തലസ്ഥാനത്ത് കടലാക്രമണം രൂക്ഷം
തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന കാലവര്‍ഷത്തില്‍ തലസ്ഥാനത്ത് വ്യാപക നാശനഷ്ടം. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കാലവര്‍ഷത്തിനൊപ്പം കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. പൂന്തുറ, ബീമാപ്പള്ളി, തിരുവല്ലം, വലിയതുറ, പനത്തുറ എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. വലിയതുറ, ചെറിയതുറ ഭാഗത്തെ തീരവാസികള്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ദുരിതാശ്വാസ ക്യാംപുകളിലാണ്.
കാലവര്‍ഷത്തിന്റെ സൂചനകള്‍ തുടങ്ങിയപ്പോള്‍തന്നെ ഈ പ്രദേശങ്ങളില്‍ കടലാക്രമണവും ആരംഭിച്ചിരുന്നു. തുടര്‍ന്ന് വീടുകളില്‍ താമസിക്കാന്‍ കഴിയാത്തവരെയാണ് നേരത്തെതന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വി.എസ് ശിവകുമാര്‍ എം.എല്‍.എയും ഉദ്യോഗസ്ഥരും ഇവിടം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
കടലാക്രണമണത്തില്‍ തിരുവല്ലം പനത്തുറയില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു വീട് തകര്‍ന്നു. ബീമാപ്പള്ളി, ചെറിയതുറ ഭാഗങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കടല്‍ഭിത്തി നിര്‍മാണവും പുനരധിവാസവും ആവശ്യപ്പെട്ട് തീരവാസികള്‍ പ്രതിഷേധവുമായി പലസ്ഥലത്തും രംഗത്തെത്തിയിട്ടുണ്ട്. വേളിയില്‍ പൊഴിയുടെ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രി പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. വഞ്ചിയൂര്‍, മുട്ടത്തറ, കരിക്കകം, ചാക്ക, മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണു. മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലിന് സമീപത്തെ മരം കടപുഴകി വാഹനങ്ങള്‍ക്ക് മീതെ പതിച്ചെങ്കിലും വലിയ നാശനഷ്ടമോ ആളപായമോ ഉണ്ടായില്ല. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന് മരം കടപുഴകിവീണ് ശാസ്തവട്ടം സ്വദേശി സാംബശിവന് തലയ്ക്ക് സാരമായി പരുക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടവിട്ട് മഴ പെയ്തതോടെ കച്ചവടത്തെയും വ്യാപാരസ്ഥാപനങ്ങളെയും ബാധിച്ചു. റോഡ്, റെയില്‍ ഗതാഗതത്തെ മഴ സാരമായി ബാധിച്ചു. മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടും ചെളിയും കാല്‍യാത്രയും വാഹന ഗതാഗതവും ദുസ്സഹമാക്കി. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."