സ്കൂളുകള്‍ക്ക് അവധി; കോഴിക്കോട് ഡി.ഡി.ഇക്കെതിരേ പ്രതിഷേധമിരമ്പി
കോഴിക്കോട്: വനിതാ മതില് ദിവസം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ്, എം.എസ്.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ പൊലിസ് തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ മതില് ചാടിക്കടന്ന് ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ ഉപരോധം തീര്‍ക്കുകയായിരുന്നു. ഓഫിസിന് മുന്നില്‍ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിലും ഗേറ്റിന് മുന്പില് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.
ആദ്യം സ്കൂളുകള്‍ക്ക് മുഴുവന്‍ അവധി പ്രഖ്യാപിക്കുകയും പിന്നീടത് ഉച്ചയ്ക്ക് ശേഷമാക്കി മാറ്റുകയുമായിരുന്നു. പ്രതിഷേധം ഭയന്ന് ഡി.ഡി.ഇ ഓഫിസിലെത്തിയിരുന്നില്ല.
ഒരു മണിക്കൂര്‍ നീണ്ട ഉപരോധത്തിനുശേഷം പ്രതിഷേധ സൂചകമായി ഡി.ഡി.ഇ യുടെ ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിക്കുകയുമായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത്, കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധത്തിന് റാഷിദ് മായനാട്, വി.എം റഷാദ്, എന്‍.കെ.എം ഇര്ഫാന്, ടി.ടി അഫ്രിന് എന്നിവര്‍ നേതൃത്വം നല്കി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പൊലിസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."