HOME
DETAILS

മോദിയെ പിന്തുണക്കുന്നു; അദ്ദേഹം മഹാനാണ്'

  
backup
January 03 2020 | 01:01 AM

athira-chembakasheri-madathil-03-01-2020

'

 


രാജ്യത്തിന്റെ പൊതുനന്മക്കോ നാശത്തിനോ കാരണമാകുന്ന എന്തെങ്കിലും ചെയ്യുന്ന ഭരണാധികാരികളെയാണ് എന്നും ചരിത്രത്തില്‍ രേഖപ്പെടുത്താറുള്ളൂ. അത്തരത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തീര്‍ച്ചയായും ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മതത്തിന്റെ, ജാതിയുടെ, വിശ്വാസ പ്രമാണങ്ങളുടെ, രാഷ്ട്രീയ നിലപാടുകളുടെ, സമ്പത്തിന്റെയൊക്കെ അടിസ്ഥാനത്തില്‍ പല ചേരികളിലായി മാറിനിന്ന് പരസ്പരം പോരടിച്ചിരുന്ന ഒരു ജനതയെ ഒരു കരിനിയമത്തിന്റെ പേരില്‍ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്താന്‍ പ്രധാനമന്ത്രിക്കും, വിദൂഷകന്റെ റോള്‍ ഭംഗിയായി നിറവേറ്റുന്ന അദ്ദേഹത്തിന്റെ ഉപദേശകന്‍ കൂടിയായ അമിത്ഷായ്ക്കും കഴിഞ്ഞിരിക്കുന്നു. വര്‍ഗീയതക്കെതിരേയും ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരേയും രാജ്യം ഒന്നിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജനത നന്ദി പറഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് കാര്യത്തില്‍, എപ്പോഴാണ് അവരോട് നിങ്ങള്‍ നന്ദി പറയുക.
പൗരത്വനിയമഭേദഗതിയിലൂടെ മോദിയും അമിത്ഷായും സ്വപ്നം കണ്ടത് മുസ്‌ലിംകള്‍ കുറച്ചുനാള്‍ ബഹളം ഉണ്ടാക്കി മടുക്കുമ്പോള്‍ സമരങ്ങള്‍ മതിയാക്കി മാറിനില്‍ക്കുമെന്നായിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ കേന്ദ്രീകൃത നേതൃ സംവിധാനം ഇല്ലാത്തതും ആശയപരവും രാഷ്ട്രീയപരവുമായ ഭിന്നതകള്‍ സമരങ്ങളെ പെട്ടെന്ന് തളര്‍ത്തുമെന്നുമായിരുന്നു അവരുടെ ചിന്ത. എന്നാല്‍ ഇന്ത്യാരാജ്യമൊട്ടാകെ മുസ്‌ലിംകളെ പോലും ഞെട്ടിച്ചുകൊണ്ട് പൗരത്വനിയമഭേദഗതിക്കെതിരേ സഹോദരസമുദായാംഗങ്ങളും ഒരു മതത്തിലും വിശ്വാസമില്ലാത്തവരും മുഴുവന്‍ തെരുവിലിറങ്ങിയതു കണ്ട് ഫാസിസ്റ്റ് ഭരണകൂടം വിറങ്ങലിച്ചുനില്‍ക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബഹുസ്വരതയെ നെഞ്ചിലേറ്റിയ ഒരു ജനതയുടെ ഇച്ഛാശക്തിയെ വരച്ചുകാണിക്കുന്ന പ്രതിഷേധ ജ്വാലകള്‍ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ തലയില്‍ കൈവച്ച് നില്‍ക്കുന്നു 'ബുദ്ധിരാക്ഷസനായ' അമിത്ഷാ.
ഇന്ത്യന്‍ജനതയുടെ മനസ്സും പൈതൃകവും എന്തെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് കണ്ടാണ് ഈയുള്ളവള്‍ക്ക് മോദിയോടും അമിത്ഷായോടും ബഹുമാനവും നന്ദിയും തോന്നുന്നത്. ഇതിനുമുമ്പ് രാജ്യം ഭരിച്ച ഏത് ഭരണാധികാരിക്കാണ് ഇതുപോലെ ഇന്ത്യക്കാരെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരു വിഷയത്തില്‍ അഭിപ്രായ ഭിന്നതകളും ശത്രുതപോലും മാറ്റിവെച്ച് ഒരു വേദിയില്‍ ഒന്നിച്ച് ഇരിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തിട്ടുള്ളത്. വര്‍ഗീയത തലക്കുപിടിച്ച തീരെ ചെറിയൊരു വിഭാഗം ഒഴികെ മഹാഭൂരിപക്ഷവും രാജ്യത്തിന്റെ ഐക്യവും സമാധാനവും തകരരുതെന്ന് ആഗ്രഹിച്ച് രാപകല്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
