കോര്പറേഷന് ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായി ആരോപിച്ചു
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുകയായിരുന്ന തന്നെ കോര്പറേഷന് ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായും വാദിയെ പ്രതിയാക്കും വിധം കേസെടുത്തതായും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ജയരാജ് അടിയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വോട്ടെടുപ്പിന്റെ തലേന്ന് ഇടത് സ്ഥാനാര്‍ഥിയെ മോശമായി ചിത്രീകരിക്കുന്ന നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിച്ചായിരുന്നു ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയടക്കമുള്ളവരുടെ മര്‍ദനം. തന്റെ കൈയിലുണ്ടായിരുന്ന മകനെ തട്ടിവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരേയൊരു പൊലിസുകാരന് കാഴ്ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സാരമായി പരുക്കേറ്റതിനാല്‍ അഞ്ച് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കേസ് കൊടുത്തെങ്കിലും വര്‍ഗീസ് കണ്ടംകുളത്തി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടു.
ഇതിന് പുറമെ വാദിയായ തനിക്കെതിരേ കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന വര്‍ഗീസ് കണ്ടംകുളത്തി ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം ആരംഭിക്കും. ഇതിന് മുന്നോടിയായി ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 13ന് തൃശൂര്‍ കോര്പറേഷന് മുന്നില്‍ സൂചനാ പ്രതിഷേധ സമരം നടത്തുമെന്നും ജയരാജന് അറിയിച്ചു. കോണ്‍ഗ്രസ് കൂര്‍ക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോണ്സണ് കുറ്റൂക്കാരന്‍, ഫെഡറേഷന് സെക്രട്ടറി പി ഡി പോള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."