വോട്ട് ചെയ്യാന്‍ ഡല്‍ഹിക്ക് പറക്കും
യു.എച്ച് സിദ്ദീഖ് #
കോഴിക്കോട്: രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് വിവാദം സൃഷ്ടിച്ച കേരള ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ഒടുവില്‍ ഡല്‍ഹിയിലേക്ക് മാറ്റി. കേരള ഒളിംപിക് അസോസിയേഷന്റെ (കെ.ഒ.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ ഡല്‍ഹിക്ക് പറക്കും.
14 ന് ഡല്‍ഹിയിലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് വോട്ടേഴ്‌സ് പട്ടികയില്‍ ഇടം പിടിച്ചത് 87 പേരാണ്. ഇവര്‍ക്കെല്ലാം വോട്ട് ചെയ്യാനായി ഡല്‍ഹിയിലേക്ക് എത്താന്‍ ദേശീയ ഒളിംപിക് ഫെഡറേഷന്‍ വിമാന ടിക്കറ്റും താമസസൗകര്യവും ഭക്ഷണവും ഉള്‍പ്പെടെ സൗകര്യങ്ങള്‍ നല്‍കും. 13 ന് നെടുമ്പാശേരി, തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് വോട്ടര്‍മാര്‍ ഡല്‍ഹിയിലേക്ക് പറക്കുക.
ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നരീന്ദര്‍ ധ്രുവ് ബത്രയും സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത്തയും ഒപ്പിട്ട അറിയിപ്പ് എല്ലാ വോട്ടര്‍മാര്‍ക്കും ഇ-മെയില്‍ വഴി നല്‍കിയിട്ടുണ്ട്. റിട്ട. ജഡ്ജ് സുന്ദരം ഗോവിന്ദാണ് ഇലക്ഷന്‍ കമ്മിഷനര്‍. ഭരണ സംവിധാനം ഉപയോഗിച്ച് അസോസിയേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ സി.പി.എം നടത്തിയ നീക്കത്തെ തുടര്‍ന്ന് നവംമ്പര്‍ 20 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ഐ.ഒ.എ ഇടപെട്ട് റദ്ദാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഡല്‍ഹിയിലേക്ക് മാറ്റിയെങ്കിലും ഭരണം പിടിച്ചെടുക്കാന്‍ രണ്ടു പാനലുകളായി കടുത്ത മത്സരം ഉറപ്പാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 20 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും റസ്‌ലിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറലുമായ വി.എന്‍ പ്രസൂദാണ് ഒരു പാനലിലെ സെക്രട്ടറി സ്ഥാനാര്‍ഥി. സി.പി.എം പക്ഷത്തുനിന്ന് ദേശീയ അക്വാട്ടിക് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായ എസ്. രാജീവ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യവസായി മാത്യു മുത്തൂറ്റ് ഒരുപക്ഷത്തുനിന്ന് മത്സരിക്കുമ്പോള്‍ സി.പി.എം അനുകൂല പാനലിനെ നയിക്കുന്നത് വ്യവസായി സുനില്‍കുമാറാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം എം.ആര്‍ രഞ്ജിത് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
കെ.ഒ.എ ഭരണം പിടിച്ചെടുക്കാന്‍ ശക്തമായ നീക്കമാണ് ഇരുപക്ഷവും നടത്തുന്നത്. ആദ്യം തിരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചതോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്റെ നേതൃത്വത്തില്‍ കായിക അസോസിയേഷനുകളുടെ യോഗം വിളിച്ചുകൂട്ടി പാനല്‍ അവതരിപ്പിച്ചത് വിവാദമായതോടെയാണ് ഐ.ഒ.എ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍, രാഷ്ട്രീയതല ഇടപെടലുകള്‍ ഉണ്ടാകുന്നത് ഒളിംപിക് ചാര്‍ട്ടറിന് എതിരാണ്. ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കാനാണ് തിരഞ്ഞെടുപ്പ് ഡല്‍ഹിയിലേക്ക് മാറ്റിയത്. ഫെന്‍സിങ് അസോസിയേഷന്‍ ഒഴികെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 28 കായിക സംഘടനകള്‍ക്ക് കേരള ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്. അഡ്‌ഹോക് കമ്മിറ്റിയിലെ ചിലരുടെ ഇടപെടലുകളാണ് ഫെന്‍സിങ് അസോസിയേഷനെ ഒഴിവാക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."