'ഒരു കുട്ടിക്ക് ഒരു പുസ്തകം'; കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ സഹ. വകുപ്പ് പദ്ധതി
തൊടുപുഴ: കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തില്‍ വായന വളര്‍ത്തുന്നതിനുമായി 'ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി'യുമായി സഹകരണ വകുപ്പ്. സഹകരണ ബാങ്കുകളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന പദ്ധതിവഴി ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഒരുകുട്ടിക്ക് 250 രൂപ മൂല്യമുള്ള കൂപ്പണ്‍ വഴി പുസ്തകം വിതരണം ചെയ്യാനാണ് പദ്ധതി. ഇതുസംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.കെ ജയശ്രീ ഡിസംബര്‍ 31 ന് പുറപ്പെടുവിച്ചു. പദ്ധതിയുടെ ഭാഗമായി കൃതി 2020 എന്ന പേരില്‍ അന്താരാഷ്ട്ര പുസ്തക മേളയും വിജ്ഞാനോത്സവവും ഫെബ്രുവരി ആറ് മുതല്‍ 16 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കും. ദേശീയ - അന്തര്‍ ദേശീയ തലത്തില്‍ അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്ധരും സാഹിത്യകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പുസ്തക പ്രസാധകരും 10 ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തക മേളയിലും വിജ്ഞാനോത്സവത്തിലും പങ്കെടുക്കും.
പുസ്തക വിതരണത്തിനായി ജില്ലാ അടിസ്ഥാനത്തില്‍ കൂപ്പണുകളുടെ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം 15 ലക്ഷം, കൊല്ലം 15 ലക്ഷം, പത്തനംതിട്ട 7.5 ലക്ഷം, ആലപ്പുഴ 6 ലക്ഷം, കോട്ടയം 11 ലക്ഷം, ഇടുക്കി 2.5 ലക്ഷം, എറണാകുളം 19 ലക്ഷം, തൃശൂര്‍ 15 ലക്ഷം, പാലക്കാട് 15 ലക്ഷം, മലപ്പുറം 15 ലക്ഷം, കോഴിക്കോട് 12 ലക്ഷം, വയനാട് 2.5 ലക്ഷം, കണ്ണൂര്‍ 12 ലക്ഷം, കാസര്‍കോട് 2.5 ലക്ഷം എന്നിങ്ങനെയാണ് ടാര്‍ജറ്റ്.
സംസ്ഥാനതലത്തില്‍ കേരള ബാങ്ക്, കേപ്പ്, മറ്റ് അപ്പെക്‌സ് സംഘങ്ങള്‍, ഫെഡറല്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിയില്‍ പങ്കാളികളാകണമെന്നാണ് നിര്‍ദേശം. ജില്ലാ തലത്തില്‍ പുസ്തക കൂപ്പണ്‍ സംബന്ധിച്ച ടാര്‍ജറ്റ് പ്രകാരം സഹ. സംഘങ്ങളെ തീരുമാനിച്ച് കുട്ടികളുടെ എണ്ണം നിശ്ചയിക്കണം. അര്‍ബന്‍, എംപ്ലോയിസ്, കാര്‍ഷിക വികസന ബാങ്കുകള്‍, മറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട സഹകരണ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകണം.
സുരക്ഷാ സംവിധാനങ്ങളോടെ അച്ചടിച്ച കൂപ്പണുകള്‍ ജനുവരി 15 നകം സഹ. സ്ഥാപനങ്ങളില്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശം. ഓരോ സഹ. ബാങ്കുകളും തങ്ങളുടെ പ്രദേശത്തുള്ള സ്‌കൂളുകളില്‍ നിന്നും അര്‍ഹരായ കുട്ടികളെ കണ്ടെത്തി കൂപ്പണുകള്‍ നല്‍കണം. പ്രവര്‍ത്തന ഏകോപനത്തിന്റെ ചുമതല കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്. താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍, ചെയര്‍മാനായും അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറായും കമ്മിറ്റി രൂപീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."