2018ല്‍ സംസ്ഥാനത്തുനിന്ന് നാടുകടത്തിയത് 44 വിദേശികളെ
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്നു നാടുകടത്തിയത് 44 വിദേശികളെ. ഇതില്‍ 38 പേരും ബംഗ്ലാദേശ് സ്വദേശികളാണ്. അമേരിക്ക, നേപ്പാള്‍, സിംബാബ്‌വേ, എത്യോപ്യ, ഒമാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോരുത്തരെയും പൊലിസ് നാടുകടത്തിയിരുന്നു.
നാടുകടത്തപ്പെട്ടവരില്‍ കൂടുതല്‍പേരും കേരളത്തില്‍ അനധികൃതമായി തങ്ങിയവരാണ്. കൂടാതെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ വിദേശികളെയും നാടുകടത്തി. വ്യാജരേഖകളുമായി കേരളത്തില്‍ തങ്ങുകയായിരുന്ന ബംഗ്ലാദേശ് സ്വദേശികളെ രഹസ്യാന്വേഷണ വിഭാഗമാണു കണ്ടെത്തി മടക്കിയയച്ചത്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേരെ പിടികൂടിയത് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍നിന്നാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ ബോധഗയാ ബോംബ് സ്‌ഫോടനത്തില്‍ പങ്കാളികളായ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി അംഗങ്ങളായ മൂന്ന് ബംഗ്ലാദേശികളെ മലപ്പുറം ജില്ലയില്‍നിന്നു പിടികൂടിയതിനുശേഷമാണു രഹസ്യാന്വേഷണ വിഭാഗം പരിശോധന കര്‍ശനമാക്കിയത്. ഇനിയും കൂടുതല്‍ ബംഗ്ലാദേശികള്‍ അനധികൃതമായി പല സ്ഥലങ്ങളിലും തങ്ങുന്നതായി രഹസ്യാന്വേഷണ വിഭാഗം പൊലിസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."