പുതിയ നികുതിയുമായി ബഹ്‌റൈന്‍ പുതുവര്‍ഷത്തിലേക്ക്; വാറ്റില്‍ നിന്ന് 1400 സര്‍ക്കാര്‍ സേവനങ്ങളെ ഒഴിവാക്കി
#ഉബൈദുല്ല റഹ്മാനി
മനാമ: മൂല്യവര്‍ധിത നികുതിയായ വാറ്റ് നടപ്പിലാക്കി ബഹ്‌റൈന്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ, രാജ്യത്ത് വാറ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങള്‍ ധനമന്ത്രാലയത്തിന് സമര്‍പ്പിച്ചു.
ഇതില്‍ പുതുതായി 1400 സര്‍ക്കാര്‍ സേവനങ്ങളെ കൂടി വാറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ ഈ തീരുമാനമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ, സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അബ്ദുന്നാസിര്‍ വ്യക്തമാക്കി.
വാറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജിസിസി രാഷ്ട്രങ്ങളുടെ ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈന്‍ അംഗീകരിച്ചതോടെയാണ് രാജ്യം വാറ്റ് നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഇതനുസരിച്ച് 2019 ജനുവരി 1 മുതല്‍ രാജ്യത്ത് വാറ്റ് നിലവില്‍ വരുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ, വാറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ് കാബിനറ്റ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായതെന്നും സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അബ്ദുന്നാസിര്‍ വിശദീകരിച്ചു.
പുതിയ നികുതി നടപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു വാറ്റ് നടപ്പിലാക്കിയ ശേഷം, വിപണിയില്‍ പരിശോധനകള്‍ നടത്താനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും വാണിജ്യവ്യവസായടൂറിസം മന്ത്രാലയത്തിന് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നേരത്തെ വാറ്റ് നടപ്പിലാക്കിയ വിവിധ ഇതര ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ബഹ്‌റൈനില്‍ അടിസ്ഥാന ഭക്ഷണ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഒഴിവാക്കിയത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണെന്നും യോഗം വിലയിരുത്തി.
2019-2022 കാലത്ത് സാമ്പത്തിക സന്തുലിതത്വം പാലിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. 2022ല്‍ ലക്ഷ്യം നേടുന്ന രൂപത്തിലുള്ള പ്രവര്‍ത്തന പദ്ധതിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. വരവ്‌ചെലവ് സന്തുലിതപ്പെടുത്താനുള്ള ബഹ്‌റൈന്‍ ശ്രമങ്ങള്‍ക്ക് അറബ് മോണിട്ടറി ഫണ്ട് നല്‍കിയ പിന്തുണക്കും കാബിനറ്റ് യോഗം നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അബ്ദുന്നാസിര്‍ വിശദീകരിച്ചു.
വാറ്റിനു പുറമെ, ഇതര വിഷയങ്ങളും കാബിനറ്റില്‍ ചര്‍ച്ചയായി. ബഹ്‌റൈനിലെ 'നാഷനല്‍ അതോറിറ്റി ഫോര്‍ ഹെല്‍ത് പ്രൊഫഷന്‍സ് ആന്റ് സര്‍വീസസും' സൗദിയിലെ 'ഫുഡ് ആന്റ് ഡ്രഗ്‌സ് ജനറല്‍ അതോറിറ്റി'യും തമ്മില്‍ സഹകരിക്കുന്നതിന് അംഗീകാരം നല്‍കി. യുവജനകായിക മന്ത്രാലയ സേവനം എല്ലാ യുവാക്കള്‍ക്കും ലഭ്യമാക്കുന്നതിെന്റ ഭാഗമായി നിലവിലുള്ള പ്രായ പരിധി 35 വയസുവരെ നീട്ടാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സമിതിക്ക് വിടാന്‍ തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നല്‍കി.
പരിസ്ഥിതികാര്യ സുപ്രീം കൗണ്‍സിലുമായി സഹകരിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും. മാലിന്യ സംസ്‌കരണം, വാതക ചോര്‍ച്ച പരിഹാരം എന്നീ മേഖലകളില്‍ വിദേശ മുതല്‍ മുടക്കില്‍ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കും. ഹോട്ടല്‍ സേവനങ്ങള്‍ക്കുള്ള സേവന നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.
ഈജിപ്തിലെ അല്‍ജീസ പ്രവിശ്യയിലുണ്ടായ തീവ്രവാദ സ്‌ഫോടനത്തെ മന്ത്രിസഭായോഗം അപലപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഈജിപ്തിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. പുതിയ വര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ കിരീടാവകാശിയും മന്ത്രിമാരും രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകളറിയിച്ചു. കൂടുതല്‍ സമാധാനവും ശാന്തിയും നേടാനും പുരോ ഗതിയുടെ വഴിയില്‍ മുന്നേറാനും സാധിക്കട്ടെയെന്നും റോയല്‍ ഫാമിലി അംഗങ്ങളും ഭരണാധികാരികളും പുറത്തിറക്കിയ പുതുവത്സര സന്ദേശങ്ങളിലും ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."