അട്ടപ്പാടിയിലെ ശിശുമരണം: യൂനിസെഫിന്റെ നേതൃത്വത്തില്‍ പഠനം നടത്തുമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണങ്ങളെക്കുറിച്ച് യൂനിസെഫിന്റെ നേതൃത്വത്തില്‍ പഠനം നടത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഈ സംഘത്തില്‍ വിവിധ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും ഉണ്ടാകും. യൂനിസെഫിന്റെ സംഘം ജനുവരി അവസാനം അട്ടപ്പാടിയിലെത്തുന്നതാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മാസത്തിലൊരിക്കല്‍ അട്ടപ്പാടി സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അഗളി, കോട്ടത്തറ എന്നിവിടങ്ങളില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാനായി ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് എന്നിവ ഏകോപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് പൊതുവെ ശിശുമരണ നിരക്ക് കുറക്കാനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് വരുന്നത്.
അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങളില്‍ ചിലത് ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഒരുഘട്ടത്തില്‍ അട്ടപ്പാടിയിലെ ശിശുമരണം നന്നായി കുറച്ചുകൊണ്ടുവന്ന് എട്ടുവരെ ആക്കാന്‍ കഴിഞ്ഞതാണ്. ആ എട്ടില്‍ നിന്ന് 14 ആയതിനാലാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശിശുമരണ നിരക്ക് കുറച്ചുകൊണ്ടു വരാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മാത്രമല്ല മതിയായ സൗകര്യങ്ങളുമുണ്ട്. ഇനിയും കൂടുതല്‍ സൗകര്യങ്ങള്‍ വേണമെങ്കില്‍ അതും അനുവദിക്കുന്നതാണ്. അട്ടപ്പാടി മേഖലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആദ്യത്തെ വര്‍ഷത്തില്‍ തെരഞ്ഞെടുത്ത ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവയേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫീല്‍ഡ് വര്‍ക്കിലും നല്ല പുരോഗതിയുണ്ട്. അതിനാലാണ് ആശുപത്രിയില്‍ നിന്ന് വിട്ടുകഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞുള്ള മരണങ്ങള്‍ കൂടി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ശിശുമരണ നിരക്ക് കുറച്ചു കൊണ്ടുവരുന്നതുവരെ പരിശോധനകള്‍ തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. എം.ബി രാജേഷ് എം.പി, ഷംസുദ്ദീന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, വനിത ശുശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ഡി.എം.ഒ ഡോ. റീത്ത, ആശുപത്രി ജീവനക്കാര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."