എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പെന്ഷന് വീണ്ടും മുടങ്ങി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്ഷന് വീണ്ടും മുടങ്ങി. നാലു മാസത്തെ പെന്‍ഷനാണ് ദുരിതബാധിതര്‍ക്കു കിട്ടാനുള്ളത്.
അഞ്ചു മാസം പെന്ഷന് മുടങ്ങിയപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബങ്ങളും സമരരംഗത്തിറങ്ങിയപ്പോഴാണ് ഓണത്തിന് നാല് മാസത്തെ പെന്ഷന് നല്‍കിയത്. സെപ്റ്റംബര്‍ മാസം നല്കിയ ഈ പെന്ഷന് ശേഷം പിന്നീട് ഇതുവരെ പെന്ഷന് കിട്ടിയിട്ടില്ല. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള പെന്‍ഷനാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. ഇതോടെ ജില്ലയിലെ ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബങ്ങളും വീണ്ടും ദുരിതത്തിലായി.
കാസര്‍കോട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ അന്വേഷിക്കുമ്പോള്‍ തിരുവനന്തപുരത്തെ സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഓഫിസുമായി ബന്ധപ്പെടാനാണ് അറിയിക്കുന്നത്. എന്നാല്‍ ഫണ്ടില്ലെന്നും ഇനിയും പെന്ഷന് വിതരണത്തിന് താമസം വരുമെന്നുമാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."