മൈക്രോ ഫിനാന്‍സ് സാമ്പത്തിക ക്രമക്കേട്: സുഭാഷ് വാസുവിനോട് വിശദീകരണം തേടും
ചേര്‍ത്തല: സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനോടു വിശദീകരണം തേടാന്‍ ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. എസ്.എന്‍.ഡി.പി യോഗം മൈക്രോ ഫിനാന്‍സിന്റെയും എന്‍ജിനിയറിങ് കോളജിന്റെയും പേരിലുയര്‍ന്ന ക്രമക്കേട് ആരോപണത്തിലാണ് വിശദീകരണം തേടുന്നതെന്നാണ് വിവരം. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സുഭാഷ് വാസു യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
നിരവധി സാമ്പത്തിക തിരിമറികളാണ് നടത്തിയിരിക്കുന്നത്. എന്‍ജിനിയറിങ് കോളജിന്റെ പേരില്‍ 22 കോടിയാണ് തട്ടിയിരിക്കുന്നത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ല. സെന്‍കുമാറിനു വിഷയത്തിലെന്താണു കാര്യമെന്നു മനസ്സിലായിട്ടില്ല. എസ്.എന്‍.ഡി.പി യോഗത്തെയും പാര്‍ട്ടിയെയും സുഭാഷ് വാസു വഞ്ചിച്ചിരിക്കുകയാണ്. തനിക്കെതിരേ വിദേശത്തുണ്ടായ ചെക്കുകേസിനു പിന്നില്‍ പോലും ഇയാളുടെ കരങ്ങളുണ്ടോയെന്നു സംശയമുയര്‍ന്നിട്ടുണ്ട്. ക്രമക്കേടുകള്‍ പുറത്തുവന്നതോടെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ഇദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്. വിവരങ്ങള്‍ ബി.ജെ.പി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ബി.ജെ.പി ഇത്തരം നീക്കങ്ങളെ പിന്തുണക്കില്ലെന്നും തുഷാര്‍ പറഞ്ഞു.
കുട്ടനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്നും ആരായിരിക്കും സ്ഥാനാര്‍ഥിയെന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു, എ.ജി തങ്കപ്പന്‍, ഉണ്ണികൃഷ്ണന്‍ ചാലക്കുടി, വി. ഗോപകുമാര്‍, കെ. പത്മകുമാര്‍, സംഗീതാവിശ്വനാഥ്, രാജേഷ് തൊടുപുഴ, തഴവ സഹദേവന്‍, അനുരാഗ്, വി.ഡി ശ്യാംദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."