കുടിശ്ശിക തീര്‍പ്പാക്കുന്നത് റിസര്‍വ് ബാങ്കിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ്, റബ്‌കോ എന്നീ സ്ഥാപനങ്ങള്‍ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ വരുത്തിയ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനു സര്‍ക്കാര്‍ പണം നല്‍കുന്നത് റിസര്‍വ് ബാങ്കിനു നല്‍കിയ ഉറപ്പുപാലിക്കാനാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഴിമതിയും കെടുകാര്യസ്ഥതയും കിട്ടാക്കടം പെരുകിയതും കാരണം നഷ്ടത്തിലേക്കു കൂപ്പുകുത്തിയ സ്ഥാപനങ്ങള്‍ക്കു ഖജനാവില്‍നിന്നു വന്‍ തുക നല്‍കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണു മന്ത്രിയുടെ വിശദീകരണം.
സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്ന വേളയില്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ള കുടിശ്ശിക ഒറ്റത്തണ തീര്‍പ്പാക്കുന്നതിലൂടെ നിര്‍ദിഷ്ട കേരള ബാങ്കിന്റെ മൂലധന പര്യാപ്തത ഉറപ്പാക്കുകയും നിഷ്‌ക്രിയ ആസ്തി കുറക്കുകയും സഞ്ചിത നഷ്ടം ഇല്ലാതാക്കുകയും ചെയ്യുമെന്നു സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനുനല്‍കിയ ഉറപ്പ് പാലിക്കുകയാണു ചെയ്യുന്നത്.
സഞ്ചിത നഷ്ടവും നിഷ്ടക്രിയ ആസ്തിയും ഉണ്ടെങ്കിലും ജില്ലാ ബാങ്കുകളുടെ ലയനം നടക്കാതെ വരികയും കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തിലാകുകയും ചെയ്യും. ഇക്കാരണം കൊണ്ടാണ് 306.47 കോടി രൂപ ഖജനാവില്‍നിന്ന് അനുവദിച്ച് റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ്, റബ്‌കോ എന്നീ സ്ഥാപനങ്ങളുടെ കടം ഒഴിവാക്കുന്നത്-മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഈ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന വായ്പയാണിതെന്നും വായ്പാ തിരിച്ചടവു സംബന്ധിച്ചു സര്‍ക്കാരും സ്ഥാപനങ്ങളും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സ്ഥാപനങ്ങളുടെ ആസ്തികള്‍ സെക്യൂരിറ്റിയായി പണയപ്പെടുത്തണമെന്നു തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങളില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."