ ഉരുകിത്തീർന്നത് 12 വർഷം
backup
January 02 2020 | 14:01 PM
റിയാദ്: ആട് ജീവിതത്തിന്റെ ഇരയായി മറ്റൊരാൾ കൂടി. സഊദി മരുഭൂമിയിൽ ശിവകുമാർ നേരിട്ട അനുഭവം ആരുടേയും കരളലിയിക്കുന്നതാണ് . ഒരു വ്യാഴവട്ടകാലം മണൽപ്പരപ്പിലെ വിജനതയിൽ നടന്നതിനിടെ സ്വന്തം മാതൃ ഭാഷ പോലും മറന്നു പോയിരുന്നു ശിവകുമാർ. ഒടുവിൽ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുഭൂമിയുമായി മല്ലടിച്ചാണ് പുറം ലോകം കണ്ടത്. തമിഴ്‌നാട് തഞ്ചാവൂർ മുതലച്ചേരി സ്വദേശി ശിവകുമാറാണ് (45) സാഹസിക രക്ഷപ്പെടലിലൂടെ സ്വന്തം നാട് കണ്ടത്താൻ സാധിച്ചത്.
33ാം വയസ്സിൽ ഏജൻറ് നൽകിയ വിസയിൽ അൽഖർജിലെ ഒരു കൃഷിത്തോട്ടത്തിൽ ജോലിക്കെത്തിയതാണ് ശിവകുമാർ. കൃഷിപ്പണി എന്നാണ് ഏജൻറ് പറഞ്ഞതെങ്കിലും കിട്ടിയത് ഇടയ ജോലിയായിരുന്നു. വെറും 500 റിയാൽ ശമ്പളത്തിലാണ് ജോലിക്കെത്തിയത്. മാടുകൾക്കൊപ്പം കൂട്ടിനായുണ്ടായിരുന്നത് മറ്റൊരു ഇന്ത്യക്കാരൻ മാത്രം. നാട്ടിലേക്ക് കൃതയുമായി ഫോൺ പോലും ചെയ്യാൻ സാധിച്ചിരുന്നില്ല. നാട്ടിലേക്ക് പോകാനായി ചോദിക്കുമ്പോഴെല്ലാം നിഷേധിക്കുകയായിരുന്നു സ്പോൺസർ. ചുരുങ്ങിയ ശമ്പളം കൃത്യമായി ലഭിച്ചില്ലെന്ന് മാത്രമല്ല വിശപ്പകറ്റാൻ ലഭിച്ചിരുന്നത് ഉണങ്ങിയ റൊട്ടിയും ഉപ്പ് പോലും ചേർക്കാത്ത വെറും പരിപ്പ് കറിയും മാത്രം. ഉണക്ക റൊട്ടി വെള്ളത്തിലിട്ട് കുതിർത്ത് മയം വരുത്തിയിട്ടാണ് വിശപ്പകറ്റിയിരുന്നത്. എന്നാലും, ഇതുപോലും കിട്ടാതെ പട്ടിണിയും കിടക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും, നാട്ടിലെ പ്രാരാബ്ധമോർത്ത് എല്ലാം സഹിച്ച് കഴിച്ചുകൂട്ടുകയായിരുന്നു. ഇതിനടിയിൽ സ്പോൺസറുടെ മരണത്തിനു ശേഷം മകൻ കാര്യങ്ങൾ ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ ദുരിതമയമായി.
12 വർഷമാണ് ഇങ്ങനെ കടന്നുപോയത്. നാലു വർഷത്തെ ശമ്പളം മുഴുവനായി കുടിശ്ശികയുമായി. ചോദിക്കുമ്പോഴെല്ലാം പിന്നീട് തരാമെന്നായിരുന്നു സ്‌പോൺസറുടെ മറുപടി. ഏറെ സഹിച്ചതിനു ശേഷമാണ് ഒരു രാത്രിയിൽ അവിടെനിന്ന് രക്ഷപ്പെടാൻ തീരുമാനിച്ചത്. പിന്നീട് മറ്റൊരു യുദ്ധമായിരുന്നു. മരുഭൂമിയിൽ നിന്ന് പുറത്ത് കടക്കാനുള്ള ഒറ്റയാൾ പോരാട്ടം. ഒരു കന്നാസ് നിറയെ വെള്ളവുമായി മരുഭൂമിയിലൂടെ നടന്നു. രണ്ടാം ദിവസം അൽഖർജ് പട്ടണത്തിലെത്തി. അവിടത്തെ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. വിവരമറിഞ്ഞ് കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തി ശിവകുമാറിെൻറ സംരക്ഷണം ഏറ്റെടുക്കുകയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുകയും ചെയ്തു. നീതിക്കുവേണ്ടി ഗവർണർക്കും അഫ്‌ലാജ് പൊലീസിനും പരാതി നൽകി.
എന്നാൽ, കേസുമായി മുന്നോട്ടുപോകാൻ താൽപര്യമിെല്ലന്നും എത്രയും വേഗം നാട്ടിലെത്തിയാൽ മതിയെന്നും ശിവകുമാർ പറഞ്ഞതോടെ ഇന്ത്യൻ എംബസിയിൽനിന്ന് ഔട്ട് പാസ് ശരിയാക്കുകയും വിമാന ടിക്കറ്റിനുള്ള പണം സ്വരൂപിക്കുകയും ചെയ്തശേഷം എക്സിറ്റ് വിസ നേടുന്നതിന് ദമാമിലെ സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തെ ഏൽപിച്ചു. അദ്ദേഹത്തിെൻറ ശ്രമഫലമായി കിഴക്കൻ പ്രവിശ്യ തർഹീൽ മേധാവിയുടെ സഹായത്തോടെ എക്സിറ്റ് നടപടികൾ പൂർത്തീകരിച്ചു. മരുഭൂമിയിൽ ഇക്കാലമത്രയും ആരോടും ഇടപഴകാതിരുന്നതിനാൽ സ്വന്തം ഭാഷതന്നെ മറന്നുപോയിരുന്നു. അറബി മാത്രമായിരുന്നു ഒടുവിൽ നാവിലുണ്ടായിരുന്ന ഭാഷ. സഹായിച്ചവർക്കെല്ലാം നന്ദിപറഞ്ഞ് കഴിഞ്ഞ ദിവസം ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."