സമരത്തിനൊരുങ്ങി സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍
തിരുവനന്തപുരം: സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാതായതോടെ സമരത്തിനൊരുങ്ങുകയാണു സ്‌കൂള്‍ ജീവനക്കാര്‍.
മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ എയ്ഡഡ് സ്‌കൂള്‍ പദവിയിലേക്ക് ഉയര്‍ത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനവും സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.കെ ശൈലജയുടെ പ്രഖ്യാപനവും ഏറെ പ്രതീക്ഷയോടെയാണു ജീവനക്കാര്‍ കണ്ടിരുന്നത്. സ്‌പെഷല്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്‍ഡ് ഇന്‍ എയ്ഡ് 40 കോടിയായി ഉയര്‍ത്തുമെന്ന ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനവും സര്‍ക്കാര്‍ ഇപ്പോള്‍ മറന്നമട്ടാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്‍പതില്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളാക്കിയതു മാത്രമാണ് ഈ മേഖലയില്‍ അടുത്തകാലത്തായി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണമെന്നു ജീവനക്കാര്‍ പറയുന്നു.
ഒരേ യോഗ്യതയുള്ള അധ്യാപകര്‍ക്ക് സ്‌പെഷല്‍ സ്‌കൂളുകളില്‍ ലഭിക്കുന്നത് 4,500-6,500 രൂപയാണ്. എന്നാല്‍ ബഡ്‌സ് സ്‌കൂളില്‍ 30,650 രൂപയും ഐ.ഡി.ഇയില്‍ 28,500 രൂപയും ലഭിക്കുന്നുണ്ട്. ആയമാര്‍ക്ക് ബഡ്‌സ് സ്‌കൂളില്‍ 17,325 രൂപ ലഭിക്കുമ്പോള്‍ സ്‌പെഷല്‍ സ്‌കൂളില്‍ ലഭിക്കുന്നത് 2,500 മുതല്‍ 3,500 വരെയാണ്. ഈ അസന്തുലിതാവസ്ഥയ്ക്കു സര്‍ക്കാര്‍ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്നും സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."