ശ്രീചിത്തിരയില്‍ ഡയറക്ടറുടെ ഏകാധിപത്യമെന്ന്, സെന്‍കുമാറിന്റെ പരാതിയില്‍ അന്വേഷണത്തിന് കേന്ദ്ര ഉത്തരവ്, ഏതന്വേഷണത്തിനും തയാറെന്ന് അധികൃതര്‍: അന്വേഷണം ജേക്കബ് തോമസ് ഉള്‍പ്പെട്ട മൂന്നംഗ സംഘത്തിന്
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്രമക്കേടുകള്‍ക്കെതിരേ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. നാലും അഞ്ചും പേറ്റന്റ് ഉള്ളവര്‍ക്കുപോലും ഇവിടെ ജോലി ലഭിക്കുന്നില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ നിയമിക്കുന്നുവെന്നും നിയമനത്തില്‍ സ്വജനപക്ഷപാതമാണ് കാണിക്കുന്നതെന്നുമാണ് സെന്‍കുമാറിന്റെ ആക്ഷേപങ്ങള്‍.
പട്ടികജാതിവര്‍ഗ സംവരണം പാലിക്കാറില്ല, തിരഞ്ഞെടുപ്പുസമിതിയില്‍ ആ വിഭാഗത്തില്‍നിന്നുള്ളവര്‍ വേണമെന്നുണ്ടെങ്കിലും അവര്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്കിടാനുള്ള അധികാരം നല്‍കാറില്ലെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.
നിസ്സാരകാര്യങ്ങള്‍ക്കുപോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കുന്നു, പലര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുമ്പോഴാകും മെമ്മോ ലഭിക്കുക. ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയുന്നു, ഇതിനെതിരേ പരാതിനല്‍കാനുള്ള സംവിധാനമില്ല. രാത്രി ഒന്‍പതുമണിവരെ ഒ.പി. നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.
ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ചതിനാലാണെന്നും സെന്‍കുമാര്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികള്‍ ഭരണസമിതിയിലുണ്ട്. ശ്രീചിത്രയില്‍ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയില്‍ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നല്‍കിയ പരാതിയില്‍ പറയുന്നത്. സെന്‍കുമാറിന്റെ പരാതിയില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ജേക്കബ് തോമസ് ഉള്‍പ്പെട്ട സംഘത്തെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്.
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ഗോവര്‍ധന്‍ മേത്ത, നിംഹാന്‍സ് ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ.ബി.എന്‍. ഗംഗാധരന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ജനുവരി 31നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ടി. ലളിത്കുമാര്‍ സിങ്ങിന്റെ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നാണ് ശ്രീചിത്ര അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."