കിരാലൂര്‍ എല്‍.പി സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ആഹ്ലാദത്തില്‍
എരുമപ്പെട്ടി: അടച്ച്പൂട്ടിയ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധ്യാപകരേയും വിദ്യാര്‍ഥികളേയും ആഹ്ലാദത്തിലാഴ്ത്തി. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നതോടെ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കി സന്തോഷം പങ്കുവെച്ചു.
80 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള കിരാലൂര്‍ എല്‍.പി സ്‌കൂളിന് ഒരു വസന്തകാലമുണ്ടായിരുന്നു. ക്ലാസ് മുറികളില്‍ തിങ്ങിനിറഞ്ഞ് 400 ലധികം കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠനം നടത്തിയിരുന്നത്. എന്നാല്‍ 2010 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ അടച്ച് പൂട്ടണമെന്ന് മാനേജര്‍ കടുത്ത തീരുമാനമെടുത്തതോടെ സ്‌കൂളിന്റെ ദുരിതകാലം ആരംഭിക്കുകയായിരുന്നു.
സ്‌കൂള്‍ അടച്ച് പൂട്ടുമെന്ന് പ്രചാരണം നടത്തുന്നതോടൊപ്പം തന്നെ മാനേജര്‍ കുട്ടികളെ നിര്‍ബന്ധമായി ടി.സി നല്‍കി സ്‌കൂളില്‍ നിന്നും പറഞ്ഞു വിട്ടു. അതോടെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. കുട്ടികള്‍ കുറഞ്ഞതോടെ ഭൂരിഭാഗം അധ്യാപകര്‍ക്കും സ്‌കൂള്‍ വിട്ട് പോകേണ്ടിവന്നു.
ഇപ്പോള്‍ 41 കുട്ടികളും പ്രധാന അധ്യാപിക അടക്കം നാല് അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. 2011 ലാണ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ മാനേജര്‍ നിയമപരമായി നടപടികള്‍ സ്വീകരിച്ച് തുടങ്ങിയത്. 2011 അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവ ദിവസം മാനേജര്‍ സ്‌കൂള്‍ താഴിട്ട് പൂട്ടിയെങ്കിലും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ബലമായി തുറന്ന് അധ്യയനം ആരംഭിക്കുകയായിരുന്നു.
പിന്നീട് സ്‌കൂള്‍ സംരക്ഷണ സമിതി രൂപീകരിച്ചാണ് നാട്ടുകാര്‍ സ്‌കൂള്‍ പഠനം നടത്തിവരുന്നത്. എന്നാല്‍ ഈ അധ്യയന വര്‍ഷ ആരംഭത്തിന് രണ്ട് ദിവസം മുന്‍പ് ഹൈകോടതിയുടെ ഉത്തരവ് പ്രകാരം വടക്കാഞ്ചേരി എ.ഇ.ഒ സ്‌കൂള്‍ അടച്ച് പൂട്ടുകയായിരുന്നു. പിന്നീട് സ്‌കൂളിന് മുന്നില്‍ തെരുവോരത്ത് പ്രവേശനോത്സവം സംഘടിപ്പിച്ച സ്‌കൂള്‍ സംരക്ഷണ സമിതി സ്‌കൂളിലെ അടച്ചിട്ട ക്ലാസ് മൂറികള്‍ തുറന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരിക്കികൊടുത്തു.
കിരാലൂര്‍ ഹരിജന്‍ കോളനികളിലെ നിര്‍ധന കുടുംബാഗങ്ങളായ കുട്ടികളാണ് ഭൂരിഭാഗവും സ്‌കൂളില്‍ പഠനം നടത്തുന്നത്. ആശ്രയിക്കാന്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന തിരിച്ചറിവാണ് പ്രധാന അധ്യാപികയും സഹപ്രവര്‍ത്തകരും നാട്ടുകാര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനമെടുത്തത്.
സ്‌കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനമാനമെടുത്തതോടെ ഏറ്റവും അധികം സന്തോഷത്തിലായതും ഈ അധ്യാപകരും കുട്ടികളുമാണ്.
നിലവിലെ ഹൈകോടതിയുടെ വിധി പ്രതികൂലമാണെങ്കിലും സര്‍ക്കാര്‍ ഇടപ്പെട്ട് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഈ വിദ്യാലയം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അധ്യാപകരും കുട്ടികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."