റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തെ പുറത്താക്കി കേന്ദ്രം: നിലവാരമില്ലാത്തതിനാലെന്ന് വിശദീകരണം,രാഷ്ട്രീയ പ്രേരിത നടപടിക്കെതിരേ കടുത്ത പ്രതിഷേധം
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഉണ്ടാകില്ല. പ്രതിരോധ മന്ത്രാലയം ഒഴിവാക്കുകയായിരുന്നു. കാരണമെന്തെന്നുവ്യക്തമല്ലെങ്കിലും പൗരത്വഭേദഗതി നിയമത്തിനെതിരേ ഈ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടിനോടുള്ള പ്രതികാര നടപടിയാണെന്നാണ് സൂചന.
പശ്ചിമ ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്‌ലോട്ടുകള്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തെയും തഴഞ്ഞത്. കേന്ദ്ര സര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയില്‍ ഭരണത്തില്‍ നിന്നു പുറത്തായതാകാം കാരണം. ഇവിടെ ബി.ജെ.പിയുമായി ഇടഞ്ഞാണ് ശിവസേന സഖ്യ സര്‍ക്കാരുണ്ടാക്കിയത്.
രാഷ്ട്രീയ പ്രേരിതമായ നടപടിക്കെതിരേ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അതേ സമയം റിപ്പബ്ലിക് ദിനപരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നുമാണ് ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്റെ പ്രതികരണം.
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധ സമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. വെള്ളം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളുള്‍പ്പെടുത്തിയ വികസന പ്രവര്‍ത്തനങ്ങളുടടെ നിശ്ചല ദൃശ്യം ബംഗാള്‍ നല്‍കി. ബംഗാളില്‍ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒരുക്കിയിരുന്നത്.
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാം ഘട്ടത്തില്‍ തന്നെ പുറത്തായി.
ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."