ഇത് രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ നവോത്ഥാനമല്ലേ... എങ്കില്‍ മോദി മഹാനല്ലേ... തീര്‍ച്ചയായും അതേ എന്നേ പറായാനാകൂ. അതിജീവനത്തിന്റെ ചരിത്രം എന്നത് വ്യവസ്ഥയ്ക്ക് അനുകൂലമായി ജീവിച്ച അതിന്റെ ഗുണഭോക്താക്കളുടേത് മാത്രമല്ല, അതിനെതിരേ സമരം ചെയ്ത് അതില്‍ തങ്ങളുടെ നിലനില്‍പിന്റെ ഇടം പിടിച്ച് വാങ്ങിയവരുടേത് കൂടിയാണ്. അതുകൊണ്ടുതന്നെ സമരം ഇന്ത്യ നശിച്ചുപോകരുതെന്നാഗ്രഹിച്ച് സമരരംഗത്തിറങ്ങിയവരുടെ അതിജീവനത്തിന്റെ ഒരു ആദ്യപാഠമാകുന്നു.
അതോടൊപ്പം രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ വെട്ടിമുറിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് ഇത് വെല്ലുവിളിയുമാകുന്നു. എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ചേര്‍ന്ന് ചെയ്യുന്ന എല്ലാവരുടെയും സമരം എന്ന് ജനാധിപത്യത്തിന്റെ പ്രശസ്തമായ ലിങ്കന്‍ നിര്‍വചനത്തെ അവലംബമാക്കി ഈ ജനാധിപത്യസമരങ്ങള്‍ക്കും അതേ സ്ഥാനം നല്‍കാം. രാജ്യത്തിന്റെ പൊതുബോധം സമരങ്ങളെ സമീപിക്കുന്നതും ഏതാണ്ട് ഈ യുക്തിയെ മുന്‍ നിര്‍ത്തിയാണെന്ന് സംശയമില്ലാതെ പറയാനാകും. അതുകൊണ്ടാണ് തണുത്തുറയുന്ന തെരുവീഥികളെ പ്രതിഷേധാഗ്‌നിയാല്‍ ചൂടുപിടിപ്പിച്ച് രാജ്യമെങ്ങും പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തമാകുന്നത്. തലസ്ഥാന നഗരിയിലുള്‍പെടെ കൊടുംതണുപ്പ് വകവയ്ക്കാതെ പൗരത്വനിയമത്തിനെതിരേ ആണ്‍പെണ്‍ ഭേദമന്യേ പ്രായം പോലും വകവെക്കാതെ രാജ്യം തെരുവിലേക്കിറങ്ങിയിരിക്കുന്നത്. ദിവസങ്ങള്‍ പ്രായമുള്ള ഇളംപൈതല്‍ മുതല്‍ വയോവൃദ്ധര്‍ വരെയുണ്ട് പോരാട്ടക്കൂട്ടത്തില്‍. മുദ്രാവാക്യം വിളികളാല്‍ മുഖരിതമാകുന്നു രാജ്യം.
ഷഹീന്‍ ബാഗിലെ നോയിഡ കാളിന്ദി കുഞ്ച് ദേശീയപാതയില്‍ ആയിരക്കണക്കിനാളുകളാണു പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ പുതുവര്‍ഷരാവില്‍ ഒത്തുകൂടിയത്. ആസാദി മുദ്രാവാക്യം മുഴക്കിയും പാട്ടുപാടിയുമാണ് ഇവര്‍ പുതുവര്‍ഷത്തെ വരവേറ്റത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടുംശൈത്യം വകവെക്കാതെ തെരുവിലാണ് ഇവിടുത്തെ വീട്ടമ്മമാര്‍. കലാകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്ന പ്രതിഷേധത്തെ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കലാകാരന്മാര്‍ ചേര്‍ന്ന് 'ആര്‍ട്ട് തെറാപ്പി' പരിപാടികളും അവിടെയെത്തിച്ചേര്‍ന്ന കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചതു ശ്രദ്ധേയമാകുന്നു.
വാട്‌സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ക്കൂടിയാണു പ്രതിഷേധം ശക്തിപ്രാപിക്കുന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ പ്രഖ്യാപിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഭരണഘടന വായിച്ചാണ് 2020നെ സ്വീകരിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാലയാണ് തീര്‍ത്തത്. ഉമര്‍ ഖാലിദിനെ പങ്കെടുപ്പിച്ച് സാംസ്‌കാരിക കൂട്ടായ്മ ന്യൂ ഇയര്‍ ആസാദി സംഘടിപ്പിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂ ഇയറിനെ വരവേറ്റ് പാപ്പാഞ്ഞി കത്തിച്ചപ്പോള്‍ മോദിയുടേയും അമിത് ഷായുടേയും കോലം കത്തിച്ചു പ്രതിഷേധക്കാര്‍. ഇനിയെങ്കിലും കേന്ദ്രം ഭരിക്കുന്നവര്‍ പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നത് ഉള്‍ക്കൊള്ളാനും തയ്യാറാകണം. അതാണ് ജനാധിപത്യം. പൊലിസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നോക്കിയാല്‍ അതിനു കനത്ത തിരിച്ചടി ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല.
വിദ്യാര്‍ഥി യുവജന സമൂഹമാണ് ഇപ്പോള്‍ അനീതിക്കെതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവര്‍ക്ക് തൊഴിലില്ല. രാജ്യത്തെ സര്‍വകലാശാലകളിലും കാംപസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ നോക്കുന്നത്. കാംപസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെയും പൊലിസ് തേര്‍വാഴ്ച ഉണ്ടായി. കലാ, സാംസ്‌കാരിക പ്രവര്‍ത്തകരെയും ജയിലിലടക്കുന്നു. ബി.ജെ.പിസര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണെന്ന് പറയാതെ വയ്യ. അവര്‍ പാര്‍ട്ടിയുടെ അജന്‍ഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും പരിഹാരമില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്. ഇന്ത്യാ വിഭജനകാലത്ത് മുസ്‌ലിം ജനവിഭാഗത്തെ സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും ആ ദൗത്യത്തിനിടയില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായ നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാമെന്ന മണ്ടന്‍ ചിന്തയാണ് ഭരണാധികാരികള്‍ക്ക്.
ജമ്മു കാശ്മിരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങള്‍ കനക്കുമ്പോള്‍ ലോക്‌സഭയില്‍ പിന്തുണ നല്‍കിയവരും സര്‍ക്കാരിനെതിരാവുന്നു എന്ന വാര്‍ത്തകള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ ആശ്വാസം പകരുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ ആന്ധ്രപ്രദേശില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിരുന്നത്.
ആന്ധ്രപ്രദേശ് കൂടെ എതിര്‍ത്തതോടെ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസം പൗരത്വ നിയമം രാജസ്ഥാനില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അറിയിച്ചിരുന്നു. ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ പൗരത്വ നിയമത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  15 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  15 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  15 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  15 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  15 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  15 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  15 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  15 days ago