വെള്ളാപ്പള്ളി സമുദായംഗംങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുള, ഗുരുതര ആരോപണങ്ങളുമായി സുഭാഷ് വാസു; അഴിമതികളുടേയും കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ പുറത്തുവിടുമെന്നും മുന്നറിയിപ്പ്
ആലപ്പുഴ: സമുദായഗംങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനെന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും എസ്.എന്‍.ഡി.പി മാവേലിക്കര യൂനിറ്റ് പ്രസിഡന്റായിരുന്ന സുഭാഷ് വാസു.
വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ അതീവഗുരതരമായ ആരോപണങ്ങളുമായാണ് സുഭാഷ് വാസു തുറന്ന പോരിന് രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16ന് തിരുവനന്തപുരത്ത് ടി.പി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പ്രഖ്യാപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ എന്‍.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ് മത്സരിക്കാതിരുന്നത് സി.പി.എമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്.
ബി.ഡി.ജെ.എസിന്റെ സ്ഥാപക പ്രസിഡന്റ് താനാണ്. രേഖകള്‍ പ്രകാരം ഇപ്പോഴും തനിക്കാണ് പാര്‍ട്ടിയുടെ ചുമതല. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ഡി.ജെ.എസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് വെള്ളാപ്പള്ളിയും തുഷാറും ചെയ്തത്.
എസ്.എന്‍.ഡി.പിയിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും ഫ്‌ളാറ്റുണ്ട്. ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്.
ദുബായില്‍ തുഷാറിന്റെ ബിസിനസിന്റെ കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയില്‍ 3.60 ലക്ഷം ദിര്‍ഹം തനിക്ക് നല്‍കാനുണ്ട്. ഈ പണം ഇതുവരേയും തനിക്ക് തുഷാര്‍ തന്നിട്ടില്ല എന്നു മാത്രമല്ല തുഷാറില്‍ നിന്നും തനിക്ക് വധഭീഷണിയുമുണ്ട്. ചെക്ക് കേസില്‍പ്പെട്ട് തുഷാറിന് ദുബായില്‍ കിടക്കേണ്ടി വന്നത് സ്വന്തക്കാര്‍ മൂലമാണ്. മറിയ എന്നൊരു സ്ത്രീയാണ് തുഷാറിന് ചെക്ക് നല്‍കിയത്. അവരെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.
ഈഴവ സമുദായത്തിനകത്ത് ഹിത പരിശോധന നടത്താന്‍ വെള്ളാപ്പള്ളി നടേശനെ താന്‍ വെല്ലുവിളിക്കുന്നു. ഒരു വെള്ളി രൂപയുടെ കാശിന് പോലും മാവേലിക്കര യൂണിയനില്‍ തട്ടിപ്പ് നടത്തിയിട്ടില്ല. നിയമാനുസൃതമായാണ് മാവേലിക്കര യൂണിയന്‍ പ്രവര്‍ത്തിച്ചത്. 2002ന് ശേഷം മാത്രം വെള്ളാപ്പള്ളിക്ക് 1000 കോടിയുടെ സ്വത്താണ് ഉണ്ടായത്. എവിടെ നിന്നാണ് വെള്ളാപ്പള്ളിക്ക് ഇത്രയും വരുമാനമെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."