മലമ്പുഴ മേഖലയില്‍ നിന്നും വീണ്ടും മരംമുറിച്ചു കടത്തല്‍ വ്യാപകമാകുന്നു
മലമ്പുഴ: മലമ്പുഴ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും ഒരിടവേളയ്ക്കുശേഷം വീണ്ടും ചെറിയമരങ്ങള്‍ മുറിച്ചു കടത്തല്‍ പതിവാകുന്നു. കോഴിമല ഭാഗത്തെ ചമ്പാക്കാട് തുരുത്തുകളില്‍ നിന്നും കടത്താന്‍ വേണ്ടി ചെറിയമരങ്ങള്‍ ദിവസങ്ങളായി മുറിച്ചിട്ടിരിക്കുന്നു. ഇതില്‍ അഞ്ഞൂറോളം അക്കേഷ്യ ഇനത്തില്‍പ്പെട്ട മരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും രാത്രികാലങ്ങളില്‍ പ്രദേശത്ത് ആരുമില്ലാത്ത സമയങ്ങളിലാണ് മരങ്ങള്‍ മുറിച്ചു കടത്തുന്നതെന്നാണറിയുന്നത്.
ജലസേചനവകുപ്പിന്റെയും വനംവകുപ്പിന്റെയും ചേര്‍ന്നിരിക്കുന്ന ഭാഗമായ കോഴിമല ചമ്പാക്കാട് ഭാഗങ്ങളില്‍ ഇതിനുമുമ്പും അനധികൃതമായി മരംമുറിച്ചു കടത്തിയിരുന്നു. മുമ്പ് സമൂഹ്യവനവത്കരണ വിഭാഗം വെച്ചുപിടിപ്പിച്ച മരങ്ങളാണ് ഇപ്പോള്‍ മാഫിയകള്‍ വന്‍തോതില്‍ മുറിച്ചു കടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്തേക്കുള്ള വഴി ചെറുതായതിനാല്‍ ട്രാക്ടര്‍, ടെബോ എന്നീ വാഹനങ്ങള്‍ ഡാമിലേക്കിറക്കിയാണ് മരങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നത്. ആനയിറങ്ങുന്ന സ്ഥലങ്ങളായതിനാല്‍ പ്രദേശത്ത് രാത്രികാലങ്ങളില്‍ ജനസഞ്ചാരം കുറവാണെന്നത് മുതലെടുത്താണ് ഇത്തരം മരം കടത്ത് നടത്തുന്നത്. പകല്‍ സമയത്തുപോലും പ്രദേശത്ത് അധികമാരും എത്താറില്ല.
ഇത്തരത്തില്‍ മുറിച്ചു കടത്തുന്ന മരങ്ങള്‍ കെട്ടിടനിര്‍മ്മാണത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കാുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പരിസ്ഥിതിദിനാചാരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപ്പിടിപ്പിച്ചതിന്റെ സമീപത്താണ് ഇപ്പോള്‍ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നതെന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിരിക്കുന്നത്.
നേരത്തെ ഇത്തരത്തില്‍ അനധികൃത മരങ്ങള്‍ മുറിച്ചു കടത്തുന്നത് വിവാദമായിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നും ഉണ്ടാവാതിരുന്നതാണ് വീണ്ടും മരം കടത്ത് മാഫിയകള്‍ക്ക് സഹായികമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."