അഫ്ഗാനില്‍ താലിബാന് ആക്രമണം; 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ താലിബാന് ആക്രമണത്തില്‍ 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരുക്കേറ്റു. അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രദേശമായ സര് ഇ പുള്‍ പ്രവിശ്യയിലെ ചെക്ക് പോയിന്റിലാണ് ആക്രമണമുണ്ടായത്. സയ്യിദ് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയില്‍ മണിക്കൂറുകള്‍ നീണ്ട വെടിവയ്പുണ്ടായെന്ന് പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് നൂര്‍ റഹ്മാനി പറഞ്ഞു.
അഫ്ഗാന് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍, പ്രാദേശിക പൊലിസ് കമാന്‍ഡര്‍, സൈനിക കമ്പനി കമാന്‍ഡര്‍ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പ്രവിശ്യ കൗണ്‍സില്‍ അംഗം മുഹമ്മദ് ആസിഫ് സിദ്ധീഖി പറഞ്ഞു. പ്രദേശിക സമയം രാത്രി ഏഴിന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഏഴു മണിക്കൂറോളം തുടര്‍ന്നു. ചെക്ക് പോയിന്റിലേക്ക് തീവ്രവാദികള്‍ ഇരച്ചുകയറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പിന്നില്‍ തങ്ങളാണെന്ന് താലിബാന് വക്താവ് ഖാരിഇ് യൂസുഫ് അഹമ്മദ് അവകാശപ്പെട്ടു.
അഫ്ഗാന് സുരക്ഷാ സേനക്കെതിരേ താലിബാന് നേതൃത്വത്തിലുള്ള ആക്രമണം ഈയിടെ ശക്തമാക്കിയിരുന്നു. ഫര്യാബ്, നാന്ഗര്ഹാര് പ്രവിശ്യകളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ 12 അഫ്ഗാന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
സമാധാന ചര്‍ച്ചയ്ക്കായുള്ള അഫ്ഗാന് സര്‍ക്കാരിന്റെ ക്ഷണം താലിബാന് നേരത്തെ തള്ളിയിരുന്നു. എന്നാല്‍ യു.എസിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് താലിബാന് നേതൃത്വം പങ്കാളികളായിരുന്നു. യു.എസ് പ്രതിനിധി സാല്‍മെ ഖലീല്‍ സാദിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകളില്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ കരാറുകളില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."